ന്യൂഡൽഹി: ബാബരി മസ്ജിദിന് ഒന്നും സംഭവിക്കില്ലെന്ന് ബി.ജെ.പി നേതാക്കൾ നൽകിയ ഉറപ്പ് വിശ്വസിക്കരുതെന്ന് അന്നത്തെ പ്രധാനമന്ത്രി പി.വി. നരസിംഹ റാവുവിനോട് പറഞ്ഞിരുന്നുവെന്ന് എൻ.സി.പി അധ്യക്ഷൻ ശരദ് പവാർ. എന്നാൽ ഇക്കാര്യം ചെവികൊള്ളാൻ പ്രധാനമന്ത്രി തയാറായില്ല. ഇതിന് പിന്നാലെ ബാബരി മസ്ജിദ് തകർക്കപ്പെടുകയും ചെയ്തു -പവാർ പറഞ്ഞു. റാവു മന്ത്രിസഭയിൽ പ്രതിരോധ മന്ത്രിയായിരുന്നു ശരദ് പവാർ.
'സംഘർഷഭരിതമായ ആ സമയത്ത് എല്ലാ പാർട്ടികളിലേയും മുതിർന്ന നേതാക്കളുടെ യോഗം വിളിക്കാൻ ഞാനുൾപ്പെടെയുള്ള മന്ത്രിമാരുടെ ഒരു സംഘം പ്രധാനമന്ത്രിയായിരുന്ന നരസിംഹ റാവുവിനോട് അഭ്യർഥിച്ചു. ആ യോഗത്തിൽ പങ്കെടുത്ത ബി.ജെ.പി നേതാവ് വിജയരാജെ സിന്ധ്യ ഉറപ്പു നൽകിയത് ബാബരി മസ്ജിദിന് ഒന്നും സംഭവിക്കില്ലെന്നായിരുന്നു. എല്ലാ മുൻകരുതലും തങ്ങൾ കൈക്കൊണ്ടിട്ടുണ്ടെന്നും പ്രധാനമന്ത്രി കടുത്ത നടപടികളിലേക്ക് നീങ്ങരുതെന്നും അവർ പറഞ്ഞു' -ശരദ് പവാർ പറഞ്ഞു. ഇന്ത്യൻ എക്സ്പ്രസ് കോൺട്രിബ്യൂട്ടിങ് എഡിറ്റർ നീരജ ചൗധരിയുടെ പുസ്തക പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു പവാർ. 'How Prime Ministers Decide' എന്ന പേരിലുള്ള പുസ്തകം ആറ് പ്രധാനമന്ത്രിമാർ രാജ്യത്തെ സ്വാധീനിച്ച തീരുമാനങ്ങൾ കൈക്കൊണ്ടത് എങ്ങിനെ എന്നാണ് വിശദീകരിക്കുന്നത്.
'വിജയരാജ സിന്ധ്യയുടെ ഉറപ്പ് നരസിംഹ റാവു വിശ്വസിച്ചു. അന്ന് ഞാനും ആഭ്യന്തര മന്ത്രിയായിരുന്ന ശങ്കർറാവു ചവാൻ, ആഭ്യന്തര സെക്രട്ടറിയായിരുന്ന മാധവ് ഗോഡ്ബോൽ എന്നിവരും ചേർന്ന് പ്രധാനമന്ത്രിയെ കണ്ടു. ബാബരി വിഷയത്തിൽ ബി.ജെ.പി നേതാക്കളെ ആശ്രയിക്കരുതെന്നും എന്തും സംഭവിക്കാമെന്നും മുന്നറിയിപ്പ് നൽകി. എന്നാൽ, ബി.ജെ.പി നേതാക്കളുടെ വാക്കുകൾക്കാണ് നരസിംഹ റാവു പരിഗണന നൽകിയത്. പിന്നീടെന്തുണ്ടായെന്ന് നമുക്കെല്ലാവർക്കും അറിയാം' -ശരദ് പവാർ പറഞ്ഞു.
ബാബരി മസ്ജിദ് തകർക്കാൻ ബി.ജെ.പിയുമായി നരസിംഹ റാവു ഒത്തുകളിച്ചോയെന്ന ചോദ്യത്തിന്, അങ്ങനെ പറയാനുള്ള തെളിവുകളില്ലെന്നാണ് പുസ്തക രചയിതാവ് നീരജ ചൗധരി മറുപടി നൽകിയത്. മസ്ജിദ് തകർക്കപ്പെടുമെന്ന് അദ്ദേഹത്തിന് മുന്നറിയിപ്പുണ്ടായിരുന്നു. എന്നാൽ, ഇന്ത്യൻ രാഷ്ട്രീയത്തെ വേദനിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു വ്രണം ഇല്ലാതാകുമെന്നും അതോടെ ബി.ജെ.പിയുടെ നിയന്ത്രണത്തിൽ നിന്ന് കാര്യങ്ങൾ പുറത്തുകടക്കുമെന്നും റാവു കരുതിയിരിക്കാമെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.