ചെന്നൈ: സ്കൂൾ ഭക്ഷണ പദ്ധതിയെ പരിഹസിച്ച് വലതുപക്ഷ തമിഴ് പത്രമായ 'ദിനമലറി'ൽ വന്ന വാർത്തക്കെതിരെ രൂക്ഷ വിമർശനവുമായി തമിഴ്നാട് യുവജന, കായിക ക്ഷേമ വകുപ്പ് മന്ത്രി ഉദയനിധി സ്റ്റാലിൻ. ദ്രാവിഡർ വിദ്യാഭ്യാസം ശ്രദ്ധിക്കുമ്പോൾ ആര്യൻ മോഡലിന്‍റെ ശ്രദ്ധ കക്കൂസ് നിറയുന്നതിലേക്കാണെന്നുമായിരുന്നു ഉദയനിധി സ്റ്റാലിന്‍റെ പ്രതികരണം. സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.
കുട്ടികൾക്ക് കൂടുതൽ ഭക്ഷണം കഴിക്കാൻ കിട്ടിയത് ടോയ്‍ലറ്റുകൾ നിറഞ്ഞുകവിയാൻ കാരണമായെന്നാണ് ദിനമലർ പുറത്തുവിട്ട വാർത്തയിൽ പറയുന്നത്.
അടുത്തിടെയാണ് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ സർക്കാർ സ്കൂൾ വിദ്യാർഥികൾക്ക് പോഷകാഹാരം ഉറപ്പാക്കുന്നതിന്‍റെ ഭാഗമായി പ്രഭാത ഭക്ഷണ പദ്ധതിയായ 'തമിഴ്നാട് മുതലമൈച്ചർ കാലായി ഉണവ് തിട്ടം' ആരംഭിക്കുന്നത്. വിദ്യാർഥികൾ കൂടുതൽ ആർജവത്തോടെ സ്കൂളിലെത്തണമെന്നും ഇവർക്ക് പോഷകാഹാരം ലഭ്യമാക്കണമെന്നുമുള്ള ഉദ്ദേശത്തോടെയായിരുന്നു പദ്ധതി ആരംഭിച്ചത്. എന്നാൽ വിദ്യാർഥികൾ വീട്ടിൽ നിന്നും ഭക്ഷണം കഴിച്ചാണ് വരുന്നത്. അതുകൂടാതെ സ്കൂളിൽ നിന്നും പ്രഭാതഭക്ഷണം നൽകുന്നത് അവർ ടോയ്‍ലറ്റുകൾ കൂടുതൽ ഉപയോഗിക്കാൻ കാരണമാകുകയാണ് എന്നാണ് ദിനമലറിന്‍റെ വാർത്തയുടെ ഉള്ളടക്കം. ത്രിച്ചിയിലെ സ്വകാര്യ സ്കൂളിലെ വിദ്യാർഥികളെ പ്രഭാതഭക്ഷണം നൽകാതെ സ്കൂളിലേക്ക് അയക്കണമെന്ന് ചൂണ്ടിക്കാട്ടി മാതാപിതാക്കൾക്ക് അയച്ച വാട്സ്ആപ്പ് സന്ദേശവും വാർത്തയോടൊപ്പം ചേർത്തിട്ടുണ്ട്. രണ്ട് പ്രഭാത ഭക്ഷണങ്ങൾ കഴിക്കുന്നതിനാൽ കുട്ടികൾ ടോയ്‍ലറ്റ് കൂടുതലായി ഉപയോഗിക്കുന്നുണ്ടെന്നും മാതാപിതാക്കൾ കുട്ടികൾക്ക് ടോയ്‍ലറ്റ് എങ്ങനെ ഉപയോഗിക്കാമെന്നതിൽ പരിശീലനം നൽകണമെന്നും സന്ദേശത്തിലുണ്ട്.
വാർത്ത വ്യാപകമായി പ്രചരിച്ചതോടെ നിരവധി പേരാണ് ദിനമലർ പത്രത്തിനെതിരെ വിമർശനവുമായി രംഗത്തെത്തിയത്. കുട്ടികൾ ഉൾപ്പെടെ പത്രത്തിന്‍റെ കോപ്പികൾ കത്തിക്കുകയും പത്ര ഓഫീസിലേക്ക് മാർച്ച് നടത്തുകയും ചെയ്തിരുന്നു. അതേസമയം വിവാദ വാർത്ത പത്രത്തിന്‍റെ എല്ലാ എഡിഷനുകളിലും പ്രസിദ്ധീകരിച്ചിട്ടില്ലെന്നാണ് ദിനമലർ പ്രവർത്തകരുടെ വാദം. ചെന്നൈ, കോയമ്പത്തൂർ, മധുര, തിരുനെൽവേലി തുടങ്ങിയ എഡിഷനുകളിൽ വാർത്ത പ്രസിദ്ധീകരിച്ചിട്ടില്ല. ഇവ കൈകാര്യം ചെയ്യുന്നത് കെ. രാമസുബ്ബു ആണ്. ഇറോഡ്, സേലം തുടങ്ങി ആർ. സത്യമൂർത്തി കൈകാര്യം ചെയ്യുന്ന എഡിഷനുകളിൽ മാത്രമാണ് വിവാദ വാർത്ത പ്രസിദ്ധീകരിക്കപ്പെട്ടത്. സഹോദരങ്ങളായ രാമസുബ്ബുവും സത്യമൂർത്തിയും തമ്മിൽ കുടുംബവഴക്ക് നടക്കുകയാണെന്നും പല എഡിഷനുകളായി തിരിച്ചാണ് ഇരുവരും പ്രവർത്തിക്കുന്നതെന്നുമാണ് അധികൃതരുടെ വിശദീകരണം.
വാർത്തയെ രൂക്ഷമായി വിമർശിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനും രംഗത്തെത്തിയിരുന്നു. ഒരു സമുദായത്തിന് അധ്വാനിക്കാതെ ഭക്ഷണം കഴിക്കാമെന്നും മറ്റൊരു വിഭാഗം അധ്വാനിക്കണമെന്നുമാണ് മനുവാദികളുടെ വിശ്വാസം. പക്ഷേ ദ്രാവിഡ ഭരണം ഇതിന് മാറ്റം കൊണ്ടുവന്നുവെന്നും അദ്ദേഹം വാർത്ത പങ്കുവെച്ച് കൊണ്ട് ട്വിറ്ററിൽ കുറിച്ചു.
"സാമൂഹിക നീതി സംരക്ഷിക്കുന്നതിനാണ് ദ്രാവിഡ പ്രസ്ഥാനം സൃഷ്ടിക്കപ്പെട്ടത്. എല്ലാവർക്കും എല്ലാത്തിനും അധികാരവും അവകാശവുമുണ്ടെന്നാണ് ദ്രാവിഡ വിശ്വാസം. എന്ത് നൽകിയാലും ശുദ്രർക്ക് വിദ്യാഭ്യാസം നൽകരുത് എന്ന ആശയത്തെ ദ്രാവിഡ ഭരണം ഇല്ലാതാക്കി, എല്ലാവർക്കും ഒരുപോലെ വിദ്യാഭ്യാസം ഉറപ്പാക്കി വിപ്ലവം സൃഷ്ടിച്ചു. ചന്ദ്രയാൻ-3ന്‍റെ വിക്ഷേപണം നടക്കുന്ന ഇക്കാലത്ത് സനാതനധർമത്തിന് ഇത്തരത്തിൽ തലക്കെട്ടുകൾ നൽകാൻ സാധിക്കുമെങ്കിൽ നൂറ് വർഷം മുമ്പ് ഇവർ എന്തായിരിക്കും ചെയ്തിരിക്കുക? അടിച്ചമർത്തപ്പെട്ടവരുടെ സ്ഥിതി എന്തായിരുന്നിരിക്കും? അക്രമം ഇനിയും കെട്ടടങ്ങിയിട്ടില്ല"- സ്റ്റാലിൻ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.