മുംബൈ: തന്നെ ഔറംഗസേബ് ഫാൻസ് ക്ലബ്ബിന്റെ നേതാവെന്ന് വിശേഷിപ്പിച്ച കേന്ദ്രമന്ത്രി അമിത് ഷാക്ക് മറുപടിയുമായി മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. പാനിപ്പത്ത് യുദ്ധത്തിൽ മറാത്തികളെ പരാജയപ്പെടുത്തിയ അഫ്ഗാൻ ഭരണാധികാരി അഹ്മദ് ഷാ അബ്ദാലിയുടെ രാഷ്ട്രീയ പിൻഗാമിയാണ് അമിത് ഷാ എന്നായിരുന്നു ഉദ്ധവിന്റെ മറുപടി. അന്ന് പ്രധാനമന്ത്രിയായിരുന്ന നവാസ് ശരീഫിന്റെ പിറന്നാൾ കേക്ക് കഴിക്കാൻ പാകിസ്താനിലേക്ക് പറന്നവരാണ് ഇപ്പോൾ തങ്ങളെ ഹിന്ദുത്വത്തെ കുറിച്ച് പഠിപ്പിക്കുന്നതെന്നും ഉദ്ധവ് താക്കറെ കുറ്റപ്പെടുത്തി.
''കുറച്ചു ദിവസം മുമ്പ് അഹ്മദ് ഷാ അബ്ദാലിയുടെ രാഷ്ട്രീയ പിൻഗാണി പുണെയിലെത്തി. മറ്റാരുമല്ല അത് അമിത് ഷായാണ്. ശിവസേന ഹിന്ദുത്വം വെടിയണമെന്നാണ് അദ്ദേഹം പറയുന്നത്. ഞങ്ങളെന്തിനത് ഉപേക്ഷിക്കണം? നവാസ് ശരീഫ് പ്രധാനമന്ത്രിയായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ പിറന്നാൾ കേക്ക് കഴിക്കാൻ പാകിസ്താനിലേക്ക് പോയവർ ഞങ്ങളെ ഹിന്ദുത്വം പഠിപ്പിക്കാൻ വരേണ്ട.''-എന്നായിരുന്നു ഉദ്ധവ് താക്കറെയുടെ മറുപടി.
മുഖ്യമന്ത്രി മാജി ലഡ്‌കി ബഹിൻ പദ്ധതിക്കെതിരെയും ഉദ്ധവ് രംഗത്ത് വന്നു. വോട്ടർമാർക്ക് കൈക്കൂലിയായി അവർ സൗജന്യങ്ങൾ നൽകുകയാണെന്നായിരുന്നു ഉദ്ധവിന്റെ ആരോപണം.. ജൂലൈ 21ന്, മഹാരാഷ്ട്രയിലെ പുണെയിൽ ബി.ജെ.പി കോൺക്ലേവിനെ അഭിസംബോധന ചെയ്യവെയാണ് അമിത് ഷാ, മഹാ വികാസ് അഘാഡി സഖ്യത്തെ 'ഔറംഗസേബ് ഫാൻസ് ക്ലബ്' എന്ന് വിളിച്ചതും ഉദ്ധവ് താക്കറെ ആ ക്ലബ്ബിന്റെ നേതാവാണ് എന്ന് ആരോപിച്ചതും. ഞങ്ങളുടെ ഹിന്ദുത്വം വിശദീകരിച്ചതിന് ശേഷവും മുസ്‌ലിംകൾ ഞങ്ങളോടൊപ്പമുണ്ടെങ്കിൽ, ബി.ജെ.പിയുടെ അഭിപ്രായത്തിൽ ഞങ്ങൾ ഔറംഗസേബ് ഫാൻ ക്ലബ് ആണ്. അങ്ങനെയെങ്കിൽ ബി.ജെ.പി ചെയ്യുന്നത് പവർ ജിഹാദാണ്.- പുണെയിൽ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്യവെ താക്കറെ പറഞ്ഞു.
ഭരണത്തിലിരിക്കാൻ രാഷ്ട്രീയ പാർട്ടികളെ തകർത്ത് ബി.ജെ.പി അധികാര ജിഹാദിൽ മുഴുകുകയാണെന്നും ഉദ്ധവ് കുറ്റപ്പെടുത്തി. തങ്ങളുടെ സഖ്യകക്ഷികളെ ബി.ജെ.പി തകർക്കുകയാണെന്നും ശിവസേനയിലെയും എൻ.സി.പിയിലെയും പിളർപ്പ് ചൂണ്ടിക്കാട്ടിഉദ്ധവ് താക്കറെ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.