ന്യൂഡൽഹി: പാർലമെന്റ് അതിക്രമ കേസുമായി ബന്ധപ്പെട്ട് രണ്ടു പേർ കൂടി കസ്റ്റഡിയിൽ. മഹേഷ്, കൈലാശ് എന്നിവരെ ഡൽഹി പൊലീസിന്‍റെ പ്രത്യേക അന്വേഷണ സംഘമാണ് കസ്റ്റഡിയിലെടുത്തത്. കേസിൽ മുഖ്യസൂത്രധാരനെന്ന് സംശയിക്കുന്ന 35കാരനായ ലളിത് ഝാ എന്നയാൾ ഡൽഹി പൊലീസിന് മുമ്പാകെ കീഴടങ്ങിയതിന് പിന്നാലെയാണ് രണ്ടു പേർ കൂടി കസ്റ്റഡിയിലായത്.
സമൂഹ മാധ്യമ ഗ്രൂപ്പായ ഭഗത് സിങ് ഫാൻ ക്ലബ്ബ് വഴിയാണ് ലളിത് ഝായും മഹേഷും ബന്ധപ്പെട്ടിരുന്നത്. ബസിൽ രാജസ്ഥാനിലേക്ക് പോയ ലളിത് ഝാ ഡൽഹിയിലേക്ക് മടങ്ങുന്നതിന് മുമ്പ് കൈവശമുണ്ടായിരുന്ന മൊബൈൽ ഫോണുകൾ നശിപ്പിച്ചെന്ന് സംശയിക്കുന്നതായും പൊലീസ് പറഞ്ഞു.
നേരത്തെ കേസിൽ അറസ്റ്റിലായ ഉത്തർപ്രദേശിൽനിന്നുള്ള സാഗർ ശർമ, മൈസുരു സ്വദേശി മനോരഞ്ജൻ ഗൗഡ, മഹാരാഷ്ട്രയിൽനിന്നുള്ള അമോൾ ഷിൻഡെ, ഹരിയാനക്കാരി നീലം എന്നിവരെ കോടതി ഏഴു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.
സംഭവം ഉന്നയിച്ച് ഇന്നലെ കടുത്ത പ്രതിഷേധം പ്രതിപക്ഷം ഉയർത്തിയിരുന്നു. അമിത് ഷായുടെ വിശദീകരണവും രാജിയും ആവശ്യപ്പെട്ട് പ്രതിഷേധിച്ച 14 പ്രതിപക്ഷ എം.പിമാരെ സസ്പെൻഡ് ചെയ്യുകയായിരുന്നു. ഇന്നും പാർലമെന്‍റിൽ പ്രതിപക്ഷ പ്രതിഷേധമുണ്ടാകുമെന്നാണ് റിപ്പോർട്ട്.
കഴിഞ്ഞ ദിവസം, പാർലമെന്റ് ആക്രമണത്തിന്റെ 22ാം വാർഷികത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ മന്ത്രിമാരും എം.പിമാരും രക്തസാക്ഷികൾക്ക് ആദരമർപ്പിച്ച് മണിക്കൂറുകൾക്കകമായിരുന്നു ലോക്സഭയിൽ പുകത്തോക്ക് പൊട്ടിച്ച് യുവാക്കൾ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. പാർലമെന്റ് വളപ്പിനു പുറത്ത് നീലവും അമോൾ ഷിൻഡെയും പുകത്തോക്ക് പൊട്ടിച്ച് പ്രതിഷേധ മുദ്രാവാക്യങ്ങളുയർത്തുകയും പിന്നാലെ ഡൽഹി പൊലീസിന്‍റെ പിടിയിലാകുകയും ചെയ്തു. പ്രതികൾക്കെതിരെ യു.എ.പി.എ ചുമത്തിയിട്ടുണ്ട്. സുരക്ഷാ വീഴ്ചയിൽ ഏഴ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്.
കനത്ത സുരക്ഷയാണ് പാർലമെന്‍റിനകത്തും പരിസരത്തും ഈ സംഭവത്തോടെ ഒരുക്കിയിരിക്കുന്നത്. സുരക്ഷാ ജീവനക്കാരുടെ എണ്ണവും വർധിപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.