മലയാളി സി.ഇ.ഒ ഉള്‍പ്പെടെ രണ്ടുപേരെ ഓഫിസിൽ കയറി വെട്ടിക്കൊന്ന സംഭവം: പ്രതി ജോക്കർ ഫെലിക്സ് അറസ്റ്റിൽ

ബംഗളൂരു: നഗരത്തിൽ മലയാളി സി.ഇ.ഒ ഉള്‍പ്പെടെ രണ്ടുപേരെ പട്ടാപ്പകല്‍ ഓഫിസില്‍ കയറി വെട്ടിക്കൊന്ന സംഭവത്തില്‍ മുഖ്യപ്രതി ജെ. ഫെലിക്സ് എന്ന ജോക്കർ ഫെലിക്സും മൂന്ന് കൂട്ടാളികളും അറസ്റ്റിൽ. ഇന്റർനെറ്റ് സേവന കമ്പനിയായ എയറോണിക്സ് മീഡിയയുടെ സി.ഇ.ഒ കോട്ടയം പനച്ചിക്കാട് കുഴിമറ്റം രുക്മിണി വിലാസത്തിൽ ആർ. വിനുകുമാർ (47), എം.ഡി ഫനീന്ദ്ര സുബ്രഹ്മണ്യ (36) എന്നിവരെയാണ് ചൊവ്വാഴ്ച വൈകീട്ട് മുൻ ജീവനക്കാരൻ ഫെലിക്സ് വെട്ടിക്കൊന്നത്. സംഭവത്തിനുശേഷം പ്രതി ഒളിവിൽ പോയിരുന്നു.

ടിക് ടോക് താരമായ ഫെലിക്സിനെ ‘ജോക്കർ ഫെലിക്സ്’ എന്നാണ് സമൂഹമാധ്യമങ്ങളിൽ വിശേഷിപ്പിച്ചിരുന്നത്. ദേഹമാകെ ചായം തേച്ച്, വായയിൽ രക്തനിറം നിറച്ച് ‘ജോക്കർ’ രൂപത്തിലുള്ള ചിത്രം ഇയാൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. മുടിയിൽ ചായം തേച്ചും മുഖത്ത് ടാറ്റൂ ചെയ്തും കാതിൽ സ്വർണക്കമ്മലിട്ടും മഞ്ഞക്കണ്ണട ധരിച്ചുമുള്ള ഫെലിക്സിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

സ്വന്തമായി കമ്പനി തുടങ്ങണമെന്ന ആഗ്രഹത്തോടെയാണ് ഇയാൾ എയറോണിക്സിലെ ജോലി അവസാനിപ്പിച്ചത്. തന്റെ ബിസിനസിന് വെല്ലുവിളിയാകുമെന്ന് മനസ്സിലായതോടെ എയറോണിക്സ് എം.ഡി ഫനീന്ദ്ര സുബ്രഹ്മണ്യനെ വകവരുത്താൻ ഫെലിക്സ് പദ്ധതിയിടുകയായിരുന്നു. കൊലപാതകത്തിന് ഒമ്പത് മണിക്കൂർ മുമ്പ് ഇൻസ്റ്റ സ്റ്റോറിയിൽ ഇതുസംബന്ധിച്ച് സൂചന നൽകിയിരുന്നു. ‘‘ഈ ഭൂമിയിലെ മനുഷ്യർ എപ്പോഴും മുഖസ്തുതി പറയുന്നവരും വഞ്ചകരുമാണ്. അതിനാൽ, ഈ ഗ്രഹ മനുഷ്യരെ ഞാൻ വേദനിപ്പിക്കും. ചീത്ത മനുഷ്യരെ മാത്രമേ ഞാൻ വേദനിപ്പിക്കൂ, നല്ല ഒരാളെയും വേദനിപ്പിക്കില്ല’’ എന്നായിരുന്നു ഫെല്കിസിന്റെ പോസ്റ്റ്.

ചൊവ്വാഴ്ച വൈകീട്ട് നാലോടെയാണ് നഗരത്തെ ഞെട്ടിച്ച ഇരട്ടക്കൊല നടന്നത്. അമൃതഹള്ളി പമ്പാ എക്സ്റ്റൻഷനിലെ കമ്പനി ഓഫിസിൽ അതിക്രമിച്ചുകയറി ഇരുവരെയും വാളുപയോഗിച്ച് വെട്ടിക്കൊന്ന് ഫെലിക്സും മൂന്ന് കൂട്ടാളികളും രക്ഷപ്പെടുകയായിരുന്നു. എയറോണിക്സ് മീഡിയയിൽ നേരത്തെ ജോലി ചെയ്തിരുന്ന ഫെലിക്സ് മറ്റൊരു ഇന്റർനെറ്റ് കമ്പനിക്ക് രൂപം നൽകിയിരുന്നു. ഇതുമായി ബന്ധപ്പെട്ട വൈരമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്. പരിക്കേറ്റ ഫനീന്ദ്രയും വിനുകുമാറും സംഭവസ്ഥലത്തുതന്നെ മരിച്ചു. മൃതദേഹങ്ങൾ മണിപ്പാൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിനുശേഷം വിട്ടുനൽകും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.