ന്യൂഡൽഹി: ഉത്തർപ്രദേശിലെ ആദിവാസി കൂട്ടക്കുരുതിക്കും ബിഹാറിലെ ആൾക്കൂട്ട കൊലക്കുമെതിരെ പാർലമെൻറിനകത്തും പുറത്തും പ്രതിഷേധമുയർന്നു. പ്രതിപക്ഷത്തിെൻറ ഒന്നിച്ചുള്ള പ്രതിഷേധത്തിൽ നിരവധി തവണ സ്തംഭിച്ച രാജ്യസഭ നടത്തിക്കൊണ്ടുപോകാൻ നോക്കിയ ഉപാധ്യക്ഷനെതിരെ അംഗങ്ങൾ കടലാസ് ചീന്തിയെറിഞ്ഞു. ബഹളത്തിനിടയിൽ 1993ലെ മനുഷ്യാവകാശ നിയമത്തിലെ ഭേദഗതി ബിൽ പാസാക്കാനായി ഉപാധ്യക്ഷൻ ചർച്ചക്കെടുത്തതാണ് പ്രതിപക്ഷത്തെ പ്രകോപിപ്പിച്ചത്.
രാവിലെ ഇരുസഭകളും സമ്മേളിക്കുന്നതിന് മുമ്പു തന്നെ ഉത്തർപ്രദേശിൽ ആദിവാസി കർഷകരെ വെടിവെച്ചുകൊന്ന സംഭവത്തിനെതിരെ പാർലമെൻറിന് പുറത്ത് ഗാന്ധി പ്രതിമക്ക് സമീപം കോൺഗ്രസ് എം.പിമാർ ധർണ നടത്തി. രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദിെൻറയും ലോക്സഭയിലെ കക്ഷി നേതാവ് അധിർ രഞ്ജൻ ചൗധരിയുടെയും നേതൃത്വത്തിലായിരുന്നു കോൺഗ്രസ് എം.പിമാരുടെ പ്രതിഷേധം.
വിഷയം അജണ്ട മാറ്റിവെച്ച് അടിയന്തരമായി ചർച്ച ചെയ്യണമെന്ന് കോൺഗ്രസ്, സമാജ് വാദി പാർട്ടി, ബി.എസ്.പി അംഗങ്ങൾ ആവശ്യപ്പെട്ടു. ബിഹാറിൽ രണ്ടു ദലിതുകളെയും ഒരു മുസ്ലിമിനെയും ആൾക്കൂട്ടക്കൊല നടത്തിയത് അടിയന്തരമായി ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇടതുപാർട്ടികളും നോട്ടീസ് നൽകി. കർണാടകയിലെ വിഷയവും കോൺഗ്രസ് എം.പിമാർ ഉന്നയിച്ചിരുന്നു.
എന്നാൽ, അടിയന്തര പ്രമേയത്തിനുള്ള എല്ലാ നോട്ടീസുകളും തള്ളിയെന്ന് അധ്യക്ഷൻ വെങ്കയ്യ നായിഡു അറിയിച്ചതോടെ പ്രതിപക്ഷം ശുന്യവേള തടസ്സപ്പെടുത്തി നടുത്തളത്തിൽ മുദ്രാവാക്യവുമായി ഇറങ്ങി. 12 മണി വരെ നിർത്തിവെച്ച സഭ തുടർന്ന് ചോദ്യോത്തരവേളയിലേക്ക് കടന്നുവെങ്കിലും രണ്ടു മൂന്ന് ചോദ്യങ്ങൾക്കപ്പുറം പോകാനായില്ല. വീണ്ടും രണ്ടു മണി വരെ നിർത്തിെവക്കേണ്ടി വന്നു.
തുടർന്ന് രാജ്യസഭ സമ്മേളിച്ച ഉടൻ ബഹളം തുടർന്നെങ്കിലും മനുഷ്യാവകാശ നിയമ ഭേദഗതി ബിൽ ഉപാധ്യക്ഷൻ ഹരിവംശ് റായ് പാസാക്കാനായി ചർച്ചക്കെടുത്തു. സഭ ക്രമത്തിലല്ലാതെ നിയമ നിർമാണ ചർച്ചകൾ പറ്റില്ലെന്ന് ക്രമപ്രശ്നം ഉന്നയിച്ചെുവെങ്കിലും ഉപാധ്യക്ഷൻ അനുവദിച്ചില്ല. ഭേദഗതി നിർദേശിക്കാൻ രണ്ടു ദിവസം സമയം അനുവദിക്കാതെ ബിൽ കൊണ്ടുവന്നതിനെതിരെ കോൺഗ്രസ് നേതാവ് ആനന്ദ് ശർമ, തൃണമൂൽ നേതാക്കളായ സുകേന്ദു റോയ്, ഡെറിക് ഒബ്റേൻ എന്നിവർ ഉന്നയിച്ച ക്രമപ്രശ്നം ഉപാധ്യക്ഷൻ തള്ളി.
പ്രതിപക്ഷ അംഗങ്ങൾ ചെയറിനു നേരെ കടലാസുകളെറിഞ്ഞിട്ടും ഉപാധ്യക്ഷൻ നടപടികളുമായി മുന്നോട്ടുപോയി. കോൺഗ്രസും തൃണമൂലും ബി.എസ്.പിയും, എസ്.പിയും ആം ആദ്മി പാർട്ടിയും ഇടതുപാർട്ടികളും ഒരുമിച്ച് പ്രതിഷേധം കനപ്പിച്ചതോടെ മുന്നു മണി വരെ സഭ വീണ്ടും നിർത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.