ഹൈദരാബാദ്: ശമ്പളം മുൻകൂട്ടി വാങ്ങിയിട്ടും ജോലിക്കെത്താതായതിന് പിന്നാലെ തെലങ്കാനയിലെ നാഗർകുണൂലിൽ ആദിവാസി യുവതിയെ മരത്തിൽ കെട്ടിയിട്ട് ക്രൂര മർദനം. മുന്നംഗ സംഘം യുവതിയെ മരത്തിൽ കെട്ടിയിടുകയും സ്വകാര്യഭാഗങ്ങളിൽ പൊള്ളലേൽപ്പിക്കുകയുമായിരുന്നു. കണ്ണിൽ മുളകുപൊടി വിതറിയായിരുന്നു അതിക്രമം. ബുധനാഴ്ച രാത്രി നാട്ടുകാർ പൊലീസിനെ സമീപിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. ഒരാഴ്ചയോളമായി യുവതി അക്രമിക്കപ്പെടുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.
കെ. എടണ്ണയും ആക്രമിക്കപ്പെട്ട കെ. ഈശ്വരമ്മയും ആളുകളിൽ നിന്ന് മുൻകൂറായി പണം വാങ്ങി കൂലിപ്പണി ചെയ്ത് വരികയായിരുന്നു. ദമ്പതികൾ അടുത്തിടെ ബണ്ടി വെങ്കിടേഷ് എന്നയാളുടെ പക്കൽ നിന്നും മുൻകൂറായി പണം വാങ്ങിയിരുന്നു. എന്നാൽ ഭർത്താവുമായുണ്ടായ വഴക്കിന് പിന്നാലെ ഈശ്വരമ്മ കുറച്ചുദിവസം ജോലിക്കെത്തിയില്ല. ഇതിൽ പ്രകോപിതനായ വെങ്കിടേഷ് കൂട്ടാളികൾക്കൊപ്പമെത്തി മാതാപിതാക്കൾക്കൊപ്പമായിരുന്ന യുവതിയെ തിരിച്ചെത്തിച്ച് ബലമായി പിടിച്ചുവെക്കുകയായിരുന്നു. പിന്നാലെ യുവതിയെ വിവസ്ത്രയാക്കി മരത്തിൽ കെട്ടിയിടുകയും ക്രൂരമായി മർദിക്കുകയുമായിരുന്നു. യുവതിയുടെ കണ്ണിൽ മുളക് പൊടി വിതറിയ ശേഷം സ്വകാര്യഭാഗങ്ങളിൽ പൊള്ളലേൽപ്പിക്കുകയായിരുന്നു. നാട്ടുകാർ പരാതി നൽകിയതോടെ പൊലീസ് സ്ഥലത്തെത്തി ഈശ്വരമ്മയെ മോചിപ്പിച്ചു.
സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.
ഭർത്താവിന്റെ പരാതിയെ തുടർന്ന് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
അതേസമയം കൊല്ലാപൂർ എം.എൽ.എ കേസിന്റെ വിശദാശംങ്ങൾ തിരക്കിയിരുന്നു. അക്രമം അപലപനീയമാണെന്നും യുവതിയുടെ കുടുംബത്തിന് വേണ്ട പിന്തുണ ഉറപ്പാക്കുമെന്നും എം.എൽ.എ കൃഷ്ണ റാവു വ്യക്തമാക്കി. ഈശ്വരമ്മയ്ക്ക് രണ്ട് ലക്ഷം രൂപയുടെ ധനസഹായവും സംസ്ഥാന സർക്കാർ ഉറപ്പാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.