ന്യൂഡൽഹി: വിദ്വേഷ വാർത്തകളിലൂടെ നിരന്തരം വിവാദം സൃഷ്ടിച്ച സീ ന്യൂസ് എഡിറ്റർ ഇൻ ചീഫ് സുധീർ ചൗധരിയെ അബുദാബിയിലെ ചടങ്ങിൽ ക്ഷണിച്ചതിനെതിരെ രൂക്ഷ പ്രതികരണവുമായി യു.എ.ഇ രാജകുമാരി ഹിന്ദ് ഫൈസൽ അൽ ഖാസിം. 'എന്തിനാണ് ശാന്തമായ എന്‍റെ നാട്ടിലേക്ക് അസഹിഷ്ണുവായ ഈ ഭീകരനെ കൊണ്ടുവരുന്നത്? യുഎഇയിലേക്ക് അത്തരം വിദ്വേഷക്കാരെ ഞാൻ സ്വാഗതം ചെയ്യില്ല' എന്നായിരുന്നു ഇവർ ട്വീറ്റ് ചെയ്തത്. അബുദാബി ചാർട്ടേഡ് അക്കൗണ്ടന്റ്സ് കൂട്ടായ്മ നവം.25, 26 തീയതികളിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ മുഖ്യപ്രഭാഷകനായി ചൗധരിയെ ക്ഷണിച്ചതിനെതിരെയായിരുന്നു ഹിന്ദിന്‍റെ പ്രതികരണം. ഇതിന് പിന്നാലെ ചടങ്ങിൽ നിന്ന് ചൗധരിയെ ഒഴിവാക്കിയതായും രാജകുമാരി അറിയിച്ചു.
സി.എ.എ വിരുദ്ധ സമരങ്ങളെ ഭീകരവാദമായി ചിത്രീകരിച്ചും കൊറോണയുടെ തുടക്കത്തിൽ തബ്ലീഗ് ജമാഅത്തിനെ പ്രതിക്കൂട്ടിൽ നിർത്തിയും സീന്യൂസ് നടത്തിയ വാർത്താപരിപാടികൾ ഏറെ വിവാദമായിരുന്നു. ഭൂമി ജിഹാദ്, ലൗ ജിഹാദ് തുടങ്ങിയ വ്യാജവാർത്തകളും തന്‍റെ ചാനൽ ഷോയിലൂടെ ചൗധരി നിരന്തരം പ്രചരിപ്പിച്ചിരുന്നു.
"സുധീർ ചൗധരിയെ അബുദാബി ചാർട്ടേഡ് അക്കൗണ്ടന്‍റുമാരുടെ പാനലിൽനിന്ന് ഒഴിവാക്കി" എന്ന കുറിപ്പോടെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ (ഐ.സി.എ.ഐ) അബുദാബി ചാപ്റ്ററിലെ അംഗങ്ങൾ എഴുതിയ കത്തിന്‍റെ പകർപ്പും ഇവർ ട്വീറ്റിൽ പങ്കുവെച്ചു.
"വ്യാജ വാർത്തകൾ, ഇസ്‌ലാമോഫോബിയ, വർഗീയ വിദ്വേഷം, വ്യജരേഖ നിർമാണം തുടങ്ങിയവ കാര്യങ്ങളിൽ അദ്ദേഹം (ചൗധരി) ആരോപണവിധേയനാണ്. പ്രമുഖ പ്രഫഷനൽ സംഘടന, ഒട്ടും പ്രഫഷനലല്ലാത്ത ഒരു പത്രപ്രവർത്തകനെ ക്ഷണിച്ച് വേദി നൽകുകയും അതുവഴി നമ്മുടെ അന്തസ്സും ബഹുമാനവും കുറയ്ക്കുകയും ചെയ്യണോ?" എന്നായിരുന്നു അംഗങ്ങൾ പേരുവെച്ച് ഒപ്പിട്ട കത്തിലെ ചോദ്യം. ഇതേതുടർന്ന് സുധീർ ചൗധരിയെ ചടങ്ങിൽനിന്ന് ഒഴിവാക്കാൻ തീരുമാനിക്കുകയായിരുന്നുവത്രെ.
ഹിന്ദ് ഫൈസൽ അൽ ഖാസിമിന്‍റെ ട്വീറ്റിൽനിന്ന്:
'ഇന്ത്യയിലെ 200 ദശലക്ഷം മുസ്‌ലിംകളെ ലക്ഷ്യമിട്ടുള്ള കടുത്ത ഇസ്‌ലാമോഫോബിക് ഷോകൾക്ക് പേരുകേട്ട വലതുപക്ഷ അവതാരകനാണ് സുധീർ ചൗധരി. അദ്ദേഹത്തിന്‍റെ പ്രൈം ടൈം ഷോകളിൽ പലതും രാജ്യത്തുടനീളമുള്ള മുസ്ലിംകൾക്കെതിരെ അക്രമങ്ങൾക്ക് പ്രേരിപ്പിക്കുന്നതാണ്. നിങ്ങൾ എന്തിനാണ് അസഹിഷ്ണുതയുള്ള ഒരു ഭീകരനെ യുഎഇയിലേക്ക് കൊണ്ടുവരുന്നത്?! ശാന്തമായ എന്‍റെ രാജ്യത്തേക്ക് നിങ്ങൾ ഇസ്‌ലാമോഫോബിയയും വെറുപ്പും കൊണ്ടുവരുന്നത് എന്തുകൊണ്ടാണ്?'
''2019, 2020 വർഷങ്ങളിൽ, പൗരത്വ വിരുദ്ധ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകിയതിന് മുസ്ലിംകൾക്കെതിരെ വിഷം ചീറ്റുന്ന ഷോകൾ സുധീർ ചൗധരി സീ ന്യൂസിൽ നടത്തി. ശാഹീൻ ബാഗിലും ന്യൂഡൽഹിയിലും രാജ്യത്തിന്‍റെ മറ്റ് ഭാഗങ്ങളിലും പൗരത്വ പ്രതിഷേധത്തിന് നേതൃത്വം നൽകിയതിന് മുസ്ലിം വിദ്യാർഥികളെയും സ്ത്രീകളെയും ലക്ഷ്യമിട്ട് വ്യാജ വാർത്തകൾ പ്രചരിപ്പിച്ചു.''
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.