ഹൈദരാബാദ്: അസമിൽ ഏകീകൃത സിവിൽ കോഡ് (യു.സി.സി) ഫെബ്രുവരിയോടെ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. നിയമം പ്രാബല്യത്തിൽ വന്നാൽ ഒന്നിലധികം ഭാര്യമാരെ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചാർമിനാർ സിറ്റിയിൽ നടന്ന പരിപാടിയെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്‍റെ പരാമർശം.
ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കിയാൽ രണ്ടാമത് വിവാഹം കഴിക്കണമെങ്കിൽ ആ വ്യക്തി ആദ്യ ഭാര്യയുമായി നിയമപരമായി ബന്ധം വേർപ്പെടുത്തിയിരിക്കണം. സർക്കാരിന്‍റെ ഈ തീരുമാനത്തോട് മുസ്ലിം സമുദായത്തിൽ നിന്നുപോലും വലിയ പിന്തുണയാണ് ലഭിക്കുന്നതെന്നും ശർമ പറഞ്ഞു. തെലങ്കാനയിലെ പ്രകടനപത്രികയിൽ സംസ്ഥാനത്ത് ഏകീകൃത സിവിൽ കോഡ് നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കിയിരുന്നു. തെലങ്കാനയിൽ ബി.ജെ.പി അധികാരത്തിലെത്തിയാൽ ആറ് മാസത്തിനുള്ളിൽ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുമെന്നായിരുന്നു അദ്ദേഹത്തിന്‍റെ പരാമർശം.
അതേസമയം കോൺഗ്രസും ഭാരതീയ രാഷ്ട്ര സമിതിയും പ്രീണന രാഷ്ട്രീയം നടത്തുകയാണെന്നും വളർച്ചകളിലേക്ക് കുതിക്കുന്ന രാജ്യത്ത് പ്രീണന രാഷ്ട്രീയത്തിന് സ്ഥാനമില്ലെന്നും ശർമ കൂട്ടിച്ചേർത്തു. ഒരു വിഭാഗം ആളുകളെ എതിർക്കുമെന്നതിനാൽ വിമോചന ദിനം ആചരിക്കാൻ കെ.സി.ആറിന് ഭയമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഷായും ആരെയും ഭയപ്പെടില്ലെന്നും അദ്ദേഹം പറഞ്ഞു.
തെലങ്കാനയിൽ ബി.ജെ.പി സർക്കാർ രൂപീകരിച്ചാൽ 30 മിനിറ്റിനുള്ളിൽ ഹൈദരാബാദിന്‍റെ പേര് ഭാഗ്യനഗർ എന്ന് പുനർനാമകരണം ചെയ്യും. അസമിലെ മദ്രസകൾ സന്ദർശിച്ചപ്പോൾ കുട്ടികൾക്ക് ഡോക്ടറും എഞ്ചിനീയറും ആകണമെന്ന് പറഞ്ഞിരുന്നു. കുട്ടികളുടെ ആവശ്യങ്ങൾ പൂർത്തിയാക്കുന്ന തരത്തിലുള്ള വിദ്യാഭ്യാസം മദ്രസകൾ നൽകുന്നില്ലെന്നും മദ്രസകളെ സ്കൂളുകളാക്കി മാറ്റിയതോടെ എല്ലാവരും സന്തുഷ്ടരായെന്നും ശർമ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.