ബംഗളൂരു: കർണാടകയുടെ വിവിധ മേഖലകളിൽ കുടുങ്ങിയ മലയാളികളെ നാട്ടിലെത്തിക്കാൻ ട്രെയിൻ സർവിസ് പുനരാരംഭിക്കുന്നു. ബംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് പ്രതിദിന ട്രെയിൻ സർവിസ് നടത്താമെന്ന് റെയിൽവേ ഉറപ്പുനൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. വ്യാഴാഴ്ച മുതൽ സർവിസ് ആരംഭിക്കുമെന്നാണ് പ്രഖ്യാപനം.
നോൺ എ.സി ചെയർകാർ ട്രെയിനാണ് സർവിസ് നടത്തുക. ഇതിനായി നോർക്ക വെബ്സൈറ്റ് വഴി മുൻകൂർ ട്രെയിൻ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചിരുന്നു. ബംഗളൂരു - തിരുവനന്തപുരം ട്രെയിനിന് 1000 രൂപയും ന്യൂഡൽഹി- തിരുവനന്തപുരം െട്രയിനിന് 975 രൂപയുമാണ് ടിക്കറ്റ് നിരക്ക്. വ്യാഴാഴ്ച മുതൽ സർവിസ് നടത്തുമെന്നാണ് മുഖ്യമന്ത്രി വാർത്തസമ്മേളനത്തിൽ അറിയിച്ചതെങ്കിലും ട്രെയിൻ പുറപ്പെടുന്ന തീയതി, സ്റ്റേഷൻ, കേരളത്തിലെ സ്റ്റോപ്പുകൾ എന്നിവ സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ലെന്നാണ് വിവരം.
പാലക്കാട്, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിൽ സ്റ്റോപ് അനുവദിക്കാനാണ് സാധ്യത. കർണാടകയിൽ കോവിഡ് കേസ് വർധിക്കുന്ന സാഹചര്യത്തിൽ, പ്രതിദിന ട്രെയിനായി കേരളത്തിലേക്കും തിരിച്ചും സർവിസ് നടത്തുമോ എന്ന കാര്യത്തിലും സംശയമുണ്ട്. സ്പെഷൽ ട്രെയിനിൽ ടിക്കറ്റ് റിസർവ് ചെയ്യുംമുമ്പ് നോർക്ക റൂട്ട്സ് വഴിയോ കോവിഡ് ജാഗ്രത വെബ്സൈറ്റ് വഴിയോ (covid19jagratha.kerala.nic.in) രജിസ്ട്രേഷൻ നിർബന്ധമാണെന്ന് നോർക്ക അറിയിച്ചു.
ടിക്കറ്റ് ബുക്കിങ്ങിന് www.registernorkaroots.org എന്ന വെബ്സൈറ്റിൽ ‘അഡ്വാൻസ് ട്രെയിൻ ബുക്കിങ്’ എന്ന ഒാപ്ഷൻ തെരഞ്ഞെടുത്ത് ടിക്കറ്റ് പ്രീ -ബുക്കിങ്ങിന് പണം അടക്കാം. യാത്രക്കാരന് ടിക്കറ്റ് അനുവദിക്കുന്ന മുറക്ക് ട്രെയിൻ നമ്പർ, യാത്ര തീയതി, പുറപ്പെടുന്ന സമയം, പി.എൻ.ആർ നമ്പർ എന്നിവ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ എസ്.എം.എസ് ആയി ലഭിക്കും. അടിയന്തര സാഹചര്യങ്ങളാലോ മറ്റു സാേങ്കതിക പ്രശ്നങ്ങളാലോ ട്രെയിൻ റദ്ദാക്കുകയോ റെയിൽവേ ട്രെയിൻ സർവിസ് നടത്താതിരിക്കുകയോ ചെയ്യുന്ന പക്ഷം ടിക്കറ്റ് തുക യാത്രക്കാരെൻറ അക്കൗണ്ടിലേക്ക് തിരികെ നൽകും.
യാത്രക്കാരുടെ വിവരം ലഭിക്കാനും അതിനനുസരിച്ച് കേരളത്തിൽ ക്രമീകരണങ്ങൾ ഒരുക്കാനും വേണ്ടിയാണ് ശ്രമിക് ട്രെയിനുകൾക്കായി നോർക്ക വെബ്സൈറ്റ് വഴി പ്രീ ബുക്കിങ് ആരംഭിച്ചത്. ബുക്ക് ചെയ്യുേമ്പാൾ റെയിൽപാതയില്ലാത്ത വയനാട് അടക്കം കേരളത്തിലെ എല്ലാ ജില്ലകളും ഡെസ്റ്റിനേഷൻ ആയി കാണിക്കുന്നത് ആശയക്കുഴപ്പം സൃഷ്ടിക്കുന്നുണ്ട്. ശ്രമിക് , രാജധാനി സ്പെഷൽ ട്രെയിനുകൾക്ക് സംസ്ഥാനത്ത് മൂന്ന് സ്റ്റോപ്പുകളാണ് ഇതുവരെ അനുവദിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.