രാജസ്ഥാനിലും ട്രെയിൻ അട്ടിമറി ശ്രമം; ട്രാക്കിൽ 70 കിലോ ഭാരമുള്ള സിമന്‍റ് കട്ട

റായ്പൂർ: രാജസ്ഥാനിലെ അജ്മീറിലും ട്രെയിൻ അട്ടിമറി ശ്രമം. 70 കിലോ വീതം ഭാരമുള്ള രണ്ട് സിമന്‍റ് കട്ടകൾ ട്രാക്കിൽ നിന്ന് കണ്ടെത്തി. ഗുഡ്‌സ് ട്രെയിൻ പാളം തെറ്റിക്കാനാണ് ശ്രമിച്ചത്. സിമന്‍റ് കട്ടകളിൽ തട്ടിയെങ്കിലും കേടുപാടുകൾ കൂടാതെ ട്രെയിൻ യാത്ര തുടർന്നു.

ഫുലേര-അഹമദാബാദ് പാതയിലെ ശാരദ്‌ന, ബംഗദ് സ്റ്റേഷനുകൾക്കിടയിൽ ഞായറാഴ്ച രാത്രി 10.30 ഓടെയാണ് സംഭവം. റെയിൽവേ ജീവനക്കാരുടെ പരാതിയെത്തുടർന്ന് റെയിൽവേ ആക്ട്, പൊതുമുതൽ നശിപ്പിക്കൽ എന്നിവ പ്രകാരം പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ട്രാക്കിൽ സിമന്‍റ് കട്ട ഇട്ടതായി ജീവനക്കാർക്ക് വിവരം ലഭിച്ചതിനെ തുടർന്ന് സ്ഥലത്ത് തിരച്ചിൽ നടത്തിയപ്പോൾ കട്ട തകർന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. അതേ ട്രാക്കിൽ തന്നെ കുറച്ചകലെ രണ്ടാമത്തെ കട്ടയും കണ്ടെത്തി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഇന്നലെ പ്രയാഗ്‌രാജിൽ നിന്ന് ഹരിയാനയിലെ ഭിവാനിയിലേക്കുള്ള കാളിന്ദി എക്‌സ്പ്രസ് ട്രെയിൻ കാൺപൂരിലെ റെയിൽവേ ട്രാക്കിൽ സ്ഥാപിച്ചിരുന്ന എൽ.പി.ജി സിലിണ്ടറിൽ ഇടിച്ചു. ട്രെയിനില്‍ തട്ടി സിലിണ്ടര്‍ പാളത്തില്‍ നിന്ന് തെറിച്ചുവീണതോടെയാണ് വലിയ അപകടം ഒഴിവായത്. ട്രാക്കിൽ പെട്രോളും തീപ്പെട്ടിയും ഉൾപ്പെടെ സംശയാസ്പദമായ മറ്റ് വസ്തുക്കളും കണ്ടെത്തി.

Tags:    
News Summary - Train derailment bid foiled in Rajasthan's Ajmer, cement blocks found on tracks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.