രാജ്യസഭയിൽ ബി.ജെ.പിക്ക് അപ്രതീക്ഷിത തിരിച്ചടി; എ.എ റഹീമിനും ഇംറാൻ പ്രതാപ്ഗഡിക്കും അലീഗഢ് യൂനിവേഴ്സിറ്റി കോർട്ടിലേക്ക് അട്ടിമറി ജയം

ന്യൂഡൽഹി: ‘ഇൻഡ്യ’ സഖ്യം നേടിയ അട്ടിമറി ജയത്തിൽ കേരളത്തിൽ നിന്നുള്ള സി.പി.എം എം.പി എ.എ റഹീമും കോൺഗ്രസ് നേതാവ് ഇംറാൻ പ്രതാപ്ഗഢിയും രാജ്യസഭയിൽ നിന്നുള്ള പ്രതിനിധികളായി കൂടുതൽ വോട്ടുകൾ നേടി അലീഗഢ് മുസ്‍ലിം യൂനിവേഴ്സിറ്റി കോർട്ടിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. വിവാദ ഡൽഹി ബില്ലിൽ 131 രാജ്യസഭാ എം.പിമാരുടെ പിന്തുണ നേടിയ ബി.ജെ.പി തൊട്ടുപിറ്റേന്ന് അലീഗഢ് കോർട്ടിലേക്ക് നിർത്തിയ തീ​വ്ര ഹിന്ദുത്വ നേതാവ് കാന്ത കർദത്തിന് ഏറ്റവും കുറവ് വോട്ടോടെ ദയനീയ പരാജയമേറ്റു വാങ്ങേണ്ടി വന്നു.

അലീഗഢ് കോർട്ടിലേക്ക് രാജ്യസഭയിൽ നിന്ന് നാമനിർദേശം ചെയ്യേണ്ടത് നാല് പേരെയായിരുന്നു. എന്നാൽ അഞ്ച് മൽസരാർഥികളെ സൃഷ്ടിച്ച് ‘ഇൻഡ്യ‘ സഖ്യത്തിലെ ഒരു സ്ഥാനാർഥിയെ പരാജയപ്പെടുത്താനും രണ്ട് തീവ്ര ഹിന്ദുത്വ നേതാക്കളെ അലീഗഢ് കോർട്ടിലേക്ക് എത്തിക്കാനും ബി.ജെ.പി നടത്തിയ ശ്രമമാണ് പരാജയ​പ്പെട്ടത്. ചൊവ്വാഴ്ച രാവിലെ 11 മണി മുതൽ ഉച്ചക്ക് രണ്ട് മണി വരെ പാർലമെന്റിന്റെ 63ാം നമ്പർ മുറിയിൽ രഹസ്യ ബാലറ്റിൽ നടന്ന വോട്ടെടുപ്പിൽ 210 രാജ്യസഭാ എം.പിമാരാണ് വോട്ടുരേഖപ്പെടുത്തിയത്. 53 വോട്ടു നേടി കോൺഗ്രസിന്റെ ഇംറാൻ പ്രതാപ്ഗഢിയും 49 വോട്ടു നേടി സി.പി.എമ്മിന്റെ എ.എ റഹീമും ഒന്നാമതായും രണ്ടാമതായും അലീഗഢ് കോർട്ടിലെത്തി. ബി.ആർ.എസിന്റെ മുഴുവൻ എം.പിമാരും ബി.ജെ.പിയെ പരാജയപ്പെടുത്താൻ ‘ഇൻഡ്യ’ കക്ഷികൾക്കൊപ്പം ഇംറാനും റഹീമിനും വോട്ടു ചെയ്തു.

ഇത് കൂടാതെ പതിവായി രാജ്യസഭയിൽ ബി.ജെ.പിയെ പിന്തുണക്കാറുള്ള പല കക്ഷികളും രഹസ്യ ബാലറ്റിൽ ‘ഇൻഡ്യ’ സ്ഥാനാർഥികളെ പിന്തുണച്ചു. ബി.ജെ.പിയുടെ രണ്ട് വോട്ടുകൾ അസാധുവാകുകയും ചെയ്തു.ഉത്തർപ്രദേശിൽ നിന്നുള്ള മറ്റൊരു തീവ്ര ഹിന്ദുത്വ നേതാവായ ഹർനാഥ് സിങ്ങ് യാദവ് 38 വോട്ടുകളോടെ അലീഗഢ് കോർട്ടിലെത്തിയപ്പോൾ തങ്ങളുടെ സ്ഥാനാർഥികളിൽ തോൽക്കുകയോ മൂന്നാം സ്ഥാനത്താകുകയോ ചെയ്യുമെന്ന് ബി.ജെ.പി പ്രതീക്ഷിച്ച കശ്മീരിൽ നിന്നുള്ള നോമിനേറ്റഡ് എം.പി ഗുലാം അലി യാദവിനേക്കാൾ ഒരു വോട്ടു കൂടുതൽ നേടി 39 വോട്ടിന് ജയിച്ചു.

കേന്ദ്ര മന്ത്രിമാർ അടക്കം ചൊവ്വാഴ്ച സഭയിലെത്തിയ മുഴുവൻ ബി.ജെ.പി എം.പിമാരും വോട്ടു ചെയ്തിട്ടും കാന്ത കർദത്തെ ജയിപ്പിക്കാനായില്ല. ഹിന്ദുത്വ അജണ്ട പ്രകാരം പതിവായി രാജ്യസഭയിൽ വിവാദ സ്വകാര്യ ബില്ലുകൾ കൊണ്ടുവരാറുള്ള ഹർനാഥ് സിങ്ങ് യാദവ് മഥുര, കാശി അടക്കമുള്ള പള്ളികൾ ഹിന്ദുക്കൾക്ക് ക്ഷേത്ര നിർമാണത്തിന് വിട്ടുകിട്ടാൻ 1991ലെ ആരാധനാലയ നിയമം റദ്ദാക്കാനും രാജ്യത്ത് വഖഫ് സ്വത്തുക്കൾക്ക് സംരക്ഷണം നൽകുന്ന നിയമം ഇല്ലാതാക്കാനുമുളള സ്വകാര്യ ബില്ലുകളുമായി എത്തിയിരുന്നു.

Tags:    
News Summary - Unexpected setback for BJP in Rajya Sabha; AA Rahim and Imran Pratapgadi storm to Aligarh Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.