‘തെരഞ്ഞെടുപ്പിനുമുമ്പ് 100 ദിന അജണ്ട കൊട്ടിഘോഷിച്ചു, 95 ദിവസത്തിനുശേഷം ചാഞ്ചാടുന്ന സർക്കാർ’

ന്യൂഡൽഹി: തെരഞ്ഞെടുപ്പിനുമുമ്പ് 100 ദിന അജണ്ട ഉറക്കെ വിളിച്ചറി​യിച്ചെന്നും എന്നാൽ അതുകഴിഞ്ഞ് 95 ദിവസങ്ങൾക്കുള്ളിൽ നിഷ്‌ക്രിയത്വത്തി​ന്‍റെ ഭീകരമായ അനന്തരഫലങ്ങൾ രാജ്യം അനുഭവിക്കുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. 95 ദിവസം പൂർത്തിയാകുമ്പോൾ മോദിയുടെ സഖ്യസർക്കാർ ചാഞ്ചാടുകയാണെന്നും ഖാർഗെ പറഞ്ഞു.

‘നരേന്ദ്ര മോദി ജി, തെരഞ്ഞെടുപ്പിന് മുമ്പുതന്നെ നിങ്ങൾ 100 ദിവസത്തെ അജണ്ട ഉച്ചത്തിൽ മുഴക്കിയിരുന്നു. 95 ദിവസം കഴിഞ്ഞു. നിങ്ങളുടെ കൂട്ടുകക്ഷി സർക്കാർ ചാഞ്ചാടുകയാണ്. ദരിദ്രരുടെയും ഇടത്തരക്കാരുടെയും നട്ടെല്ല് തകർക്കാനാണ് താങ്കളുടെ സർക്കാർ ജനവിരുദ്ധ ബജറ്റ് കൊണ്ടുവന്നത്. ജമ്മു കശ്മീരിൽ, പ്രത്യേകിച്ച് ഇന്ത്യൻ സൈന്യത്തിലെ ധീരഹൃദയന്മാർ വീരമൃത്യു വരിച്ച ജമ്മുവിൽ നിരവധി ഭീകരാക്രമണങ്ങൾ നടന്നുവെന്നും കോൺഗ്രസ് അധ്യക്ഷൻ പറഞ്ഞു. 16 മാസമായി മണിപ്പൂർ കത്തുകയാണ്. പ്രധാനമന്ത്രി ജി, നിങ്ങൾക്ക് ആ സംസ്ഥാനത്തേക്ക് നോക്കാൻ പോലും സമയമില്ല. മോദി-അദാനി മെഗാ കുംഭകോണത്തി​ന്‍റെ പുതിയ വെളിപ്പെടുത്തലും സെബി ചെയർപേഴ്‌സ​ന്‍റെ ഒഴിവാക്കലും കമീഷൻ നടപടികളും ഇനി മൂടുപടത്താൽ മറയ്ക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

നീറ്റ് പേപ്പർ ചോർച്ച കുംഭകോണമായാലും വൻതോതിലുള്ള തൊഴിലില്ലായ്മ തെളിയിക്കുന്നതിലായാലും മോദി സർക്കാർ അനുദിനം യുവാക്കളെ വഞ്ചിക്കുകയാണ്. മഹാരാഷ്ട്രയിലെ ആദരണീയനായ ഛത്രപതി ശിവജി മഹാരാജി​ന്‍റെ പ്രതിമയോ വിമാനത്താവളങ്ങളുടെ മേൽക്കൂരയോ പുതിയ പാർലമെന്‍റോ അയോധ്യയിലെ ശ്രീരാമക്ഷേത്രമോ എക്‌സ്പ്രസ്‌വേകൾ, പാലങ്ങൾ, റോഡുകൾ, തുരങ്കങ്ങൾ എന്നിങ്ങനെ നിങ്ങൾ അവകാശപ്പെടുന്നതെന്തായാലും അവക്കെല്ലാം പിഴവുകളുണ്ടായിരുന്നുവെന്നും ഖാർഗെ തുറന്നടിച്ചു.

റെയിൽവേ സുരക്ഷ ഗുരുതരമായ അപകടത്തിലാണ്. നഗരങ്ങൾ വെള്ളപ്പൊക്കത്തിലാണ്. സംസ്ഥാനങ്ങൾക്ക് മതിയായ ആശ്വാസം നൽകിയിട്ടില്ല. നിങ്ങൾക്ക് വഖഫ് ബിൽ ജെ.പി.സിക്ക് കൈമാറേണ്ടി വന്നു. ‘യു ടേൺ’ എടുക്കാൻ നിർബന്ധിതനായെന്നും കോൺഗ്രസ് അധ്യക്ഷൻ പറഞ്ഞു. താങ്കളുടെ 100 ദിവസത്തെ അജണ്ട എന്താണെന്ന് ആർക്കും അറിയില്ല. എന്നാൽ 95 ദിവസം കൊണ്ട് രാജ്യം നിങ്ങളുടെ നിഷ്ക്രിയത്വത്തി​ന്‍റെ ഭീകരമായ പ്രത്യാഘാതങ്ങൾ അനുഭവിക്കുകയാണെന്നും ഖാർഗെ ആഞ്ഞടിച്ചു.

Tags:    
News Summary - Trumpeted 100-day agenda before polls but after 95 days, govt 'vacillating': Mallikarjun Kharge targets PM Modi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.