ന്യൂഡൽഹി: ഏക സിവിൽ കോഡ് വിഷയത്തിലൂടെ മുസ്ലിം സമുദായത്തിലേക്കും ലീഗിലേക്കും വോട്ടുലാഭത്തിന് വലയെറിഞ്ഞ സി.പി.എം ചെന്നുചാടിയത് പല കെണികളിൽ. ഏക സിവിൽ കോഡിനെതിരെ വ്യക്തമായ നിലപാട് സ്വീകരിച്ചെങ്കിലും പാർട്ടി നയം, പ്രതിപക്ഷ ഐക്യം എന്നീ കാര്യത്തിൽ കേരളത്തിനുപുറമെ ദേശീയ തലത്തിലും ചുവടുപിഴച്ചു.
** രാഷ്ട്രീയ ലൈൻ: സി.പി.എം ജനറൽ സെക്രട്ടറിയായിരിക്കേ ഇ.എം.എസ് നമ്പൂതിരിപ്പാട് കൊണ്ടുനടന്ന രാഷ്ട്രീയ ലൈനാണ് കേരള നേതാക്കൾ മാറ്റിപ്പറഞ്ഞത്. ഏക സിവിൽ കോഡിനെതിരായ ഏതു നീക്കവും ചെറുക്കും, ലീഗിന് മതേതര സ്വഭാവമില്ല എന്നിങ്ങനെയായിരുന്നു ഇ.എം.എസ് ലൈൻ. ജനറൽ സെക്രട്ടറിയുടെ നിലപാട് പിൻവലിച്ചതായി പാർട്ടി മുമ്പൊരിക്കലും പ്രഖ്യാപിച്ചിട്ടില്ല. ബദൽ രേഖക്ക് എം.വി. രാഘവനെ പുറത്താക്കിയ പാർട്ടി ഇന്ന് ആ ലൈനിൽ.
** അടവു നയം: സെമിനാറിലേക്ക് മുസ്ലിം ലീഗിനെ ക്ഷണിച്ചതുവഴി യു.ഡി.എഫിൽ ഭിന്നിപ്പുണ്ടാക്കാനും ലീഗിനെ എൽ.ഡി.എഫിലേക്ക് പരോക്ഷമായി മാടിവിളിക്കാനുമാണ് ശ്രമിച്ചത്. ക്ഷണം ലീഗ് തള്ളിയപ്പോൾ നാണക്കേട് സി.പി.എമ്മിന്. മുസ്ലിം ലീഗിനെ വർഗീയ കക്ഷിയെന്ന് വിശേഷിപ്പിച്ച് ദൂരെനിർത്തി ഹിന്ദു-ക്രൈസ്തവ വോട്ട് സ്വാധീനിക്കുന്ന പഴയ ലൈൻ പൊളിഞ്ഞു. ലീഗ് മതേതര പാർട്ടിയാണെന്ന് അംഗീകരിച്ചത് നിലവിലെ നേതൃത്വത്തിന് ഇനി മാറ്റിപ്പറയാനാവില്ല. സി.പി.എം ക്ഷണം രാഷ്ട്രീയലക്ഷ്യം വെച്ചാണെന്ന് ലീഗ് തുറന്നടിച്ചത്, സി.പി.എമ്മിന് മറ്റൊരു ക്ഷീണമായി. ലീഗ് സെമിനാർ സംഘടിപ്പിച്ച് ക്ഷണിച്ചാൽ പങ്കെടുക്കുമെന്ന് പറയേണ്ടിയും വന്നു.
** ശോഷിച്ച സെമിനാർ: ഏക സിവിൽ കോഡ് ഏറ്റവും ദോഷം ചെയ്യുന്ന മുസ്ലിം സമുദായത്തിന്റെ പ്രാതിനിധ്യം ചുരുങ്ങിപ്പോയ ഒന്നായി സി.പി.എം സെമിനാർ മാറി. വിവിധ കേന്ദ്രങ്ങളിൽ സെമിനാർ നിശ്ചയിച്ചിട്ടുള്ളപ്പോൾ, അതിലെല്ലാം ഈ ശോഷിപ്പ് പ്രകടമാവും. മുസ്ലിംകളുടെ രാഷ്ട്രീയ-സാമുദായിക പ്രാതിനിധ്യവും വികാര-വിചാരങ്ങളും ഒരുപോലെ അവകാശപ്പെടാമെന്നിരിക്കേ, രാഷ്ട്രീയ വിജയം കോൺഗ്രസ് ഒരുക്കുന്ന ബഹുസ്വരത സംഗമത്തിന്.
ബി.ജെ.പിക്ക് വടി: ബി.ജെ.പിയിതര കേരളം പൂർണമായിത്തന്നെ ഏക സിവിൽ കോഡിന് എതിരായിട്ടും ദേശീയതലത്തിൽ ബി.ജെ.പിക്ക് ഗുണം ചെയ്യുന്ന ലൈനാണ് ഫലത്തിൽ സി.പി.എം സ്വീകരിച്ചത്. കോൺഗ്രസിന് വ്യക്തമായ നയമില്ലെന്ന സി.പി.എം വാദം, സി.പി.എം വിളിച്ചിട്ട് ലീഗ് സെമിനാറിന് പോകാത്തത് എന്നീ കാര്യങ്ങൾ പ്രതിപക്ഷത്തെ ഭിന്നതക്ക് ഉദാഹരണമായി ബി.ജെ.പി ഉയർത്തിക്കാട്ടും.
**യു.ഡി.എഫിന് നേട്ടം: സാവധാനമെങ്കിലും ഇടതു മുന്നണിയിലേക്ക് ലീഗ് മറുകണ്ടം ചാടിയേക്കാമെന്ന അഭ്യൂഹങ്ങൾ അവസാനിച്ചത് കോൺഗ്രസിനും യു.ഡി.എഫിനും കൂടുതൽ കെട്ടുറപ്പ് നൽകി. കോൺഗ്രസ് പക്ഷത്ത് ലീഗിനെ കൂടുതൽ ശക്തമായി ഉറപ്പിക്കാനാണ് സി.പി.എമ്മിന്റെ എടുത്തുചാട്ടം സഹായിച്ചത്. ഏക സിവിൽ കോഡിന്റെ കാര്യത്തിൽ ഇടതു മുന്നണിയെ ഇരുട്ടിൽ നിർത്തിയെന്ന പ്രശ്നം പുറമെ.
** കൈവിട്ട് മണിപ്പൂർ: കോൺഗ്രസിന്റെ ബഹുസ്വരത സംഗമത്തിൽ ഏക സിവിൽ കോഡിനൊപ്പം മണിപ്പൂരും ചർച്ചാ വിഷയമാണ്. ക്രൈസ്തവ ഉത്കണ്ഠ കൂടി കോൺഗ്രസും യു.ഡി.എഫും ഈ ചർച്ചയിലൂടെ ഏറ്റെടുത്തു. ഇനിയും ആ വിഷയം സെമിനാർ അജണ്ടയാക്കാത്ത സി.പി.എമ്മിനും എൽ.ഡി.എഫിനും, ക്രൈസ്തവ ഉത്കണ്ഠക്ക് മതിയായ പരിഗണന നൽകിയില്ലെന്ന പഴി കേൾക്കേണ്ടി വരും. അതേസമയം, ഏക സിവിൽ കോഡിനെതിരായ നിലപാടിലേക്ക് മാറിയത് മുസ്ലിംകളുടെ അനുഭാവ വോട്ട് വർധിപ്പിക്കും.
** ‘ദേശീയ’ തിരിച്ചടി: ഏക സിവിൽ കോഡിന്റെ കാര്യത്തിൽ കോൺഗ്രസിന് വ്യക്തതയില്ലെന്ന് കേരളത്തിൽ വിശദീകരിച്ച സി.പി.എമ്മിന് ദേശീയ തലത്തിൽ പ്രതിപക്ഷ ഐക്യം മുൻനിർത്തി കോൺഗ്രസിനൊപ്പം കൂടേണ്ടിവരും. ഏക സിവിൽ കോഡുമായി ബന്ധപ്പെട്ട പാർലമെന്റ് ചർച്ച പ്രധാന പ്രതിപക്ഷ പാർട്ടിയെന്ന നിലയിൽ നയിക്കുക കോൺഗ്രസാവും. ദേശീയതലത്തിൽ കോൺഗ്രസിനെ മാറ്റിനിർത്തി സിവിൽ കോഡ് വിഷയത്തിൽ മുന്നോട്ടുപോകാനും കഴിയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.