അഗർത്തല: ത്രിപുര ബി.ജെ.പി എം.എൽ.എ ആശിഷ് ദാസ് തൃണമൂൽ കോൺഗ്രസിൽ ചേരും. നിലവിൽ കൊൽക്കത്തയിലാണ് അദ്ദേഹം.
തൃണമൂൽ കോൺഗ്രസിന്‍റെ മുതിർന്ന നേതാക്കളുമായി എം.എൽ.എ ചർച്ച നടത്തിയിരുന്നു. മഹാലയ ചടങ്ങിനിടെ ആശിഷ് ബി.ജെ.പി വിട്ട് തൃണമൂലിൽ ചേരും.
കൊൽക്കത്തയിലെ ഓഫിസിൽ തൃണമൂൽ നേതാവ് അഭിഷേക് ബാനർജിയുമായി ആശിഷ് കൂടിക്കാഴ്ച നടത്തിയിരുന്നു. ബി.ജെ.പിക്ക് വേണ്ടി പ്രവർത്തിച്ചതിന് താൻ കാലിഘട്ടിലെ ക്ഷേത്രത്തിലെത്തി പൂജ നടത്തുമെന്നും പിന്നീട് അടുത്ത നടപടികൾ സ്വീകരിക്കുമെന്നും ആശിഷ് പറഞ്ഞു.
നേരത്തേ ത്രിപുരയിലെ നിരവധി കോൺഗ്രസ് -ബി.ജെ.പി നേതാക്കളെ തൃണമൂൽ കോൺഗ്രസ് അടർത്തിയെടുത്തിരുന്നു. അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ ത്രിപുര പിടിക്കുകയാണ് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെയും പാർട്ടിയുടെയും ലക്ഷ്യം. അഭിഷേക് ബാനർജി മാസങ്ങളായി ത്രിപുരയിൽ ക്യാമ്പ് ചെയ്ത് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നുണ്ട്.
2023ലാണ് ത്രിപുര നിയമസഭ തെരഞ്ഞെടുപ്പ്. ബി.ജെ.പിയുടെ ബിപ്ലബ് ദേബ് സർക്കാറിൽനിന്ന് ഭരണം പിടിക്കാനായി അഭിഷേക് ബാനർജിക്കാണ് ചുമതല. ത്രിപുരയിൽ തൃണമൂൽ സാന്നിധ്യം അറിയിക്കുന്നതിന്‍റെ ഭാഗമായി രണ്ടുഘട്ടങ്ങളിലായി പദയാത്ര നടത്താൻ തീരുമാനിച്ചിരുന്നു. തൃണമൂലിന്‍റെ ബംഗാളിലെ തെരഞ്ഞെടുപ്പ് വിജയത്തോടെ കൈവരിച്ച ആത്മവിശ്വാസമാണ് മറ്റിടങ്ങളിലേക്കും ചുവടുറപ്പിക്കാനുള്ള തൃണമൂലിന്‍റെ നീക്കത്തിന് പിന്നിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.