മുംബൈ: ശക്തികേന്ദ്രങ്ങളിലെ വോട്ടർമാരെ ആകർഷിക്കുന്ന വാഗ്ദാനങ്ങളുമായി ഉദ്ധവ് പക്ഷ ശിവസേന. മഹാവികാസ് അഘാഡി (എം.വി.എ) അധികാരത്തിലെത്തിയാൽ മുംബൈ നഗരത്തിലെ ധാരാവി പുനർനിർമാണ പദ്ധതിയും രത്നഗിരിയിലെ എണ്ണ ശുദ്ധീകരണ പദ്ധതിയും റദ്ദാക്കുമെന്നാണ് വാഗ്ദാനം. ബുധനാഴ്ച എം.വി.എ പൊതുയോഗത്തിൽ അഞ്ചിന വാഗ്ദാനങ്ങൾ പ്രഖ്യാപിച്ചതിന് പുറമെയാണിത്. വ്യാഴാഴ്ചയാണ് ഉദ്ധവ് താക്കറെ പാർട്ടിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പ്രഖ്യാപിച്ചത്.
മുംബൈ, താണെ, രത്നഗിരി പ്രദേശങ്ങളാണ് ശിവസേനയുടെ പ്രധാന ശക്തി കേന്ദ്രങ്ങൾ. 288ൽ 75 സീറ്റുകളുള്ള ഈ പ്രദേശങ്ങളാണ് കൊങ്കൺ മേഖലയായി അറിയപ്പെടുന്നത്. കൊങ്കണിൽ 49 സീറ്റുകളിൽ ഷിൻഡെ പക്ഷ ശിവസേനയും ഉദ്ധവ് പക്ഷ ശിവസേനയും മുഖാമുഖം നേരിടുന്നു. യഥാർഥ ശിവസേന ഏതുപക്ഷമെന്നും ബാൽ താക്കറെയുടെ യഥാർഥ പാരമ്പര്യം ആരുടേതെന്നും ജനം വിധിയെഴുതുന്ന തെരഞ്ഞെടുപ്പുകൂടിയാണിത്.
മുംബൈയിലെ വർളിയിൽ ഉദ്ധവിന്റെ മകൻ ആദിത്യയും മാഹിമിൽ എം.എൻ.എസ് അധ്യക്ഷൻ രാജ് താക്കറെയുടെ മകൻ അമിത് താക്കറെയും മത്സരിക്കുന്നു. താണെയിലെ കൊപ്രി-പച്ച്പഖഡിയിലാണ് ഏക്നാഥ് ഷിൻഡെ ജനവിധി തേടുന്നത്. ഏക്നാഥ് ഷിൻഡെ സർക്കാർ അദാനി ഗ്രൂപ്പിനാണ് ധാരാവി പുനർനിർമാണ കരാർ നൽകിയത്. അതിനായി മറ്റിടങ്ങളിൽ ഭൂമി നൽകുകയുംചെയ്തു.
എന്നാൽ, ധാരാവിയിലെ ജനം ഇതിനെ എതിർക്കുന്നു. നഗരത്തിലെ കോളിവാട, ഗാവ്തൻസ് പുനർനിർമാണം അവിടത്തെ ജനങ്ങളെ കണക്കിലെടുത്താകും നടപ്പാക്കുകയെന്നും ഉദ്ധവ് പക്ഷം വാക്ക് നൽകുന്നു. രത്നഗിരിയിലെ എണ്ണ ശുദ്ധീകരണശാലയുമായി ബന്ധപ്പെട്ടും അവിടത്തെ ജനവികാരം അനുകൂലമാക്കുകയാണ് ഉദ്ധവ് പക്ഷത്തിന്റെ ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.