ശ്രീനഗർ: ഏറെ വികാരഭരിതമായിരുന്നു ആ കുറിപ്പ് - "എട്ടു മാസത്തിന് ശേഷം മാതാപിതാക്കൾക്കൊപ്പം ഉച്ചഭക്ഷണം കഴിച്ചു." എട്ടുമാസത്തോളം വീട്ടുതടങ്കലിൽ കഴിഞ്ഞ ശേഷം മോചിതനായ നാഷനൽ കോൺഫറൻസ് നേതാവും കശ്മീർ മുൻ മുഖ്യമന്ത്രിയുമായ ഉമ ർ അബ്ദുല്ലയുടേതായിരുന്നു ഈ ട്വീറ്റ്. പിതാവ് ഫാറൂഖ് അബ്ദുല്ലക്കും മാതാവ് മോളി അബ്ദുല്ലക്കുമൊപ്പം നിൽക്കുന്ന ചിത്രമടക്കമുള്ള ട്വീറ്റ് വൈറലാകാൻ ഏറെ നേരം വേണ്ടി വന്നില്ല.
232 ദിവസത്തെ വീട്ടുതടങ്കലിന് ശേഷം മോചിതനായപ്പോൾ "2019 ആഗസ്റ്റ് അഞ്ചിനേക്കാൾ തികച്ചും വ്യത്യസ്തമായ ലോകമാണിത്" എന്നായിരുന്നു ഉമറിന്റെ ആദ്യ പ്രതികരണം. " 2019 ആഗസ്റ്റ് അഞ്ചിന് ശേഷം ഒരുപാട് കാര്യങ്ങൾ സംഭവിച്ചു. ജനങ്ങൾ ഒരുപാട് സഹിച്ചു. അതെക്കുറിച്ചെല്ലാം ദീർഘമായി പിന്നീട് സംസാരിക്കാം. ഇപ്പോൾ കൊറോണ വൈറസിനെ നേരിടുന്നതിനെ കുറിച്ചാണ് ആലോചിക്കേണ്ടത്. " - അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
ഇത്രയും നാൾ " വീട്ടു നിരീക്ഷണത്തിൽ " ആയിരുന്നതിനാൽ കോവിഡ്- 19 ഭീതി മൂലം പുറത്തിറങ്ങാൻ കഴിയാതിരിക്കുന്നവർക്കാവശ്യമായ ഉപദേശങ്ങൾ തനിക്ക് നൽകാനാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഔദ്യോഗിക വസതിക്ക് ഏതാനും മീറ്ററുകൾ അകലെ മാത്രമായ ഗവ. ഗസ്റ്റ് ഹൗസായ ഹരി നിവാസിൽ ആയിരുന്നു ഉമറിനെ തടവിൽ പാർപ്പിച്ചിരുന്നത്. മോചിതനാകുന്ന വിവരം അറിഞ്ഞയുടൻ മാതാവ് മോളി അബ്ദുല്ലയാണ് ആദ്യം ഇവിടെയെത്തുന്നത്. മാസ്ക് ധരിച്ച് മാധ്യമ പ്രവർത്തകരും പാർട്ടി അനുയായികളും ഹരി നിവാസിന് മുന്നിൽ തടിച്ചുകൂടിയിരുന്നു. നേരെ വസതിയിലേക്ക് പോയ അദ്ദേഹം മാതാപിതാക്കൾക്കൊപ്പമുള്ള ചിത്രമടങ്ങിയ ട്വീറ്റിൽ ഇത്ര കൂടി എഴുതി. -വീട്ടുതടങ്കലിലായിരുന്നപ്പോൾ നല്ലൊരു ഭക്ഷണം കഴിച്ചതായി ഓർക്കുന്നു പോലുമില്ല".
അനാവശ്യമായി തടങ്കലിൽ വെച്ചിരിക്കുന്ന എല്ലാ രാഷ്ട്രീയ നേതാക്കളെയും മോചിപ്പിക്കണമെന്നും കശ്മീരിൽ അതിവേഗ ഇൻറർനെറ്റ് പുനഃസ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കശ്മീരിൻെറ പ്രത്യേക പദവി എടുത്തുകളഞ്ഞതിനെ തുടർന്നാണ് ഉമർ അബ്ദുല്ല വീട്ടുതടങ്കലിലായത്.
ആറുമാസത്തെ കസ്റ്റഡി കാലവധി തീർത്ത ശേഷം ഫെബ്രുവരിയിൽ ഉമർ അബ്ദുല്ലയെ പൊതുസുരക്ഷ നിയമത്തിന്റെ കീഴിൽ വീണ്ടും വീട്ടുതടങ്കലിൽ ആക്കുകയായിരുന്നു. കേന്ദ്രം തടവിലാക്കിയ ശേഷം പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ കഴിയുകയായിരുന്ന ഈ മുൻ കേന്ദ്ര വിദേശകാര്യ മന്ത്രിയുടെ താടി നീട്ടി വളർത്തിയ ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. പിതാവും കശ്മീര്‍ മുന്‍ മുഖ്യന്ത്രിയുമായ ഫാറൂഖ് അബ്ദുല്ല 221 ദിവസത്തെ തടവിന് ശേഷം ഈ മാസം 13നാണ് മോചിതനായത്. മറ്റൊരു മുന്‍ മുഖ്യന്ത്രിയും പി.ഡിപി നേതാവുമായ മെഹബൂബ മുഫ്തി ഇപ്പോഴും തടങ്കലിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.