ന്യൂഡൽഹി: ദൂരദർശനിലൂടെ വീണ്ടും പുനഃസംപ്രേഷണം ചെയ്തു തുടങ്ങിയ രാമായണം വീട്ടിലിരുന്ന് കാണുന്ന തന്റെ ചിത്രം ട്വിറ്ററിൽ പങ്കുവെച്ച കേന്ദ്ര വാര്‍ത്ത വിതരണ മന്ത്രി പ്രകാശ് ജാവദേക്കറിന് വിമർശനം. ‘ഞാൻ രാമായണം കാണുകയാണ്,നിങ്ങളോ?' എന്ന ചോദ്യം കുറിച്ചുകൊണ്ടായിരുന്നു അദ്ദേഹം ചിത്രം പങ്കുവെച്ചത്. ശനിയാഴ്ച രാവിലെ 9.41 നാണ് മന്ത്രി സ്വന്തം ചിത്രം ട്വീറ്റ് ചെയ്തത്.
എന്നാൽ, പോസ്റ്റ് ഇട്ടതോടെ രാഹുൽ ഗാന്ധി ഉൾപ്പെടെ നിരവധി പേർ വിമർശനവുമായി റീട്വീറ്റ് ചെയ്തു. വിമർശനങ്ങളും ട്രോളുകളും നിറഞ്ഞതോടെ ഏതാനും സമയത്തിനുള്ളിൽ മന്ത്രി തൻെറ പോസ്റ്റ് ട്വിറ്ററിൽ നിന്നും പിൻവലിച്ചു.
ലോകമൊട്ടാകെ പടർന്നു പിടിച്ച കൊറോണയെ രാജ്യം നേരിട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പരമ്പരയും കണ്ടിരിക്കാൻ മന്ത്രിക്ക് മാത്രമേ കഴിയൂയെന്ന് തുടങ്ങിയ കമൻറുകൾ ട്വീറ്റിന് ചുവടെ വന്നു. ലോക്ക്ഡൗണിനെ തുടർന്ന് സ്വന്തം ഗ്രാമങ്ങളിലേക്ക് പോകാൻ കഴിയാതെ പലയിടത്തും കുടുങ്ങിയ കുടിയേറ്റ തൊഴിലാളികളുടെ ചിത്രങ്ങളും ആളുകൾ കമൻറായി ഇട്ടു. പരമ്പര കാണുന്നതിന് പകരം തൊഴിലാളികളുടെ ദുരിതം കാണണമെന്നും വിമർശനമുയർന്നു.
മന്ത്രിമാരിരുന്ന് രാമയാണം കണ്ടുകൊണ്ടാണോ നിങ്ങൾ കൊറോണയെ പ്രതിരോധിക്കാൻ പോവുന്നത് എന്നായിരുന്നു സോഷ്യൽ മീഡിയയിൽ ഉയർന്ന മറ്റൊരു ചോദ്യം. നിങ്ങൾ രാമായണം കണ്ടിരിക്കുമ്പോൾ രാജ്യത്ത് പട്ടിണിമരണം നടക്കുന്നുവെന്നും വിമർശനമുയർന്നു.
Home has become office ! Connecting and coordinating with Officers of my Ministries for facilitation during the lockdown!#StayHomeStaySafe#IndiaFightsCorona #WashYourHands pic.twitter.com/NHM4bInUr5
— Prakash Javadekar (@PrakashJavdekar) March 28, 2020
റോമാ സാമ്രാജ്യം കത്തി എരിഞ്ഞപ്പോൾ വീണ വായിച്ച നീറോ ചക്രവർത്തിയെ പോലെയാണ് മന്ത്രി പ്രകാശ് ജാവദേക്കറുടെ പോസ്റ്റെന്നും നെറ്റിസൻസ് വിമർശിച്ചു. ഇതോടെ മന്ത്രി ട്വീറ്റ് ഡിലീറ്റ് ചെയ്തു. പിന്നീട് താൻ വീട് ഓഫിസാക്കിയെന്നും മന്ത്രാലയത്തിലെ എല്ലാകാര്യങ്ങളും ഏകോപിപ്പിക്കുന്നുണ്ടെന്നും ജാവദേകർ ട്വീറ്റ് ചെയ്തു. രാമായണം കാണുമ്പോൾ ഇട്ടിരുന്ന അതേ വസ്ത്രത്തോടെ വീട്ടിലിരുന്ന് ജോലി ചെയ്യുന്ന ചിത്രവും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്. മന്ത്രി രാമായണം കണ്ട് കഴിഞ്ഞ് ജോലിക്കിരുന്നുവെന്നാണ് ഒരാൾ ഇതിന് കമൻറ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.