റിപ്പബ്ലിക് ടി.വിയെ വിടില്ല; മഹാരാഷ്ട്രയിലെ കേസുകൾ സി.ബി.ഐ അന്വേഷിക്കുന്നതിന് അനുമതി പിൻവലിച്ച് ഉദ്ധവ്

മുംബൈ: സംസ്ഥാനത്തെ കേസുകൾ ഏറ്റെടുത്ത് അന്വേഷിക്കാൻ കേന്ദ്ര ഏജൻസിയായ സി.ബി.െഎക്ക് നൽകിയിരുന്ന അനുമതി മഹാരാഷ്ട്ര സർക്കാർ പിൻവലിച്ചു. ഇനി സംസ്ഥാനത്തിനകത്തെ കേസുകൾ അന്വേഷിക്കാൻ സി.ബി.ഐക്ക് മഹാരാഷ്ട്ര സർക്കാറിന്‍റെ അനുമതി വേണമെന്ന് തീരുമാനത്തിൽ പറയുന്നു. റിപ്പബ്ലിക് ടി.വിയുടെ ടി.ആർ.പി തട്ടിപ്പ് കേസ് സി.ബി.ഐ ഏറ്റെടുക്കുന്നത് തടയുക ലക്ഷ്യമിട്ടാണ് നീക്കമെന്ന് വിലയിരുത്തപ്പെടുന്നു.

റിപ്പബ്ലിക് ടി.വി ഉൾപ്പെടെ മൂന്ന് ചാനലുകൾ ഉൾപ്പെട്ട ടി.ആർ.പി തട്ടിപ്പ് കേസ് മഹാരാഷ്ട്ര പൊലീസ് അന്വേഷിച്ചു വരുന്നതിനിടെ യു.പി പൊലീസ് സമാന കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം സി.ബി.ഐക്ക് കൈമാറിയിരുന്നു. മഹാരാഷ്ട്ര പൊലീസ് അന്വേഷിക്കുന്ന കേസും സി.ബി.ഐ ഏറ്റെടുക്കുമെന്ന അഭ്യൂഹമുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്തെ കേസുകൾ സി.ബി.ഐ അന്വേഷിക്കാൻ അനുമതി വേണമെന്ന നിബന്ധന കൊണ്ടുവരുന്നത്. കേന്ദ്രവുമായുള്ള കൊമ്പുകോർക്കലിന്‍റെ ഭാഗമായാണിതെന്നാണ് വിലയിരുത്തൽ.

റിപ്പബ്ലിക് ടി.വി ഉൾപ്പെട്ട ടി.ആർ.പി തട്ടിപ്പ് കേസിൽ അന്വേഷണം ഇല്ലാതാക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് കേന്ദ്ര ഏജൻസിയായ സി.ബി.ഐ കേസ് ഏറ്റെടുക്കുന്നതെന്ന് ഭരണകക്ഷി നേതാക്കൾ പറയുന്നു.

രാജസ്ഥാൻ, ഛത്തീസ്ഗഢ്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങൾ സി.ബി.ഐ അന്വേഷണത്തിന്‍റെ കാര്യത്തിൽ നിലവിൽ സമാന തീരുമാനം കൈക്കൊണ്ടിട്ടുണ്ട്.

അതേസമയം, സുശാന്ത് സിങ് രാജ്പുതിന്‍റെ മരണവുമായി ബന്ധപ്പെട്ട് കേസിലെ അന്വേഷണത്തെ പുതിയ തീരുമാനം ബാധിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി. സുപ്രീംകോടതി നിർദേശപ്രകാരമുള്ള അന്വേഷണമായതിനാൽ സംസ്ഥാന സർക്കാറിന്‍റെ അനുമതി ആവശ്യമില്ല. 

ടി.വി.കാഴ്ചക്കാരുടെ എണ്ണം അളക്കുന്ന റേറ്റിങ് സംവിധാനത്തിൽ തട്ടിപ്പ് നടന്നതായി കണ്ടെത്തിയ മുംബൈ പൊലീസ് മൂന്ന് ചാനലുകൾക്കെതിരെ കേസെടുത്തിരുന്നു. റിപ്പബ്ളിക് ടി.വിക്കും രണ്ട് മറാഠി ചാനലുകൾക്കും എതിരെയായിരുന്നു കേസ്. പ്രേക്ഷകരുടെ എണ്ണം അളക്കുന്ന മീറ്ററുകൾ സ്ഥാപിച്ചിട്ടുള്ള വീട്ടുകാര്‍ക്ക് പണം നൽകി സ്വാധീനിക്കുന്നു എന്നായിരുന്നു മുംബൈ പൊലീസിന്‍റെ കണ്ടെത്തൽ. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.