മുംബൈ: പുണെ-ബെംഗളൂരു ഹൈവേയിൽ ഞായറാഴ്ച മൾട്ടി ആക്‌സിൽ കണ്ടെയ്‌നറിൽ ട്രക്ക് ഇടിച്ച് അപകടം. ആറ് എംജി ഹെക്ടർ എസ്‌യുവികൾ കയറ്റിക്കൊണ്ടുപോകുന്ന കണ്ടെയ്‌നറിൽ തുണികൊണ്ടുള്ള റോളുകളുമായെത്തിയ ട്രക്കാണ് ഇടിച്ചത്. അപകടത്തിൽ രണ്ട് വാഹനങ്ങൾക്കും തീപിടിക്കുകയും കണ്ടെയ്നറിലെ എസ്.യു.വികളും ട്രക്കിലെ തുണിയും പൂർണ്ണമായും കത്തിനശിക്കുകയും ചെയ്തു.
മഹാരാഷ്ട്രയിലെ സതാര ജില്ലയിലുള്ള ഖംബത്കി ഘട്ടിലെ ദത്ത മന്ദിറിന് സമീപം ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടമുണ്ടായത്. അപകടത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. സംഭവത്തെത്തുടർന്ന് ഖംബത്കി ഘട്ട് സെക്ഷനിൽ ഗതാഗതക്കുരുക്കുണ്ടായി. പിന്നാലെ, ഹൈവേയിലെ എതിർ ഇടനാഴിയിലേക്ക് പൊലീസ് ഗതാഗതം തിരിച്ചുവിടുകയായിരുന്നു.
തുണിയുടെ റോളുകൾ കയറ്റി വന്ന ട്രക്കിന് ബ്രേക്ക് തകരാർ സംഭവിച്ചതാണ് അപകടകാരണമെന്ന് അധികൃതർ പറഞ്ഞു. ദത്ത മന്ദിറിന് സമീപം, ട്രക്കിന്റെ റിവേഴ്‌സ് മൂവ്‌മെന്റ് ഡ്രൈവർക്ക് നിയന്ത്രിക്കാനാകാതെ വരികയും, ആറ് എംജി ഹെക്ടർ എസ്‌യുവികൾ വഹിച്ചുവന്ന മൾട്ടി ആക്‌സിൽ കണ്ടെയ്‌നറിൽ ഇടിക്കുകയായിരുന്നു.
തീപിടിത്തത്തെ കുറിച്ച് വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് അഗ്നിശമന വിഭാഗത്തെ വിളിച്ചെങ്കിലും ഘാട്ട് സെക്ഷനിലെ വൻ ഗതാഗതക്കുരുക്ക് മറികടന്ന് ഫയർഫോഴ്‌സ് സ്ഥലത്തെത്തിയപ്പോഴേക്കും ഇരു വാഹനങ്ങൾക്കും സാരമായ കേടുപാടുകൾ സംഭവിച്ചിരുന്നു.
ഇരു വാഹനങ്ങളിലെയും ഡ്രൈവർമാരും ക്ലീനർമാരും കൃത്യസമയത്ത് ചാടി രക്ഷപ്പെട്ടതിനാൽ ആളപായമൊഴിവായി. ആളുകൾ വാഹനങ്ങൾക്ക് അടുത്തേക്ക് വരാതിരിക്കാൻ പൊലീസ് അവയ്ക്ക് ചുറ്റും ഉപരോധിച്ചിരുന്നു. അഗ്നിശമന സേനാംഗങ്ങൾ 20 മിനിറ്റിനുള്ളിൽ തീ നിയന്ത്രണ വിധേയമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.