ന്യൂഡൽഹി: ഉജ്ജ്വല പദ്ധതിപ്രകാരം പാവപ്പെട്ട വനിതകൾക്ക് പാചകവാതക സിലിണ്ടറിന് നൽകിവരുന്ന 300 രൂപ സബ്സിഡി ഏപ്രിൽ ഒന്നു മുതൽ ഒരു വർഷത്തേക്കുകൂടി തുടരാൻ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു. ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ ഒരാഴ്ച മാത്രം ബാക്കിനിൽക്കെയാണ് ഇത്.
പ്രതിവർഷം 14.2 കിലോഗ്രാമിന്റെ 12 സിലിണ്ടറുകൾക്കാണ് സബ്സിഡി നൽകുന്നത്. കഴിഞ്ഞ ഒക്ടോബറിലാണ് സബ്സിഡി 200ൽനിന്ന് 300 രൂപയാക്കിയത്. മാർച്ച് 31ന് അവസാനിപ്പിക്കാനിരുന്ന സബ്സിഡി അടുത്ത സാമ്പത്തിക വർഷവും തുടരാൻ കേന്ദ്ര മന്ത്രിസഭയുടെ സാമ്പത്തികകാര്യ സമിതിയാണ് അനുമതി നൽകിയത്. 10 കോടിയോളം കുടുംബങ്ങൾക്ക് പ്രയോജനപ്പെടും. ഖജനാവിൽ നിന്ന് 12,000 കോടി രൂപയാണ് പ്രതിവർഷം നൽകുന്നത്.
ഇന്ത്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മിഷൻ പദ്ധതിക്കായി അടുത്ത അഞ്ചു വർഷത്തേക്ക് 10,372 കോടി രൂപ വകയിരുത്താനും കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനത്തിന് 10,000 ജി.പി.യുവിൽ കൂടുതൽ വരുന്ന സൂപ്പർ കമ്പ്യൂട്ടിങ് ശേഷി ലഭ്യമാക്കുന്ന വൻകിട കമ്പ്യൂട്ടിങ് സൗകര്യം രൂപപ്പെടുത്തുകയാണ് ലക്ഷ്യം. മിഷനു കീഴിൽ സ്ഥാപിക്കുന്ന സംവിധാനം സ്റ്റാർട്ടപ്പുകൾ, അക്കാദമിക-ഗവേഷണ മേഖല, വ്യവസായങ്ങൾ എന്നിവക്ക് ലഭ്യമാക്കും. മിഷനു കീഴിൽ ദേശീയ ഡേറ്റ മാനേജ്മെന്റ് ഓഫിസർ ഉണ്ടാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.