ടി.ആർ.പി അഴിമതി: ബാർക്​ മുൻ മേധാവി അറസ്​റ്റിൽ

മുംബൈ: ടിആർപി അഴിമതിക്കേസിൽ ടിവി റേറ്റിങ്​ ഏജൻസിയായ ബാർകി​െൻറ മുൻ മേധാവി അറസ്​റ്റിൽ. മുംബൈ ക്രൈംബ്രാഞ്ച്​ സംഘമാണ് ബ്രോഡ്​കാസ്​റ്റ്​ ഓഡിയൻസ് റിസർച്ച് കൗൺസിൽ (ബാർക്​) മുൻ സിഇഒ റോമിൽ റാംഗരിയയെ പിടികൂടിയത്. കേസിലെ പതിനാലാമത്തെ അറസ്​റ്റാണിത്. അന്വേഷണത്തിനിടെ റാംഗരിയക്ക്​ കേസിൽ പങ്കുണ്ടെന്ന് ആരോപണം ഉയർന്നിരുന്നു. തെളിവുകൾ ലഭിച്ചതിനെതുടർന്ന്​ ഇദ്ദേഹത്തെ വ്യാഴാഴ്​ച അറസ്റ്റുചെയ്​തതായി പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. പ്രതിയെ പ്രാദേശിക കോടതിയിൽ ഹാജരാക്കുമെന്നും പോലീസ് അറിയിച്ചു.


അഴിമതിയുമായി ബന്ധപ്പെട്ട് ഞായറാഴ്​ച റിപ്പബ്ലിക് മീഡിയ നെറ്റ്‌വർക്​​ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ വികാസ് ഖഞ്ചന്ദാനിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇദ്ദേഹത്തിന്​ ബുധനാഴ്​ച കോടതി ജാമ്യം അനുവദിച്ചു. ചില ചാനലുകൾ ടിആർപിയിൽ തട്ടിപ്പ്​ നടത്തിയതായി കാണിച്ച്​ ഹൻസ റിസർച്ച് വഴി റേറ്റിങ്​ ഏജൻസിയായ ബാർക്​ പരാതി നൽകിയതിനെ തുടർന്നാണ് പോലീസ് നടപടി ആരംഭിച്ചത്. തിരഞ്ഞെടു​ത്ത വീടുകളിൽ പ്രത്യേക ഉപകരണംവഴി വ്യൂവർഷിപ്പ് ഡാറ്റ റെക്കോർഡ്​ ചെയ്യുന്നതാണ്​ ബാർക്​ ചെയ്യുന്നത്​. പരസ്യദാതാക്കളെ ആകർഷിക്കുന്നതിൽ നിർണായകമാണ് ബാർക്​ നൽകുന്ന ടിആർപി റേറ്റിങ്​.


സാമ്പിൾ വീടുകളിൽ ടിവി വ്യൂവർഷിപ്പ് ഡാറ്റ റെക്കോർഡുചെയ്യുന്ന ബാരോമീറ്ററുകൾ ഇൻസ്റ്റാളുചെയ്യാനും പരിപാലിക്കാനും ബാർക്ക് ഹൻസയെ ആണ്​ ഏർപ്പെടുത്തിയിരുന്നത്​. ഈ കുടുംബങ്ങളിൽ ചിലർക്ക്​ ടിആർപി വർധിപ്പിക്കുന്നതിന് ചില ചാനലുകൾ കൈക്കൂലി കൊടുക്കുന്നുവെന്നാണ് ആരോപണം. ബോക്​സ്​ സിനിമ, ഫക്​ത്​ മറാത്തി, മഹാ മൂവി, റിപ്പബ്ലിക് ടിവി എന്നിവ കുടുതൽ സമയം വയ്​ക്കുന്നതിന്​ ജീവനക്കാർക്ക് ഹൻസയിലെ ഒരു ഉദ്യോഗസ്ഥൻ പണം നൽകിയെന്ന് അടുത്തിടെ സമർപ്പിച്ച കുറ്റപത്രത്തിൽ പോലീസ് ആരോപിക്കുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.