കർഷക പ്രക്ഷോഭത്തിനിടെ ട്വിറ്റർ പൂട്ടിക്കുമെന്ന് കേന്ദ്ര സർക്കാർ ഭീഷണിപ്പെടുത്തി -ട്വിറ്റർ മുൻ സി.ഇ.ഒ

ന്യൂഡൽഹി: കർഷക സമരവുമായി ബന്ധപ്പെട്ടവരുടെയും സർക്കാറിനെ വിമർശിക്കുന്ന മാധ്യമപ്രവർത്തകരുടെയും അക്കൗണ്ടുകൾ അടച്ചുപൂട്ടണമെന്നും തങ്ങൾ പറഞ്ഞത് കേട്ടില്ലെങ്കിൽ ട്വിറ്ററിന്റെ ഇന്ത്യയിലെ ഓഫിസുകൾ അടച്ചുപൂട്ടുമെന്നും ജീവനക്കാരുടെ വീടുകളിൽ റെയ്ഡ് നടത്തുമെന്നും കേന്ദ്രസർക്കാർ ഭീഷണിപ്പെടുത്തിയെന്ന് ട്വിറ്റർ മുൻ ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ ജാക്ക് ഡോഴ്സിയുടെ വെളിപ്പെടുത്തൽ. വിവാദ വെളിപ്പെടുത്തൽ കർഷക നേതാക്കളും പ്രതിപക്ഷവും മാധ്യമപ്രവർത്തകരും ശരിവെച്ചപ്പോൾ ജാക്ക് പറയുന്നത് കള്ളമാണെന്ന് കേന്ദ്രസർക്കാർ ആരോപിച്ചു.

അധികാര ശക്തിയുള്ള വ്യക്തികളുടെ ആവശ്യങ്ങളോട് ട്വിറ്റർ എങ്ങനെയാണ് പ്രതികരിച്ചതെന്ന ചോദ്യത്തോടാണ് ഇന്ത്യയിലെ അനുഭവം ഒന്നാമത്തെ ഉദാഹരണമായി മുൻ ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ ജാക്ക് ഡോഴ്സി സ്വകാര്യ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പങ്കുവെച്ചത്. കർഷക സമരവുമായി ബന്ധപ്പെട്ടവരുടെയും സർക്കാറിനെ വിമർശിക്കുന്ന മാധ്യമപ്രവർത്തകരുടെയും അക്കൗണ്ടുകൾ അടച്ചുപൂട്ടാൻ നിരവധി തവണ ആവശ്യപ്പെട്ട ഇന്ത്യൻ സർക്കാർ, അങ്ങനെ ചെയ്തില്ലെങ്കിൽ ഇന്ത്യയിൽ ട്വിറ്റർ അടച്ചുപൂട്ടുമെന്നും ജീവനക്കാരുടെ വീടുകളിൽ റെയ്ഡ് നടത്തുമെന്നും ഭീഷണിപ്പെടുത്തി. ഒരു ജനാധിപത്യ രാജ്യമായ ഇന്ത്യയിലാണ് അത്തരം കാര്യങ്ങൾ നടന്നത്.

ഇന്ത്യ ട്വിറ്ററിന്റെ വലിയ വിപണിയാണെന്നും ജാക്ക് കൂട്ടിച്ചേർത്തു. തുർക്കിയയിൽ സമാന ആവശ്യങ്ങളുണ്ടായെന്നും അവിടെ തങ്ങൾ നിയമപോരാട്ടം നടത്തിയെന്നും വിശദീകരിച്ച ജാക്ക്, നൈജീരിയയിലെയും യു.എസിലെയും അനുഭവങ്ങളും പങ്കുവെച്ചു. അമേരിക്കയിലും പടിഞ്ഞാറൻ രാജ്യങ്ങളിലും ട്വിറ്റർ ഉപയോക്താക്കൾ അനുഭവിക്കുന്ന അഭിപ്രായ സ്വാതന്ത്ര്യം ഇന്ത്യയിൽ അനുവദിക്കുന്നില്ലെന്ന് ബി.ബി.സിക്ക് അനുവദിച്ച അഭിമുഖത്തിൽ ട്വിറ്റർ ഉടമ ഇലോൺ മസ്ക് നേരത്തേ വെളിപ്പെടുത്തിയിരുന്നു.

ഇതിനിടെ, ജാക്ക് ഡോഴ്സിയുടെ വെളിപ്പെടുത്തൽ ശരിവെച്ച് കർഷക നേതാവ് രാകേഷ് ടികായത് രംഗത്തുവന്നു. കർഷകസമരത്തെ പിന്തുണക്കുന്ന അക്കൗണ്ടുകൾ പൂട്ടാൻ നോക്കിയിട്ടുണ്ട്. അന്തർദേശീയ മാധ്യമങ്ങളുടെ കാര്യമിതാണെങ്കിൽ ഇന്ത്യൻ വാർത്ത ഏജൻസികളുടെ അവസ്ഥ എന്തായിരിക്കുമെന്ന് രാകേഷ് ടികായത് ചോദിച്ചു.

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി തുടങ്ങി നിരവധി പ്രതിപക്ഷ നേതാക്കളും രവീഷ് കുമാർ, രോഹിണി സിങ് തുടങ്ങി മാധ്യമപ്രവർത്തകരും വെളിപ്പെടുത്തലിനെ ശരിവെക്കുന്ന പ്രതികരണങ്ങൾ നടത്തി. 

Tags:    
News Summary - Twitter ex-CEO claims pressure from Indian govt during farmers protest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.