ന്യൂഡൽഹി: രാജിവെച്ച മദ്രാസ് ഹൈകോടതി ചീഫ് ജസ്റ്റിസ് വിജയ കെ. തഹിൽരമണിയുടെ സ്ഥലംമാറ്റ വിവാദത്തിൽ വിശദീക രണവുമായി സുപ്രീംകോടതി കൊളീജിയം. തഹിൽരമണിയെ മേഘാലയ ഹൈകോടതിയിലേക്ക് മാറ്റിയ തീരുമാനത്തിലാണ് വിശദീകരണം . സ്ഥലംമാറ്റത്തെ തുടർന്ന് ജസ്റ്റിസ് തഹിൽരമണി സ്ഥാനം രാജിവെച്ചിരുന്നു. സ്ഥലംമാറ്റം യുക്തമായ കാരണങ്ങളുടെ അടിസ്ഥാനത്തിലാണ്. ആവശ്യമെങ്കിൽ കാരണങ്ങൾ വെളിപ്പെടുത്തും. കൊളീജിയം ഒറ്റക്കെട്ടായി എടുത്ത തീരുമാനമാണ് ഇതെ ന്നും സുപ്രീംകോടതി പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കുന്നു.
രാജ്യത്തെ ഹൈകോടതികളിലെ ഏറ്റവും മുത ിർന്ന ജഡ്ജിമാരിൽ ഒരാളായ ജസ്റ്റിസ് തഹിൽ രമണിയെ ചെറിയ ഹൈകോടതിയായ മേഘാലയയിലേക്ക് മാറ്റിയത് ചർച്ചയായിരുന്നു. ജഡ്ജിമാരുടെ എണ്ണത്തിൽ രാജ്യത്തെ ഹൈകോടതികളിൽ നാലാംസ്ഥാനമാണ് മദ്രാസ് ഹൈകോടതിക്കുള്ളത്. ഒന്നര നൂറ്റാണ്ട് പിന്നിട്ട ഏറ്റവും പഴയ ഹൈകോടതികളിലൊന്നായ ഇവിടെ 75 ജഡ്ജിമാരെ വെര നിയമിക്കാം. നിലവിൽ 57 ജഡ്ജിമാരുണ്ട്. എന്നാൽ, ചീഫ് ജസ്റ്റിസടക്കം മൂന്ന് ജഡ്ജിമാർ മാത്രമാണ് മേഘാലയ ഹൈകോടതിയിലുള്ളത്.
ആഗസ്റ്റ് 28നാണ് മേഘാലയ ചീഫ് ജസ്റ്റിസ് എ.കെ. മിത്തലിനെ മദ്രാസ് ഹൈകോടതിയിലേക്കും ജസ്റ്റിസ് തഹിൽരമണിയെ മേഘാലയയിലേക്കും സ്ഥലംമാറ്റി കൊളീജിയം ഉത്തരവിട്ടത്. ഭരണപരമായ സൗകര്യം കണക്കിലെടുത്താണ് നടപടിയെന്നാണ് വിശദീകരണം. മേഘാലയയിലേക്ക് പോകുന്നതിന് തനിക്ക് പ്രയാസമുണ്ടെന്നും നടപടി പുനഃപരിശോധിക്കണമെന്നും ആവശ്യപ്പെട്ട് സെപ്റ്റംബർ രണ്ടിനാണ് ജസ്റ്റിസ് തഹിൽരമണി കൊളീജിയത്തിന് അപേക്ഷ നൽകിയത്. എന്നാൽ സെപ്റ്റംബർ മൂന്നിന് ചേർന്ന കൊളീജിയം അപേക്ഷ നിരാകരിച്ചു.
2001 ജൂൺ 26ന് 43ാം വയസ്സിലാണ് ജസ്റ്റിസ് തഹിൽരമണി ബോംബെ ഹൈകോടതി ജഡ്ജിയായി നിയമിതയായത്. പിന്നീട് രണ്ടുതവണ ആക്റ്റിങ് ചീഫ് ജസ്റ്റിസായി. 2018 ആഗസ്റ്റ് 12ന് മദ്രാസ് ഹൈകോടതി ചീഫ് ജസ്റ്റിസായി. 2020 ഒക്ടോബർ രണ്ടുവരെ സർവിസ് കാലാവധിയുണ്ട്. സുപ്രീംകോടതി ജഡ്ജി പദവിക്കും സാധ്യത നിലനിൽക്കേയാണ് രാജി. ഇവരുടെ രാജി അംഗീകരിക്കുന്നപക്ഷം രാജ്യത്തെ ഹൈകോടതി വനിത ചീഫ് ജസ്റ്റിസുമാരുടെ എണ്ണം ഒന്നായി കുറയും. ജമ്മു-കശ്മീർ ഹൈകോടതി ചീഫ് ജസ്റ്റിസ് ഗീത മിത്തൽ മാത്രമാകും അവശേഷിക്കുന്ന വനിത ചീഫ് ജസ്റ്റിസ്.
ജസ്റ്റിസ് തഹിൽരമണി മുംബൈ ഹൈകോടതി ചീഫ് ജസ്റ്റിസായിരിെക്കയാണ് ബിൽകീസ് ബാനു കൂട്ടബലാത്സംഗ കേസിലെയും ഗുജറാത്ത് കലാപത്തിനിടെ ബിൽകീസ് ബാനുവിെൻറ കുടുംബത്തെ കൊലപ്പെടുത്തിയ കേസിലെയും 11 കുറ്റവാളികളുടെ ജീവപര്യന്തം ശിക്ഷ സ്ഥിരീകരിച്ച് വിധിപ്രസ്താവിച്ചത്. ഈ കേസിലെ അഞ്ച് പൊലീസ് ഒാഫിസർമാരും രണ്ട് ഡോക്ടർമാരും ഉൾപ്പെട്ട പ്രതികളെ വെറുതെവിട്ട കീഴ്കോടതി നടപടി റദ്ദാക്കി ശിക്ഷവിധിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.