കുറച്ചുകാലമായി നിരവധി കാലുമാറ്റങ്ങൾക്ക് സാക്ഷ്യം വഹിച്ച മണ്ണാണ് തുമകൂരു. ലിംഗായത്ത് - വൊക്കലിഗ വോട്ടുകൾ തുല്യശക്തിയായ മണ്ഡലം എന്നതു മാത്രമല്ല, കോൺഗ്രസ്, ജെ.ഡി.എസ്, ബി.ജെ.പി എന്നീ മൂന്ന് പാർട്ടികൾക്കും തുല്യ ശക്തിയുണ്ട് എന്ന പ്രത്യേകത കൂടിയുണ്ട്.
അഞ്ചുതവണ മണ്ഡലത്തിൽനിന്ന് പാർലമെന്റിലെത്തിയ ബസവരാജിനുപകരം ലിംഗായത്തുകാരനായ മുൻ മന്ത്രി വി. സോമണ്ണയാണ് ബി.ജെ.പിക്കായി മത്സരിക്കുന്നത്. കോൺഗ്രസിനാകട്ടെ, വൊക്കലിഗക്കാരനായ മുൻ എം.പി എം. മുദ്ദഹനുമ ഗൗഡയും.
1989 വരെ ഒറ്റത്തവണയൊഴികെ കോൺഗ്രസ് ജൈത്രയാത്ര നടത്തിയ മണ്ഡലത്തിൽ അവസാനത്തെ എട്ടു തെരഞ്ഞെടുപ്പിൽ അഞ്ചിലും വിജയം കൊയ്തത് ബി.ജെ.പിയാണ്. 2019ൽ കോൺഗ്രസ്- ജെ.ഡി.എസ് മത്സരത്തിൽ മത്സരിച്ച എച്ച്.ഡി. ദേവഗൗഡ കേവലം 13,339 വോട്ടിനാണ് ബസവരാജിനോട് തോറ്റത്.
നാട്ടുകാരനും പുറംനാട്ടുകാരനും തമ്മിലെ മത്സരം എന്നതാണ് മണ്ഡലത്തിലെ ഏറ്റവും വലിയ സംവാദം. കോൺഗ്രസിന്റെ മുദ്ദഹനുമ തുമകൂരു സ്വദേശിയാണ്. സോമണ്ണയാകട്ടെ രാമനഗര സ്വദേശിയും. ഞങ്ങളുടെ നാട്ടുകാരനല്ലാത്ത ഒരാൾക്ക് തങ്ങളെ എങ്ങനെ മനസ്സിലാവും എന്ന് ചോദിക്കുന്ന വോട്ടർമാരും തുമകൂരുവിലുണ്ട്. വോട്ട് മോദിക്കാണെന്നും സ്ഥാനാർഥി ആരെന്നതിന് പ്രസക്തിയില്ലെന്നുമാണ് അതിന് മറുവാദമുന്നയിക്കുന്നത്.
1962,1996, 2009, 2014, 2019 എന്നീ വർഷങ്ങളിലെല്ലാം പുറംനാട്ടുകാരായ സ്ഥാനാർഥികളെ തങ്ങളുടെ പ്രതിനിധിയായി സ്വീകരിക്കാൻ തുമകൂരുക്കാർ തയാറായിട്ടില്ല. അങ്ങനെ കാലിടറിയവരിൽ മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയും ഉൾപ്പെടും. ഹേമാവതി നദീജല തർക്കം ഈ വർഷവും ചൂടുപിടിച്ചിട്ടുണ്ട്.
കഴിഞ്ഞ തെരഞ്ഞെടുപ്പ് സമയത്ത് ദേവഗൗഡക്കെതിരായി ഈ വിഷയത്തിൽ അദ്ദേഹം നടത്തിയ പ്രസ്താവനയുടെ പഴയ വിഡിയോ ബി.ജെ.പി പ്രചരിപ്പിച്ചിരുന്നു. ഈ വർഷമത് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെയും അദ്ദേഹത്തിന്റെ സഹോദരനും ബംഗളൂരു റൂറൽ എം.പിയുമായ ഡി.കെ. സുരേഷിന്റെയും തദ് വിഷയത്തിലുള്ള ഇടപെടലുകളാണ് കോൺഗ്രസിനെതിരായി പ്രചരിക്കുന്നത്.
ഹേമാവതി നദിയിലെ ജലം മാഗഡി വഴി കുനിഗലിലേക്ക് തിരിച്ചുവിടാനുള്ള ഇവരുടെ തീരുമാനത്തിനെതിരെ വലിയൊരു വിഭാഗം ജനങ്ങൾക്കും അമർഷമുണ്ട്. ജെ.ഡി.എസ് പ്രവർത്തകർ വളരെ ശക്തമായ പ്രവർത്തനങ്ങളുമായി മുന്നേറുമ്പോൾ കോൺഗ്രസ്, ബി.ജെ.പി പ്രവർത്തകർക്കിടയിൽ ആ ചൂട് കാണാനില്ല.
ഭൂവുടമ കുടുംബങ്ങൾ സംസ്ഥാന സർക്കാർ നൽകുന്ന സൗജന്യങ്ങളേക്കാൾ സ്റ്റാമ്പ് പേപ്പർ, മദ്യം തുടങ്ങിയവയുടെ വിലവർധനവാണ് ചൂണ്ടിക്കാട്ടുന്നത്. സൗജന്യ പദ്ധതികൾക്ക് പകരം വരൾച്ച ദുരിതാശ്വാസ നിധി വർധിപ്പിക്കണമായിരുന്നു എന്നാണവരുടെ ആവശ്യം. അതേസമയം, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾ സർക്കാർ നൽകുന്ന സൗജന്യ പദ്ധതികളെ ശക്തമായി പിന്തുണക്കുന്നുണ്ട്.
അവ തങ്ങൾക്ക് നൽകുന്ന ആശ്വാസം ചെറുതല്ലെന്ന് അവർ ആണയിടുന്നു. ജെ.ഡി.എസിന്റെ വോട്ട്, മോദി ഫാക്ടർ, ഹിന്ദുത്വ, എച്ച്.എ.എൽ, ഐ.എസ്.ആർ.ഒ യൂനിറ്റുകൾ, ജില്ലയിലെ അന്താരാഷ്ട്ര ഫുഡ് പാർക്ക് തുടങ്ങിയ ഘടകങ്ങൾ തങ്ങൾക്ക് അനുകൂലമാകുമെന്നാണ് ബി.ജെ.പി പ്രതീക്ഷിക്കുന്നത്.
തങ്ങളുടെ നിലവിലുള്ളതും പ്രഖ്യാപിച്ചതുമായ ഗ്യാരന്റി പദ്ധതികൾക്ക് പുറമെ വൊക്കലിഗ-അഹിന്ദ വോട്ടുകളുടെ ഏകീകരണത്തിലാണ് ശ്രദ്ധിക്കുന്നത്. 2014-19 കാലഘട്ടത്തിൽ എം.പിയായിരുന്ന മുദ്ദഹനുമയുടെ മികച്ച ട്രാക്ക് റെക്കോഡും വോട്ടർമാരെ ഓർമിപ്പിക്കുന്നുണ്ട് കോൺഗ്രസ്.
വൊക്കലിഗക്കാർക്കും ലിംഗായത്തുകൾക്കും പുറമെ മുസ്ലിം, കുറുബ, ഗോല്ല, തികുല, കാഞ്ചിടിക സമുദായങ്ങളുടെ വോട്ടുകളും മണ്ഡലത്തിൽ നിർണായകമാണ്. സങ്കീർണ ജാതി സമവാക്യങ്ങളും അഭിപ്രായ ഭിന്നതകളും പാർട്ടി പ്രവർത്തകരുടെ അലസതയും വൈകാരികതയുമായിരിക്കും തുമകൂരുവിന്റെ എം.പി ആരെന്ന് തീരുമാനിക്കുക.
വോട്ടുനില 2019
ജി.എസ്. ബസവരാജ് (ബി.ജെ.പി) -5,96,127
എച്ച്.ഡി. ദേവഗൗഡ (ജെ.ഡി.എസ്) -5,82,788
എൻ. ശിവണ്ണ (സി.പി.ഐ) -17,227
നിയമസഭ മണ്ഡലങ്ങൾ (2023)
കോൺഗ്രസ്: തിപ്തൂർ, ഗുബ്ബി, മധുഗിരി, കൊരട്ടഗരെ
ജെ.ഡി.എസ്: തുറുവക്കരെ, ചിക്കനായകനഹള്ളി
ബി.ജെ.പി: തുമകൂരു സിറ്റി, തുമകൂരു റൂറൽ
വോട്ടുനില 2019
എ. നാരായണ സ്വാമി (ബി.ജെ.പി)-6,26,195
ബി.എൻ. ചന്ദ്രപ്പ (കോൺഗ്രസ്) -5,46,017
നിയമസഭ മണ്ഡലങ്ങൾ (2023):
കോൺഗ്രസ്: സിറ, ഹിരിയൂർ, ഹൊസ്ദുർഗ, ചിത്രദുർഗ, മൊളകാൽമുരു,
ചല്ലക്കരെ, പാവ്ഗഡ
ബി.ജെ.പി: ഹൊലാൽകരെ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.