അഗർത്തല: 'പെർഫെറ്റോക്കെ' ഫെയിം നമ്മുടെ കോഴിക്കോടുകാരൻ നൈസൽ പറഞ്ഞത് പോലെ 'ഉച്ചക്ക് ആംപ്ലേറ്റ്, ചോറ്, ഉപ്പേരി, അപ്പേരി' ഒക്കെ കിട്ടുന്ന ഒരു സ്ഥലമുണ്ട്. ത്രിപുര അഗർത്തലയിലെ ബട്ടാല മാർക്കറ്റിന് സമീപമാണ് സംഭവം. മറ്റ് ഹോട്ടലുകളിൽനിന്നും ഊട്ടുപുരകളിൽ നിന്നും ഇതിനെ വ്യത്യസ്തമാക്കുന്നത് ഇവിടത്തെ ഊൺ വിലയാണ്. വെറും ഒരു രൂപയാണ് ഇവർ വയറുനിറയെ കഴിക്കാനുള്ള ചോറിനും കറിക്കും ഈടാക്കുന്നത്.
ത്രിപുര ഇ-റിക്ഷാ ശ്രമിക് സമിതിയുടെ (ഒാട്ടോ തൊഴിലാളി യൂനിയൻ) നേതൃത്വത്തിലാണ് ഊൺവിതരണം. കോവിഡ് വ്യാപനത്തിനും ലോക്ഡൗണിനും ഇടയിൽ നട്ടംതിരിയുന്ന പാവപ്പെട്ട കൂലിവേലക്കാർക്ക് ആശ്വാസം പകരാൻ ഉദ്ദേശിച്ചാണ് ഈ സംരംഭം. പ്രതിദിനം 200 ലധികം പേർക്കാണ് ഭക്ഷണം നൽകുന്നത്.
ചോറിനൊപ്പം ആഴ്ചയിൽ ഒരിക്കൽ മുട്ട, മത്സ്യം, മാംസം എന്നിവയും നാല് ദിവസവും അരി, പയർ, പച്ചക്കറി എന്നിവയും നൽകും. ദിവസവും രാവിലെ 10 മുതൽ ഉച്ച12 വരെ വിതരണം ചെയ്യുന്ന ചോറുവാങ്ങാൻ നിരവധിപേരാണ് വരിനിൽക്കുന്നത്. കോവിഡ് മൂലം കഷ്ടപ്പെടുന്ന പാവപ്പെട്ടവർക്ക് കുറച്ച് ആശ്വാസം നൽകാനാണ് ഊൺ വിതരണത്തിന് മുൻകൈയെടുത്തതെന്ന് ഇ-റിക്ഷ യൂനിയൻ പ്രസിഡന്‍റും സാമൂഹിക പ്രവർത്തകനുമായ ബിപ്ലബ് കർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. പകർച്ചവ്യാധിയുടെ ഭീഷണി അവസാനിക്കുന്നത് വരെ ഭക്ഷണം വിളമ്പുന്നത് തുടരും. പ്രദേശത്തെ വ്യാപാരികളുടെയും സാമൂഹിക സംഘടനകളുടെയും സഹായത്തോടെയാണ് ഈ സംരംഭം വിജയിക്കുന്നത് -അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.