തമിഴ്‌നാട്: പോക്‌സോ കേസിൽ കൈക്കൂലി വാങ്ങിയതിന് രണ്ട് വനിതാ പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു.ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള (പോക്സോ) നിയമപ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ കൈക്കൂലി വാങ്ങിയെന്നാരോപിച്ച് തമിഴ്‌നാട്ടിലെ കല്ലാകുറിച്ചി ജില്ലയിലെ പൊലീസ് ഉദ്യാഗസ്ഥരായ ഗീത റാണി, കോകില എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്.
രണ്ട് പൊലീസ് ഉദ്യോഗസ്ഥർ തന്നിൽ നിന്ന് കൈക്കൂലി വാങ്ങിയെന്ന് കേസിലെ പ്രതികളിലൊരാൾ ആരോപിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരുവർക്കും സസ്പെൻഷൻ.
15 വയസ്സുള്ള ചെറുമകളെ ബലാത്സംഘം ചെയ്യുകയും കുട്ടി ഗർഭിണിയാവുകയും ചെയ്ത സംഭവത്തിൽ കുട്ടികളുടെ അമ്മയുടെ അച്ഛനായ 71 കാരൻ അറസ്റ്റിലായിരുന്നു. ഈ കേസിലാണ് രണ്ട് പൊലീസ് ജീവനക്കാർ കൈക്കൂലി വാങ്ങിയത്. 71 കാരന്‍റെ മകൾ മരിച്ചതിനെ തുടർന്ന് 15 വയസുകാരിയായ ചെറുമകളും ചെറുമകനും മുത്തശ്ശിക്കും പ്രതിയായ മുത്തച്ഛനുമൊപ്പമായിരുന്നു താമസിച്ചിരുന്നത്. കുട്ടികളുടെ അച്ഛൻ മറ്റൊരു വിവാഹം കഴിച്ച് ബാംഗ്ലൂരിലാണ് താമസിക്കുന്നത്.
മുത്തച്ഛൻ കഴിഞ്ഞ മൂന്ന് വർഷമായി പെൺകുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്യുന്നുണ്ടെന്ന് പെൺകുട്ടിയുടെ പരാതിയിൽ പറയുന്നു. പെൺകുട്ടി ഗർഭിണിയായതോടെ ഗർഭച്ഛിദ്രം നടത്താൻ റിട്ടയേർഡ് നഴ്‌സായ രാജാമണിയുടെയും മറ്റൊരു സ്ത്രീയുടെയും സഹായം ഇയാൾ തേടിയിരുന്നു.
സംഭവം പുറത്തറിഞ്ഞതോടെ നാട്ടുകാർ നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. എന്നാൽ കേസിലെ പ്രതിയായ നഴ്സ് രാജാമണി, കുറ്റപത്രത്തിൽ നിന്ന് തന്‍റെ പേര് ഒഴിവാക്കാൻ വനിതാ പൊലീസ് ഉദ്യോഗസ്ഥരായ ഗീത റാണി, കോകില എന്നിവർക്ക് 23,500 രൂപ കൈക്കൂലി നൽകി. എഫ്.ഐ.ആർ വന്നപ്പോൾ തന്‍റെ പേരുണ്ടെന്ന് മനസിലാക്കിയ രാജാമണി എസ്.പിയെ സമീപിച്ച് കൈക്കൂലി നൽകിയ കാര്യം വെളിപ്പെടുത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.