ന്യൂഡൽഹി: തൊഴിലില്ലായ്മ സംബന്ധിച്ച് ദേശീയ സാമ്പ്ൾ സർവേ ഒാഫിസ് (എൻ.എസ്.എസ്.ഒ) പുറത്തുവിട്ട വിവരങ്ങളിൽ ഇനിയൊരു മാറ്റം സാധ്യമല്ലെന്നും അങ്ങനെ വന്നാൽ അത് മറ്റൊ രു റിപ്പോർട്ട് ആയി മാറുമെന്നും, കേന്ദ്ര സർക്കാറുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർ ന്ന് രാജിവെച്ച മുൻ ദേശീയ സ്റ്റാറ്റിസ്റ്റിക്കൽ കമീഷൻ (എൻ.എസ്.സി) ആക്ടിങ് ചെയർമാൻ. കേന്ദ്ര സർക്കാറിന് വൻ തിരിച്ചടിയായ, രാജ്യത്ത് 45 വർഷത്തിനിടെയുള്ള ഏറ്റവും രൂക്ഷമായ തൊഴിലില്ലായ്മയാണ് 2017-18ലേത് എന്ന സാമ്പ്ൾ സർവേ ഒാഫിസ് റിപ്പോർട്ട് പുറത്തായതിനു പിന്നാലെ ആക്ടിങ് ചെയർമാൻ ആയിരുന്ന പി.സി. മോഹനൻ രാജിവെച്ചിരുന്നു. റിപ്പോർട്ട് പ്രസിദ്ധീകരിക്കാൻ സർക്കാർ വൈകുന്നു എന്നാരോപിച്ചായിരുന്നു മോഹനനും എൻ.എസ്.സി അംഗമായിരുന്ന ജെ. മീനാക്ഷിയും രാജിവെച്ചത്. തൊഴിലില്ലായ്മ 6.1 ശതമാനം എന്ന നിലയിലേക്ക് കൂപ്പുകുത്തിയെന്ന റിപ്പോർട്ട് പത്രവാർത്ത വഴിയാണ് പുറത്തറിഞ്ഞത്.
മോദി സർക്കാറിനെ പ്രതിക്കൂട്ടിലാക്കിയ റിപ്പോർട്ട് നൽകിയ തിരിച്ചടി മറികടക്കാൻ പുതിയ റിപ്പോർട്ട് തട്ടിക്കൂട്ടാൻ അധികൃതർ ശ്രമിക്കുന്നുവെന്ന വാർത്തകളോട് പ്രതികരിക്കുകയായിരുന്നു മോഹനൻ. റിപ്പോർട്ട് സംബന്ധിച്ച വിവരങ്ങൾ സർക്കാറിനെ മുൻകൂട്ടി അറിയിച്ചില്ലെന്ന ആരോപണം നിഷേധിച്ച അദ്ദേഹം, കമീഷെൻറ വാർഷിക റിപ്പോർട്ടിൽ ഇത് ചൂണ്ടിക്കാണിച്ചിരുന്നുവെന്നും മന്ത്രാലയ സെക്രട്ടറിയെ വിവരമറിയിച്ചിരുന്നുവെന്നും വിശദീകരിച്ചു.
ലോക്സഭ തെരഞ്ഞെടുപ്പ് പടിവാതിലിൽ നിൽക്കെ, വൻ തൊഴിലവസരം സൃഷ്ടിക്കുമെന്ന് പറഞ്ഞ് അധികാരത്തിലേറിയ ബി.ജെ.പി സർക്കാറിനെ ഞെട്ടിക്കുന്ന കണക്കുകൾ കേന്ദ്ര ഏജൻസി തന്നെ പുറത്തുവിട്ടതിെൻറ ആഘാതത്തിലാണ് സർക്കാർ മോഹനനുമായി ഇടഞ്ഞത്. യഥാർഥത്തിൽ തൊഴിലുകൾ വർധിച്ചിട്ടുണ്ടെന്നും ഇത് തെളിയിക്കുന്ന കണക്കുകൾ അടങ്ങുന്ന റിപ്പോർട്ട് ഉടൻ പുറത്തുവിടുമെന്നും പ്രധാനമന്ത്രിയുടെ സാമ്പത്തിക കാര്യ ഉപദേശക സമിതി ചെയർമാൻ ബിബേക് ദെേബ്രായ് പ്രസ്താവിച്ചിരുന്നു. എന്നാൽ, താൻ ഇൗ പ്രസ്താവന കണ്ടില്ലെന്നും സാമ്പ്ൾ സർവേ ഒാഫിസ് ഉപയോഗിച്ച അതേ ഡാറ്റ ഉപയോഗിച്ചാണ് ഇനിയും റിപ്പോർട്ട് ഉണ്ടാക്കുന്നത് എങ്കിൽ ഇതേ ഫലംതന്നെയാണ് ലഭിക്കുകയെന്നും മോഹനൻ വ്യക്തമാക്കി. പുതിയ റിപ്പോർട്ട് വേണമെങ്കിൽ പുതിയ ഡാറ്റ ഉപയോഗിക്കേണ്ടി വരുെമന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.