ബംഗളൂരു: ഇൗസ്റ്റ് ബംഗളൂരു ഡി.ജെ ഹള്ളി, കെ.ജെ ഹള്ളി മേഖലയിൽ ആഗസ്റ്റ് 11ന് രാത്രിയുണ്ടായ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ പ്രതികൾക്കെതിരെ ഗുണ്ടാനിയമത്തോടൊപ്പം യു.എ.പി.എ കൂടി ചുമത്താൻ കർണാടക സർക്കാർ തീരുമാനിച്ചു. മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയുടെ നേതൃത്വത്തിൽ തിങ്കളാഴ്ച നടന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.
കേസന്വേഷണത്തിനായി പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചതായും കേസുകളുടെ വിചാരണ വേഗത്തിലാക്കാൻ മൂന്ന് സ്പെഷൽ പ്രോസിക്യൂട്ടർമാർ അടങ്ങുന്ന സംഘത്തെ നിയോഗിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അക്രമസംഭവങ്ങളിലെ നാശനഷ്ടം പ്രതികളിൽനിന്ന് ഇൗടാക്കാനാണ് തീരുമാനം.
എം.എൽ.എയുടെ വാഹനവും പൊലീസ് വാഹനങ്ങളും റോഡരികിൽ നിർത്തിയിട്ട സ്വകാര്യ വാഹനങ്ങളും അഗ്നിക്കിരയാക്കിയ പ്രതിഷേധക്കാർ, എം.എൽ.എയുടെയും ബന്ധുക്കളുടെയും വീടും പൊലീസ് സ്റ്റേഷനും ആക്രമിക്കുകയും ചെയ്തിരുന്നു. നാശനഷ്ടം വിലയിരുത്താൻ ക്ലെയിം കമീഷണറെ നിയമിക്കണമെന്നാവശ്യപ്പെട്ട് ഹൈേകാടതിയെ സമീപിക്കും.
സമൂഹ മാധ്യമ കമ്പനികളുടെ തലവന്മാരുടെ യോഗം വിളിക്കാനും അക്രമസംഭവങ്ങൾക്ക് സഹായിച്ച പോസ്റ്റുകൾ കണ്ടെത്താനും തീരുമാനിച്ചിട്ടുണ്ട്. ആഗസ്റ്റ് 11ന് വൈകീട്ട് പ്രവാചകനിന്ദ പോസ്റ്റ് നവീൻ പോസ്റ്റ് ചെയ്ത് മണിക്കൂറുകൾക്കകം നൂറുകണക്കിനുപേർ ഡി.ജെ ഹള്ളി പൊലീസ് സ്റ്റേഷനിലെത്തിയതായാണ് കുറ്റപത്രത്തിൽ പറയുന്നത്.
ഇതിന് സമൂഹ മാധ്യമങ്ങളിലൂടെ ആഹ്വാനം നടന്നതായാണ് പൊലീസിെൻറ വിലയിരുത്തൽ. സമൂഹ മാധ്യമങ്ങളുടെ ഉപയോഗവുമായി ബന്ധപ്പെട്ട് ചില നിയന്ത്രണങ്ങൾ ആവശ്യമാണെന്ന് ആഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മെ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട നിലവിലെ നിയമം പരിശോധിക്കും. സമൂഹ മാധ്യമങ്ങളുടെ തലവന്മാരുമായി ഇക്കാര്യം ചർച്ച ചെയ്യും. ആവശ്യമെങ്കിൽ നിയമം ശക്തമാക്കും -അദ്ദേഹം പറഞ്ഞു. കേസിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരാനുണ്ടെന്നും ഇതിെൻറ അടിസ്ഥാനത്തിൽ മാത്രമേ എസ്.ഡി.പി.െഎയുടെ നിരോധനം സംബന്ധിച്ച് മന്ത്രിസഭ അന്തിമ തീരുമാനം കൈക്കൊള്ളുകയുള്ളൂവെന്നും ആഭ്യന്തര മന്ത്രി വ്യക്തമാക്കി.
പുലികേശി നഗർ കോൺഗ്രസ് എം.എൽ.എ അഖണ്ഡ ശ്രീനിവാസ മൂർത്തിയുടെ ബന്ധുവും ബി.ജെ.പി അനുഭാവിയുമായ പി. നവീൻ ഫേസ്ബുക്കിൽ മുഹമ്മദ് നബിയെ നിന്ദിക്കുന്ന തരത്തിൽ പോസ്റ്റിട്ടതിനെ തുടർന്നുണ്ടായ പ്രതിഷേധമാണ് അക്രമത്തിലും പൊലീസ് വെടിവെപ്പിലും കലാശിച്ചത്. വെടിവെപ്പിൽ മൂന്നുപേർ മരിക്കുകയും 60 പൊലീസുകാർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റ പ്രതികളിലൊരാൾ കഴിഞ്ഞദിവസം ആശുപത്രിയിൽ മരിച്ചിരുന്നു.
അതേസമയം, അറസ്റ്റിെൻറ പേരിൽ പൊലീസ് നിരപരാധികളെ വേട്ടയാടുന്നതായി ഡി.ജെ ഹള്ളി, കെ.ജെ ഹള്ളി, കാവൽ ബൈരസാന്ദ്ര, പുലികേശി നഗർ മേഖലയിലെ ജനം കുറ്റപ്പെടുത്തി. അക്രമത്തിൽ പെങ്കടുത്തവരാണോ എന്ന് ഉറപ്പുവരുത്താതെ വീടുകളിൽനിന്ന് നിരവധി യുവാക്കളെ പൊലീസ് പിടിച്ചുകൊണ്ടുപോയതായി അവർ ചൂണ്ടിക്കാട്ടി. ഇതുവരെ 200ലേറെ പേരാണ് അറസ്റ്റിലായത്. ഇവരിൽ 80 പേരെ വടക്കൻ കർണാടകയിലെ ബെള്ളാരി ജയിലിലേക്ക് മാറ്റി.
മുഖ്യമന്ത്രിയുടെ വസതിയിൽ നടന്ന ഉന്നതതല യോഗത്തിൽ ആഭ്യന്തര മന്ത്രിക്ക് പുറമെ, ചീഫ് സെക്രട്ടറി ടി.എം. വിജയഭാസ്കർ, അഡ്വക്കറ്റ് ജനറൽ പ്രഭുലിങ് നാവഡ്ഗി, അഡീഷനൽ ചീഫ് സെക്രട്ടറി രജനീഷ് ഗോയൽ, ഡി.ജി.പി പ്രവീൺ സൂദ്, ബംഗളൂരു സിറ്റി പൊലീസ് കമീഷണർ കമൽ പന്ത്, മറ്റു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.