ടി.ആർ.പി അഴിമതി: ബാർക് മുൻ മേധാവി അറസ്റ്റിൽ
text_fieldsമുംബൈ: ടിആർപി അഴിമതിക്കേസിൽ ടിവി റേറ്റിങ് ഏജൻസിയായ ബാർകിെൻറ മുൻ മേധാവി അറസ്റ്റിൽ. മുംബൈ ക്രൈംബ്രാഞ്ച് സംഘമാണ് ബ്രോഡ്കാസ്റ്റ് ഓഡിയൻസ് റിസർച്ച് കൗൺസിൽ (ബാർക്) മുൻ സിഇഒ റോമിൽ റാംഗരിയയെ പിടികൂടിയത്. കേസിലെ പതിനാലാമത്തെ അറസ്റ്റാണിത്. അന്വേഷണത്തിനിടെ റാംഗരിയക്ക് കേസിൽ പങ്കുണ്ടെന്ന് ആരോപണം ഉയർന്നിരുന്നു. തെളിവുകൾ ലഭിച്ചതിനെതുടർന്ന് ഇദ്ദേഹത്തെ വ്യാഴാഴ്ച അറസ്റ്റുചെയ്തതായി പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. പ്രതിയെ പ്രാദേശിക കോടതിയിൽ ഹാജരാക്കുമെന്നും പോലീസ് അറിയിച്ചു.
അഴിമതിയുമായി ബന്ധപ്പെട്ട് ഞായറാഴ്ച റിപ്പബ്ലിക് മീഡിയ നെറ്റ്‌വർക് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ വികാസ് ഖഞ്ചന്ദാനിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇദ്ദേഹത്തിന് ബുധനാഴ്ച കോടതി ജാമ്യം അനുവദിച്ചു. ചില ചാനലുകൾ ടിആർപിയിൽ തട്ടിപ്പ് നടത്തിയതായി കാണിച്ച് ഹൻസ റിസർച്ച് വഴി റേറ്റിങ് ഏജൻസിയായ ബാർക് പരാതി നൽകിയതിനെ തുടർന്നാണ് പോലീസ് നടപടി ആരംഭിച്ചത്. തിരഞ്ഞെടുത്ത വീടുകളിൽ പ്രത്യേക ഉപകരണംവഴി വ്യൂവർഷിപ്പ് ഡാറ്റ റെക്കോർഡ് ചെയ്യുന്നതാണ് ബാർക് ചെയ്യുന്നത്. പരസ്യദാതാക്കളെ ആകർഷിക്കുന്നതിൽ നിർണായകമാണ് ബാർക് നൽകുന്ന ടിആർപി റേറ്റിങ്.
സാമ്പിൾ വീടുകളിൽ ടിവി വ്യൂവർഷിപ്പ് ഡാറ്റ റെക്കോർഡുചെയ്യുന്ന ബാരോമീറ്ററുകൾ ഇൻസ്റ്റാളുചെയ്യാനും പരിപാലിക്കാനും ബാർക്ക് ഹൻസയെ ആണ് ഏർപ്പെടുത്തിയിരുന്നത്. ഈ കുടുംബങ്ങളിൽ ചിലർക്ക് ടിആർപി വർധിപ്പിക്കുന്നതിന് ചില ചാനലുകൾ കൈക്കൂലി കൊടുക്കുന്നുവെന്നാണ് ആരോപണം. ബോക്സ് സിനിമ, ഫക്ത് മറാത്തി, മഹാ മൂവി, റിപ്പബ്ലിക് ടിവി എന്നിവ കുടുതൽ സമയം വയ്ക്കുന്നതിന് ജീവനക്കാർക്ക് ഹൻസയിലെ ഒരു ഉദ്യോഗസ്ഥൻ പണം നൽകിയെന്ന് അടുത്തിടെ സമർപ്പിച്ച കുറ്റപത്രത്തിൽ പോലീസ് ആരോപിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.