ശ്രീനഗർ: ജമ്മു–കശ്മീരിൽ വനിത പ്രിൻസിപ്പലുൾപ്പെടെ രണ്ട് സർക്കാർ സ്കൂൾ അധ്യാപകരെ ഭീകരർ വെടിവെച്ചു കൊന്നു. ശ്രീനഗറിലെ സൻഗം ഈദ്ഗാഹ് മേഖലയിലെ സഫകദലിലുള്ള ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ സുപീന്ദർ കൗർ (44), അധ്യാപകൻ ദീപക് ചന്ദ് എന്നിവരാണ് കൊല്ലപ്പെട്ടത്.
രാവിലെ 11.15ഓടെ സ്കൂളിലേക്ക് ഇരച്ചുകയറിയ തോക്കുധാരികൾ ആളുകളുടെ ഐഡി കാർഡുകൾ ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് പ്രിൻസിപ്പലിെൻറ ഓഫിസിൽ വെച്ച് ഇരുവരെയും വെടിവെച്ചതെന്ന് അധ്യാപകരെ ഉദ്ധരിച്ച് അധികൃതർ പറഞ്ഞു.
ഉടൻതന്നെ സമീപത്തുള്ള എസ്.കെ.ഐ.എം.എസ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവശേഷം ആക്രമികൾ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. വിവരമറിഞ്ഞ് പൊലീസിെൻറയും സി.ആർ.പി.എഫിെൻറയും വൻ സംഘം സ്കൂളിലെത്തി ആക്രമികൾക്കായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. സിഖ് സമുദായാംഗമായ സുപീന്ദർ കൗർ ശ്രീനഗറിലെ അലോചി ബാഗ് സ്വദേശിനിയാണ്. ദീപക് ചന്ദ് ന്യൂനപക്ഷ കശ്മീരി പണ്ഡിറ്റ് സമുദായാംഗമാണ്.
ലശ്കറെ ത്വയ്യിബയുടെ നിഴൽസംഘമെന്ന് പൊലീസ് പറയുന്ന 'ദ റസിസ്റ്റൻസ് ഫോഴ്സ്' (ടി.ആർ.എഫ്) സംഭവത്തിെൻറ ഉത്തരവാദിത്തം ഏറ്റെടുത്ത് രംഗത്തെത്തി.
നിരപരാധികളായ സാധാരണക്കാരെ കൊന്നവർ, കശ്മീരിെൻറ ദീർഘകാലത്തെ മതസൗഹാർദ പാരമ്പര്യത്തിന് കോട്ടം വരുത്താൻ ശ്രമിക്കുകയാണെന്ന് ജമ്മു–കശ്മീർ പൊലീസ് മേധാവി ദിൽബാഗ് സിങ് പറഞ്ഞു. ആക്രമികൾ ഉടൻ പിടിയിലാകുമെന്ന് സ്കൂൾ സന്ദർശിച്ചശേഷം അദ്ദേഹം പറഞ്ഞു.
അതേസമയം, ഭീകരരുടെ അക്രമത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ജനങ്ങൾക്ക് സുരക്ഷ ഒരുക്കുന്നതിൽ കേന്ദ്ര സർക്കാർ പൂർണ പരാജയമാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. നോട്ടു നിരോധം കൊണ്ടോ 370ാം വകുപ്പ് റദ്ദാക്കിയത് കൊണ്ടോ ഭീകരവാദം അവസാനിപ്പിക്കാൻ കഴിഞ്ഞിട്ടില്ലെന്നും കശ്മീരിൽ അക്രമം വർധിക്കുകയാണെന്നും രാഹുൽ പറഞ്ഞു.
സംഭവത്തെ അപലപിക്കാൻ വാക്കുകൾ മതിയാകുന്നില്ലെന്ന് മുൻമുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് വൈസ് പ്രസിഡൻറുമായ ഉമർ അബ്ദുല്ല പറഞ്ഞു. 'പുതിയ കശ്മീർ' സൃഷ്ടിക്കുമെന്ന കേന്ദ്ര സർക്കാറിെൻറ അവകാശവാദം വഴി രൂപപ്പെട്ടത് ഭീകരകേന്ദ്രങ്ങളാണെന്ന് മുൻമുഖ്യമന്ത്രിയും പി.ഡി.പി അധ്യക്ഷയുമായ മെഹ്ബൂബ മുഫ്തി ആരോപിച്ചു. രാഷ്ട്രീയ നേട്ടത്തിനുള്ള കറവപ്പശുവായാണ് കേന്ദ്രം കശ്മീരിനെ ഉപയോഗിക്കുന്നതെന്നും അവർ കുറ്റപ്പെടുത്തി.
ഭീകരതക്ക് മതമില്ലെന്നും മുസ്ലിംകളും മറ്റു ന്യുനപക്ഷങ്ങളും ഒരുപോലെ ഇതിെൻറ ഇരകളാണെന്നും പീപ്പിൾസ് കോൺഫറൻസ് ചെയർമാൻ സജാദ് ലോൺ പറഞ്ഞു. കശ്മീരിെൻറ ബഹുസ്വരത സംരക്ഷിക്കുക പ്രധാനമാണെന്ന് സി.പി.എം നേതാവ് മുഹമ്മദ് യൂസുഫ് തരിഗാമി പറഞ്ഞു. ഭീകരരുടേത് മനുഷ്യത്വ വിരുദ്ധ നടപടിയാണെന്ന് ജമ്മു കശ്മീർ ബി.ജെ.പി വക്താവ് അൽതാഫ് താക്കുർ പറഞ്ഞു.
സംഭവമറിഞ്ഞയുടൻ സിഖ്-മുസ്ലിം സമുദായങ്ങളിൽപ്പെട്ട വലിയൊരു വിഭാഗം ആളുകൾ കൊല്ലപ്പെട്ട പ്രിൻസിപ്പലിെൻറ അലോചി ബാഗിലുള്ള വീട്ടിനു മുന്നിൽ തടിച്ചു കൂടി. ശ്രീനഗറിലെ പ്രശസ്തമായ ബിന്ദ്രൂ ഫാർമസി ഉടമ മഖൻ ലാൽ ബിന്ദ്രൂ, മാജിദ് അഹ്മദ് ഗോജ്രി, മുഹമ്മദ് ശാഫി ദർ ഉൾപ്പെടെ അഞ്ചു ദിവസത്തിനിടെ ഏഴുപേരാണ് കശ്മീർ താഴ്വരയിൽ കൊല്ലപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.