ന്യൂഡല്‍ഹി: മുത്തലാഖ്, ബഹുഭാര്യത്വം, മൊഴിചൊല്ലി വേര്‍പെടുത്തിയ വിവാഹബന്ധം പുന$സ്ഥാപിക്കാനുള്ള ഉപായമായി സംഘടിപ്പിക്കുന്ന താല്‍കാലിക ചടങ്ങ് വിവാഹം (നികാഹ് ഹലാല) എന്നിവക്കെതിരായ ഹരജിയില്‍ സുപ്രീംകോടതി കേന്ദ്ര സര്‍ക്കാറിന്‍െറ നിലപാട് അറിയാന്‍ നോട്ടീസയച്ചു. കൊല്‍ക്കത്തക്കാരിയായ ഇശ്റത് ജഹാന്‍ എന്ന യുവതിയുടെ ഹരജി പരിഗണിച്ച് ചീഫ് ജസ്റ്റിസ് ടി.എസ്. ഠാകുര്‍, ജസ്റ്റിസുമാരായ എ.എം. ഖാന്‍വില്‍കര്‍, ഡി.വൈ ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ചാണ് ന്യൂനപക്ഷ മന്ത്രാലയത്തിനും മറ്റു വകുപ്പുകള്‍ക്കും നോട്ടീസയച്ചത്. ദുബൈയിലുള്ള ഭര്‍ത്താവ് ഫോണ്‍വഴി മൂന്നുവട്ടം മൊഴിചൊല്ലിയതിനെ തുടര്‍ന്നാണ് ഇശ്റത് ജഹാന്‍ കോടതിയെ സമീപിച്ചതെന്ന് പറയുന്നു. അടുത്ത മാസം ആറിന് പരിഗണിക്കുന്ന സമാന കേസുകളോടൊപ്പം ഇതും പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി. ഭരണഘടന ഉറപ്പു നല്‍കുന്ന മൗലികാവകാശങ്ങളെ ഹനിക്കുന്നതാണ് മുസ്ലിം വ്യക്തി നിയമത്തിലെ വകുപ്പുകളെന്ന് ഹരജിയില്‍ ചൂണ്ടിക്കാണിക്കുന്നു. ഭര്‍ത്താവും കുടുംബവും തന്നെ വീട്ടില്‍നിന്ന് പുറത്താക്കാന്‍ ശ്രമിക്കുന്നതായും തന്‍െറ നാലു മക്കളെ തട്ടിയെടുത്തതായും യുവതി ആരോപിക്കുന്നു. തനിക്കും മക്കള്‍ക്കും സുരക്ഷ നല്‍കാന്‍ കോടതി അടിയന്തരമായി ഇടപെടണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടു.
ജൂണ്‍ 29ന് സമാനമായ ഹരജി പരിഗണിച്ച സുപ്രീം കോടതി മുത്തലാഖ് ഭരണഘടനാ ചട്ടക്കൂടില്‍നിന്നുകൊണ്ട് പരിശോധിക്കേണ്ടതുണ്ടെന്ന് അഭിപ്രായപ്പെട്ടിരുന്നു. വിഷയം പഠിക്കുന്നതിന് പ്രത്യേക സമിതിയെ നിയമിക്കണമെന്നും ചീഫ് ജസ്റ്റിസ് ഉത്തരവിട്ടിരുന്നു. എന്നാല്‍, അഖിലേന്ത്യാ മുസ്ലിം വ്യക്തിനിയമ ബോര്‍ഡടക്കമുള്ള മുസ്ലിം കൂട്ടായ്മകള്‍ നിയമത്തില്‍ ഭേദഗതി വരുത്തുന്നതിനെതിരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.