ന്യൂഡൽഹി: മുത്തലാഖ് ക്രിമിനൽ കുറ്റമാക്കുന്ന ‘മുസ്ലിം സ്ത്രീ വിവാഹാവകാശ സംരക്ഷണ ബിൽ-2017’ കേന്ദ്രമന്ത്രിസഭ യോഗം അംഗീകരിച്ചു. ബിൽ ശീതകാല പാർലമെൻറ് സമ്മേളനത്തിൽ അവതരിപ്പിച്ച് പാസാക്കലാണ് ലക്ഷ്യം. മൂന്നുവട്ടം ത്വലാഖ് ചൊല്ലി ഉടനടി വിവാഹമോചനം നടത്തുന്നത് ജാമ്യമില്ലാത്ത ക്രിമിനൽ കുറ്റമായി കണക്കാക്കും. കുറ്റം തെളിഞ്ഞാൽ ഭർത്താവിന് മൂന്നു വർഷം തടവ്. ഭാര്യക്കും പ്രായപൂർത്തിയാകാത്ത മക്കൾക്കും ജീവനാംശത്തിന് മജിസ്ട്രേറ്റിനെ സമീപിക്കാം. വാക്കാലോ രേഖാമൂലമോ ഇലക്ട്രോണിക് മാർഗത്തിലോ നടത്തുന്ന മുത്തലാഖ് നിയമവിരുദ്ധമായിരിക്കും. ജമ്മു-കശ്മീർ ഒഴികെയുള്ള സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കും നിർദിഷ്ട നിയമം ബാധകമായിരിക്കും.
കരട് ബിൽ അഭിപ്രായം തേടി സംസ്ഥാനങ്ങൾക്ക് അയച്ചിരുന്നു. എല്ലാ സംസ്ഥാനങ്ങളും അഭിപ്രായം അറിയിക്കുന്നതിന് കാത്തുനിൽക്കാതെയാണ് വേഗത്തിൽ നിയമനിർമാണത്തിന് ഒരുങ്ങുന്നത്. വിവിധ പാർട്ടികളിൽ നിന്നും മുസ്ലിം സമൂഹത്തിനിടയിൽനിന്നും ഉയരുന്ന വ്യത്യസ്താഭിപ്രായങ്ങൾ ബിൽ തയാറാക്കുന്ന ഘട്ടത്തിൽ പരിഗണിച്ചിട്ടില്ലെന്ന പരാതി ബാക്കിനിൽക്കേയാണിത്. അതുകൊണ്ട് പാർലമെൻറിൽ ഉടനടി പാസാക്കാനുള്ള നീക്കം എതിർപ്പിൽ കലാശിച്ചേക്കും.
മുത്തലാഖ് നിരോധന നിയമനിർമാണത്തിൽ ഇസ്ലാമിക പണ്ഡിതരുമായി കൂടിയാലോചിച്ചില്ലെന്ന് കൊൽക്കത്തയിൽ നടന്ന പശ്ചിമ ബംഗാൾ മുസ്ലിം വ്യക്തിനിയമ ബോർഡ് യോഗം കുറ്റപ്പെടുത്തിയത് കഴിഞ്ഞ ദിവസമാണ്. സമുദായത്തിെൻറ വ്യക്തി നിയമങ്ങളിൽ സർക്കാർ ഇടപെടുകയാണ് നിയമനിർമാണത്തിലൂടെ ചെയ്യുന്നതെന്നും ബോർഡ് ചൂണ്ടിക്കാട്ടി. സാമുദായികമായ പരിഷ്കരണം സമുദായത്തിനുള്ളിൽനിന്നുതന്നെ വരേണ്ടതാണ്, അടിച്ചേൽപിക്കാനുള്ളതല്ലെന്ന നിലപാട് തൃണമൂൽ കോൺഗ്രസ്, സമാജ്വാദി പാർട്ടി തുടങ്ങിയവ വ്യക്തമാക്കിയിട്ടുണ്ട്. ഇൗ സാഹചര്യത്തിൽ പാർലമെൻറിൽ അവതരിപ്പിക്കുന്ന ബിൽ ഉടനടി പാസാക്കാതെ പഠനത്തിന് സ്റ്റാൻഡിങ് കമ്മിറ്റിക്ക് വിടണമെന്ന ആവശ്യം വിവിധ പാർട്ടികൾ ഉയർത്തുമെന്നാണ് സൂചന.
ഒന്നിച്ച് മൂന്നുവട്ടം ത്വലാഖ് ചൊല്ലി വിവാഹബന്ധം വേർപെടുത്തുന്നത് ഭരണഘടന വിരുദ്ധമാണെന്ന് കഴിഞ്ഞ ആഗസ്റ്റിൽ സുപ്രീംകോടതി വിധിച്ചിരുന്നു. തുല്യതക്ക് സ്ത്രീക്കുള്ള അവകാശത്തിെൻറ നിഷേധം, സ്ത്രീ ഉപേക്ഷിക്കപ്പെട്ടവളായി മാറുന്ന ചുറ്റുപാട് എന്നിവ കോടതി ചൂണ്ടിക്കാട്ടി. ഇതിെൻറ ചുവടുപിടിച്ചാണ് സർക്കാർ നിയമനിർമാണത്തിന് ഒരുങ്ങുന്നത്. ബിൽ മന്ത്രിസഭ ധിറുതിപിടിച്ച് അംഗീകരിക്കുന്നതിനു മുമ്പ് കേന്ദ്രം മുസ്ലിം സംഘടനകളുമായി വിശദമായി ചർച്ച ചെയ്യേണ്ടിയിരുന്നുവെന്ന് അഖിലേന്ത്യ മുസ്ലിം പേഴ്സനൽ ലോ ബോർഡ് അഭിപ്രായപ്പെട്ടു. ജനാധിപത്യ രാജ്യത്ത് ജീവിക്കുന്ന തങ്ങൾക്ക് അഭിപ്രായം പ്രകടിപ്പിക്കാനുള്ള അവകാശം നിഷേധിക്കപ്പെടുകയായിരുന്നുവെന്ന് ബോർഡ് വക്താവ് മൗലാനാ സജ്ജാദ് നുഅ്മാനി വ്യക്തമാക്കി.
മുത്തലാഖ് ഇല്ലാതാക്കണമെന്നുതന്നെയാണ് മുസ്ലിംകളുടെയും ആവശ്യം. സർക്കാറിെൻറ ആവശ്യം മുത്തലാഖ് അവസാനിപ്പിക്കുകയാണെങ്കിൽ അതിന് ഇസ്ലാമിക രീതിയായിരുന്നു ഉചിതം –അദ്ദേഹം തുടർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.