മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രിയായതിന് പിന്നാലെ വിമത നേതാവ് ഏക്നാഥ് ഷിൻഡെക്കെതിരെ അച്ചടക്ക നടപടിയുമായി ശിവസേന. പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയ ഷിൻഡെയെ പ്രാഥമിക അംഗത്വത്തിൽ നിന്നും പദവികളിൽ നിന്നും പുറത്താക്കിയതായി അധ്യക്ഷൻ ഉദ്ധവ് താക്കറെ അറിയിച്ചു.
അതേസമയം, ഉദ്ധവ് താക്കറെ സർക്കാറിനെ മറിച്ചിട്ട് ബി.ജെ.പി പിന്തുണയിൽ മുഖ്യമന്ത്രിയായി അധികാരമേറ്റ ഏക്നാഥ് ഷിൻഡെ തിങ്കളാഴ്ച നിയമസഭയിൽ വിശ്വാസവോട്ട് തേടും. ഷിൻഡെ മുഖ്യമന്ത്രിയായും ബി.ജെ.പിയുടെ ദേവേന്ദ്ര ഫഡ്നാവിസ് ഉപമുഖ്യമന്ത്രിയായും അധികാരമേറ്റതിന് പിന്നാലെ വിശ്വാസ വോട്ടെടുപ്പിനും സ്പീക്കർ തെരഞ്ഞെടുപ്പിനും ഗവർണർ രണ്ട് ദിവസത്തെ പ്രത്യേക സഭ വിളിക്കുകയായിരുന്നു.
സ്പീക്കർ തെരഞ്ഞെടുപ്പ് ഞായറാഴ്ചയാണ്. പാർട്ടി എം.എൽ.എ രാഹുൽ നർവേക്കറാണ് ബി.ജെ.പിയുടെ സ്പീക്കർ സ്ഥാനാർഥി. 2019ൽ ബി.ജെ.പിയിലെത്തും മുമ്പ് ശിവസേനയുടെയും തുടർന്ന് എൻ.സി.പിയുടെയും മാധ്യമവിഭാഗം മേധാവിയായിരുന്നു രാഹുൽ.
ഗോവയിൽ കഴിയുന്ന വിമത എം.എൽ.എമാർ ശനിയാഴ്ച വൈകീട്ടോടെ മുംബൈയിലെത്തും. 39 ശിവസേന വിമതരും 11 ചെറു പാർട്ടി, സ്വതന്ത്ര എം.എൽ.എമാരുമാണ് ഷിൻഡെ ക്യാമ്പിലുള്ളത്. ബി.ജെ.പിയുടെ 106 അടക്കം 170 പേരുടെ പിന്തുണ തനിക്കുള്ളതായി ഷിൻഡെ അവകാശപ്പെട്ടു. രാജ് താക്കറെയുടെ എം.എൻ.എസിന്റെ ഏക എം.എൽ.എക്കും ഷിൻഡെ മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തതായാണ് റിപ്പോർട്ട്.
വിമതനീക്കത്തോടെ ശിവസേന (16), എൻ.സി.പി (54), കോൺഗ്രസ് (44) സഖ്യത്തിന്റെ അംഗബലം 114 ആയി ചുരുങ്ങി. മുഖ്യനായതിന് പിന്നാലെ ഷിൻഡെയെയും മറ്റ് 15 വിമതരെയും നിയമസഭയിൽ പ്രവേശിപ്പിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ശിവസേന നൽകിയ ഹരജി സുപ്രീംകോടതി 11 ലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.