ന്യൂഡൽഹി: ഏക സിവിൽ കോഡ് നടപ്പാക്കുന്നത് സംബന്ധിച്ച് പൊതുജനങ്ങൾക്ക് നിയമ കമീഷനെ അഭിപ്രായം അറിയിക്കാനുള്ള സമയപരിധി രണ്ടുദിവസം കൊണ്ട് അവസാനിക്കും. ഇതുവരെ 46 ലക്ഷം പ്രതികരണങ്ങൾ ലഭിച്ചതായി കമീഷൻ അധികൃതർ അറിയിച്ചു. വരും ദിവസങ്ങളിൽ അംഗീകൃത മത സംഘടനകൾ അടക്കമുള്ളവയുടെ പ്രതിനിധികളുമായി കമ്മീഷൻ ഹിയറിങ് നടത്തുമെന്നും ക്ഷണക്കത്തുകൾ ഇതിനകം അയച്ചിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു.
തിങ്കളാഴ്ച വൈകീട്ട് വരെയാണ് 46 ലക്ഷം പ്രതികരണങ്ങൾ ലഭിച്ചത്. വ്യത്യസ്ത സമുദായങ്ങളിൽ നിലനിൽക്കുന്ന വ്യക്തിനിയമങ്ങൾ ഇല്ലാതാക്കി ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നത് സംബന്ധിച്ച് മതപണ്ഡിതന്മാരുടെയും പൊതുജനങ്ങളുടെയും അഭിപ്രായങ്ങൾ ക്ഷണിച്ച് കഴിഞ്ഞ മാസം 14നാണ് നിയമ കമീഷൻ അറിയിപ്പ് പുറപ്പെടുവിച്ചത്. മുൻ കർണാടക ഹൈകോടതി ചീഫ് ജസ്റ്റിസ് റിതുരാജ് അവസ്തി അധ്യക്ഷനും മുൻ കേരള ഹൈകോടതി ജഡ്ജി ജസ്റ്റിസ് കെ.ടി. ശങ്കരൻ അടക്കം ആറംഗങ്ങളുമുള്ള 22ാം നിയമ കമീഷന്റെതാണ് അറിയിപ്പ്.
അതേസമയം, ഏകീകൃത സിവിൽകോഡ് അനിവാര്യമോ പ്രായോഗികമോ അല്ലെന്നും ഏതെങ്കിലും മതാചാരത്തിന്റെ പേരിൽ വിവേചനപരമായ സമ്പ്രദായങ്ങളോ നടപടികളോ നിലനിൽക്കുന്നുണ്ടെങ്കിൽ അവ പഠിച്ച് ഭേദഗതികൾ വരുത്തണമെന്നായിരുന്നു 21 ാം നിയമ കമീഷന്റെ അഭിപ്രായം. ഇതിനെ മറികടന്നാണ് പുതിയ കമീഷൻ അഭിപ്രായ ശേഖരണവുമായി രംഗത്തെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.