ന്യൂഡൽഹി: മണിപ്പൂർ വംശീയ സംഘർഷവുമായി ബന്ധപ്പെട്ട് സി.ബി.ഐ അന്വേഷിക്കുന്ന 27 ലൈംഗികാതിക്രമ കേസുകളുടെ വിചാരണ സുപ്രീം കോടതി അസമിലേക്ക് മാറ്റി. വെള്ളിയാഴ്ചയാണ് ഇതു സംബന്ധിച്ച് സുപ്രീം കോടതി ഉത്തരവിറക്കിയത്. ഇരകൾക്കും സാക്ഷികൾക്കും മണിപ്പൂരിൽ നിന്നുതന്നെ വീഡിയോ കോൺഫറൻസ് വഴി തെളിവുകൾ നൽകാൻ കഴിയും. വിചാരണ സുഗമമാക്കുന്നതിന് ഇന്റർനെറ്റ് സൗകര്യവും മറ്റും ഉറപ്പാക്കാൻ മണിപ്പൂർ സർക്കാരിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടു.
കേസുകൾ കൈകാര്യം ചെയ്യാൻ ഗുവാഹത്തിയിൽ ജുഡീഷ്യൽ മജിസ്‌ട്രേറ്റുമാരെയും സെഷൻസ് ജഡ്ജിമാരെയും നിയോഗിക്കണമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ച് ഗുവാഹത്തി ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സുരക്ഷാ പ്രശ്‌നങ്ങൾ ഉള്ളതിനാൽ കേസുകളുടെ വിചാരണ അസമിലേക്ക് മാറ്റണമെന്ന് മണിപ്പൂർ സർക്കാരിന് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത നിർദ്ദേശിച്ചതിനെ തുടർന്നാണ് ഉത്തരവ്. കേസുകൾ അസമിലേക്ക് മാറ്റുന്നതിനെ മുതിർന്ന അഭിഭാഷകൻ കോളിൻ ഗോൺസാൽവസ് എതിർക്കുകയും പകരം മിസോറാമിനെ നിർദ്ദേശിക്കുകയും ചെയ്തു.
മണിപ്പൂരിലെ ഒന്നോ അതിലധികമോ ഭാഷകൾ അറിയുന്ന ജഡ്ജിമാരെ നാമനിർദ്ദേശം ചെയ്യാൻ ഗുവാഹത്തി ചീഫ് ജസ്റ്റിസിനോട് സുപ്രീം കോടതി നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.