ചെന്നൈ: തമിഴ്നാട്ടിൽ സർക്കാർ ബസ് ജീവനക്കാരുടെ പണിമുടക്ക് തുടങ്ങി. ശമ്പള പരിഷ്കരണം ഉൾപ്പടെ ആറിന ആവശ്യങ്ങൾ പൊങ്കലിന് മുൻപ് അംഗീകരിക്കില്ലെന്ന് സർക്കാർ വ്യക്തമാക്കിയതോടെയാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. സി.ഐ.ടി.യു, എ.ഐ.എഡി.എം.കെ യൂണിയൻ ആയ എ.ടി.പി തുടങ്ങിയവരാണ് പണിമുടക്കുന്നത്. അതേസമയം ഡി.എം.കെ അനുകൂല യൂണിയൻ ആയ എൽ.പി.എഫ്, എ.ഐ.ടി.യു.സി തുടങ്ങിയവർ പണിമുടക്കിൽ പങ്കെടുക്കുന്നില്ല. ജോലിക്ക് എത്തുന്നവരുടെ സുരക്ഷയ്ക്കായി 21,000 പൊലീസുകാരെ നിയോഗിച്ചിരിക്കയാണ് സർക്കാർ. ജനുവരി 15ന് പൊങ്കൽ പ്രമാണിച്ച് 19,000 ബസുകൾ സർവീസ് നടത്തുമെന്ന് ഗതാഗതമന്ത്രി എസ്.എസ്. ശിവശങ്കർ അറിയിച്ചു. ജനുവരി 16 മുതൽ 18 വരെ 17,589 പ്രത്യേക ബസുകൾ സർവീസ് നടത്തും. സമരം കേരളത്തിലേക്കുള്ളതടക്കം ദീർഘദൂര ബസ് സർവീസുകളെ പണിമുടക്ക് ബാധിക്കും.
പെൻഷൻകാർക്ക് എട്ട് വർഷമായി മുടങ്ങിക്കിടക്കുന്ന ക്ഷാമബത്ത അനുവദിക്കുക എന്നതാണ് സമര സംഘടനകളുടെ പ്രധാന ആവശ്യം. സർവീസിലുള്ളവർക്ക് പൊങ്കലിനുമുമ്പ് പെൻഡിങ് ഡിഎ അനുവദിക്കണം. 15-ാം വേതന പരിഷ്കരണ ഉടമ്പടി പ്രകാരം വർധിപ്പിച്ച വേതനം പരിഹരിക്കുന്നതിനുള്ള ചർച്ചകൾ ആരംഭിക്കുന്നതിനുള്ള തീയതി സർക്കാർ വ്യക്തമാക്കണം. പൊങ്കൽ ഉത്സവത്തിന് മുന്നോടിയായി ഈ മൂന്ന് ആവശ്യങ്ങൾ സർക്കാർ ഉടൻ നടപ്പാക്കണമെന്ന് യൂണിയനുകൾ ആവശ്യപ്പെട്ടു.
തൊഴിലാളി സംഘടനകളുടെ ഒരു ആവശ്യം പോലും നിറവേറ്റാൻ മുന്നിട്ടിറങ്ങാത്ത ഡി.എം.കെ ഭരണം മാനുഷിക പരിഗണനയില്ലാത്ത സർക്കാരാണെന്ന് തെളിയിച്ചിരിക്കയാണ് എ.ഐ.എഡി.എം.കെ അധ്യക്ഷനും പ്രതിപക്ഷ നേതാവുമായ എടപ്പാടി കെ. പളനിസ്വാമി ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.