കൊൽക്കത്ത: ഐ.പി.എസ് ഉദ്യോഗസ്ഥരുടെ പേരിൽ കേന്ദ്രവും സംസ്ഥാന സർക്കാറും തമ്മിലുള്ള വാക്പോരിനിടെ നേതാക്കൾക്ക് നന്ദിപ്രകടനവുമായി മമത. ബംഗാളിലെ ജനങ്ങളോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചതിനും ഫെഡറലിസത്തോടുള്ള പ്രതിബദ്ധത ഊട്ടിയുറപ്പിച്ചതിനും നന്ദിയുണ്ടെന്ന് മമത ട്വീറ്റ് ചെയ്തു.
ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദയുടെ വാഹനവ്യൂഹത്തിനുനേരെ നടന്ന ആക്രമസംഭവവുമായി ബന്ധപ്പെട്ടാണ് കേന്ദ്രവും മമതവും തമ്മിലുള്ള പോര് മൂർധന്യാവസ്ഥയിലെത്തിയത്. സംഭവത്തെക്കുറിച്ച് വിശദീകരിക്കാൻ ഡൽഹിക്ക് വിളിപ്പിച്ച ചീഫ് സെക്രട്ടറി, ഡി.ജി.പി എന്നിവരെ കോവിഡ് കാരണം പറഞ്ഞ് മമത അയച്ചിരുന്നില്ല. സുരക്ഷാ വീഴ്ചയുമായി ബന്ധപ്പെട്ട് മൂന്ന് ഐ.പി.എസ് ഉദ്യോഗസ്ഥരെ കേന്ദ്രം തിരികെ വിളിച്ചെങ്കിലും അവരും പോയിരുന്നില്ല.
സംഭവത്തിൽ ഐക്യദാർഢ്യം പ്രകടിപ്പിച്ച ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗൽ, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ, രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്, എം. കെ സ്റ്റാലിൻ എന്നിവർക്കാണ് മമത നന്ദി പറഞ്ഞത്. 'പൊലീസ് ഉദ്യോഗസ്ഥരെ മാറ്റുന്നതിലൂടെ കേന്ദ്രം സംസ്ഥാന ഭരണകൂടത്തിന്‍റെ പ്രവർത്തനം തടസ്സപ്പെടുത്തുന്നു. ബംഗാളിലെ ജനങ്ങളോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിനും ഫെഡറലിസത്തോടുള്ള പ്രതിബദ്ധത ഊട്ടിയുറപ്പിക്കുന്നതിനും. നന്ദി! "അവർ ട്വീറ്റ് ചെയ്തു.
അടുത്ത വർഷം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ബംഗാൾ പിടിക്കാൻ ലക്ഷ്യമിടുന്ന ബി.ജെ.പിയാവട്ടെ നദ്ദയുടെ വാഹനവ്യൂഹത്തിനുനേരെ നടന്ന ആക്രമം രാഷ്ട്രീയ ആയുധമാക്കുകയായിരുന്നു. കഴിഞ്ഞ 10ന് സൗത്ത് 24 പർഗാനയിലെ ഡയമണ്ട് ഹാർബറിനടുത്തുള്ള സിറാക്കലിൽ വെച്ചായിരുന്നു നദ്ദയുടെ വാഹനവ്യൂഹത്തിനുനേരെ ആക്രമണമുണ്ടായത്. ആക്രമണത്തിൽ കാറിന്‍റെ ചില്ല് തകർന്നിരുന്നു.
രണ്ട് ദിവസത്തെ സന്ദർശനത്തിനായി ബംഗാളിലെത്തിയതായിരുന്നു നദ്ദ. ബുള്ളറ്റ്പ്രൂഫ് കാറിലായിരുന്ന കല്ലേറിൽ നദ്ദക്ക് പരിക്കേറ്റിരുന്നില്ല. ആക്രമണത്തിന് പിന്നിൽ തൃണമൂൽ കോൺഗ്രസാണെന്ന് ബി.ജെ.പി ആരോപിച്ചിരുന്നു.അതേസമയം, ആരോപണം തൃണമൂൽ കോൺഗ്രസ് നിഷേധിച്ചു. പാർട്ടിക്ക് പങ്കില്ലെന്നും ബി.ജെ.പിയുടെ ഗുണ്ടകളാണ് അക്രമണത്തിന് പിന്നിലെന്നും ടി.എം.സി നേതാവ് മദൻ മിത്ര പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.