ടീസ്റ്റയുടെ അറസ്റ്റിനെതിരെ ഐക്യരാഷ്ട്ര സഭ; 'മനുഷ്യാവകാശ ധ്വംസനങ്ങളെ എതിർക്കുന്നത് കുറ്റമല്ല'

ന്യൂഡൽഹി: മനുഷ്യാവകാശ പ്രവർത്തക ടീസ്റ്റ സെറ്റൽവാദി​നെ ഗുജറാത്ത് പൊലീസ് അറസ്റ്റ് ചെയ്ത സംഭവത്തിൽ കടുത്ത ആശങ്ക പങ്കുവെച്ച് ഐക്യരാഷ്ട്ര സഭ. വിദ്വേഷത്തിനും വിവേചനത്തിനുമെതിരെ ശബ്ദമുയർത്തുന്നയാളാണ് ടീസ്റ്റയെന്ന് ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ പ്രവർത്തനങ്ങൾക്കുള്ള പ്രത്യേക റിപ്പോർട്ടർ മേരി ലോലർ പറഞ്ഞു.

'ഗുജറാത്ത് ഭീകര വിരുദ്ധ സേന ടീസ്റ്റ സെറ്റൽവാദിനെ അറസ്റ്റ് ചെയ്തതിൽ കടുത്ത ആശങ്കയുണ്ട്. വിദ്വേഷത്തിനും വിവേചനത്തിനുമെതിരെ ശക്തമായ നിലപാടുകൾ സ്വീകരിച്ച വ്യക്തിയാണ് ടീസ്റ്റ. മനുഷ്യാവകാശ ധ്വംസനങ്ങളെ എതിർക്കുക എന്നത് കുറ്റകൃത്യമല്ല. അവരെ വിട്ടയക്കണമെന്നും ഇന്ത്യൻ ഭരണാധികാരികൾ അവരെ പീഡിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും ആവശ്യപ്പെടുന്നു' -മേരി ലോലർ ട്വീറ്റ് ചെയ്തു.

ശനിയാഴ്ച വൈകീട്ട് മൂന്നോടെ മുംബൈയിലെ വസതിയിലെത്തിയാണ് ഗുജറാത്ത് ഭീകരവിരുദ്ധസേന (എ.ടി.എസ്) ടീസ്റ്റയെ കസ്റ്റഡിയിലെടുത്ത് സാന്താക്രൂസ് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയത്. കസ്റ്റഡിയിലെടുത്ത തന്നെ എ.ടി.എസ് മർദിച്ചുവെന്ന് ടീസ്റ്റ പറഞ്ഞിരുന്നു. ഇന്ന് വൈദ്യപരിശോധനക്ക് അഹമ്മദാബാദ് ആശുപത്രിയിൽ എത്തിച്ചപ്പോഴായിരുന്നു ടീസ്റ്റയുടെ പ്രതികരണം.

2002 ൽ നടന്ന ഗുജറാത്ത് വംശഹത്യയിൽ കൃത്രിമ തെളിവുകൾ ഉണ്ടാക്കി അന്വേഷണം വഴിതെറ്റിക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ചാണ് ടീസ്റ്റക്കെതിരെയും മുൻ ഗുജറാത്ത് ഡി.ജി.പി ആർ.ബി. ശ്രീകുമാറിനെതിരെയും മുൻ ഡി.ഐ.ജി സഞ്ജീവ് ഭട്ടിനെതിരെയും പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.

ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘത്തിനും ജസ്റ്റിസ് നാനാവതി കമീഷനും മുമ്പാകെ വ്യാജ വിവരങ്ങളടങ്ങിയ സത്യവാങ്മൂലങ്ങൾ സമർപ്പിച്ച് അന്വേഷണം വഴിതെറ്റിക്കാൻ ശ്രമിച്ചതായി ആരോപിച്ച് ടീസ്റ്റക്കും ശ്രീകുമാറിനും മുൻ ഡി.ഐ.ജി സഞ്ജീവ് ഭട്ടിനുമെതിരെ സംസ്ഥാന ക്രൈം ബ്രാഞ്ച് ശനിയാഴ്ചയാണ് കേസ് രജിസ്റ്റർ ചെയ്തത്. നിയമപ്രക്രിയയെ വഴിതെറ്റിക്കാൻ ശ്രമിച്ചതിന് വെള്ളിയാഴ്ച സുപ്രീംകോടതി ഇവരെ വിമർശിക്കുകയും നടപടിയെടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇക്കാര്യം കൂടി ചൂണ്ടിക്കാട്ടിയാണ് ക്രൈം ബ്രാഞ്ച് കേസെടുത്തത്. ഇതിനുപിന്നാലെയാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. സഞ്ജീവ് ഭട്ട് നേരത്തേ തന്നെ ജയിലിലാണ്. വീട്ടിൽ അതിക്രമിച്ചുകയറി ടീസ്റ്റയെ കൈയേറ്റം ചെയ്ത് കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്ന് അഭിഭാഷകൻ വിജയ് ഹിരേമത് ആരോപിച്ചു.

2002ലെ ഗുജറാത്ത് വംശഹത്യയിൽ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി അടക്കം ബി.ജെ.പി സർക്കാറിലെ 63 ഉന്നതരെയും വെള്ളിയാഴ്ച കുറ്റമുക്തരാക്കിയ സുപ്രീംകോടതി ടീസ്റ്റയും ശ്രീകുമാറും ഭട്ടും അടക്കമുള്ളവർ നിയമപ്രക്രിയ ദുരുപയോഗം ചെയ്തതിൽ പങ്കാളികളാണെന്നും അവർക്കെതിരെ നിയമപ്രകാരമുള്ള നടപടിയെടുക്കണ​മെന്നും അഭി​പ്രായപ്പെട്ടിരുന്നു.

ഇതിനുപിന്നാലെ ശനിയാഴ്ച എ.എൻ.ഐക്ക് നൽകിയ അഭിമുഖത്തിൽ ആഭ്യന്തര മന്ത്രി അമിത് ഷായും ടീസ്റ്റക്കെതിരെ രംഗത്തെത്തി. ടീസ്റ്റയുടെ എൻ.ജി.ഒ നിരവധി ഇരകളുടേതെന്ന പേരിൽ അവർ പോലുമറിയാതെ സത്യവാങ്മൂലം സമർപ്പിക്കുകയായിരുന്നുവെന്നാരോപിച്ച അമിത് ഷാ ഇതിന് അന്ന് കേന്ദ്രം ഭരിച്ച യു.പി.എ സർക്കാറിൽനിന്ന് പിന്തുണ ലഭിച്ചതായും പറഞ്ഞിരുന്നു.

ഗുജറാത്ത് വംശഹത്യയിൽ കൊല്ലപ്പെട്ട കോൺഗ്രസ് എം.പി ഇഹ്സാൻ ജാഫരിയുടെ ഭാര്യ സകിയ ജാഫരി മുഖ്യ ഹരജിക്കാരിയായ കേസിൽ സഹ ഹരജിക്കാരിയായിരുന്നു ടീസ്റ്റ. ഗുജറാത്ത് വംശഹത്യയിലെ ഇരകൾക്കായി നിയമപോരാട്ടം നടത്തുന്നതിൽ തുടക്കം മുതൽ മുന്നിലുള്ള ടീസ്റ്റക്കെതിരെ മുമ്പും മോദി സർക്കാർ രംഗത്തെത്തിയിരുന്നു. എൻ.ജി​.ഒയിൽ സാമ്പത്തിക ക്രമക്കേടുകളാരോപിച്ച് സി.ബി.​ഐയും ഗുജറാത്ത് പൊലീസും ടീസ്റ്റക്കെതിരെ നടപടികൾക്ക് ശ്രമിച്ചിരുന്നു.

വംശഹത്യ നടക്കുന്ന കാലത്ത് ഗുജറാത്ത് എ.ഡി.ജി.പി ആയിരുന്ന ശ്രീകുമാറും നരേന്ദ്ര ​മോദി സർക്കാറിനെതിരായ വെളിപ്പെടുത്തലുകളുടെയും നിലപാടുകളുടെയും പേരിൽ നോട്ടപ്പുള്ളിയായിരുന്നു. വംശഹത്യയിൽ​ മോദി സർക്കാറിന്റെ പങ്ക് തുറന്നുകാട്ടിയ ഇന്റലിജൻസ് ചുമതലയുള്ള ഡെപ്യൂട്ടി കമീഷണറായിരുന്ന സഞ്ജീവ് ഭട്ട് 1990ലെ പൊലീസ് കേസിൽ പ്രതിയായി 2011 മുതൽ ജയിലിലാണ്.

Tags:    
News Summary - UN concerned over Teesta Setalvad's arrest; 'It is not a crime to oppose human rights abuses'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.