റെയിൽ സുരക്ഷക്ക് ഒരു ലക്ഷം കോടി രൂപ; ഇ-ടിക്കറ്റിന് സർവീസ് ചാർജ് ഇല്ല

ന്യൂഡൽഹി: റെയിൽവേ സുരക്ഷക്കായി ഒരു ലക്ഷം കോടി രൂപ ബജറ്റിൽ നീക്കിവെച്ചു. പാത നവീകരണം, പാലങ്ങൾ ബലപ്പെടുത്തൽ എന്നിവയാക്കായിരിക്കും പണം പ്രധാനമായും ചെലവഴിക്കുക. ഓണ്‍ലൈൻ വഴിയുള്ള ടിക്കറ്റ് ബുക്കിങ്ങിന് ഈടാക്കിയിരുന്ന സർവീസ് ചാർജ് ഒഴിവാക്കി. റെയിൽവേയുടെ ഓണ്‍ലൈൻ ബുക്കിംഗ് സൈറ്റായ ഐ.ആർ.സി.ടി.സി വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്കുള്ള സർവീസ് ചാർജാണ് ഒഴിവാക്കിയത്.

പുതിയ വർഷത്തിൽ 3,500 കിലോമീറ്റർ പുതിയ റെയിൽപാത കമീഷൻ ചെയ്യാനും പദ്ധതിയുണ്ട്. 2019 ഓടെ രാജ്യത്തെ എല്ലാ കമ്പാർട്ട്മെന്‍റുകളിലും ബയോ ടോയ് ലറ്റുകൾ സജ്ജീകരിക്കും. 2,000 സ്റ്റേഷനുകൾ സൗരോർജം ഉപയോഗിച്ച് പ്രവർത്തിക്കുന്ന രീതിയിലേക്ക് മാറ്റും. പ്രത്യേക വിനോദ സഞ്ചാര സോണുകൾ പ്രഖ്യാപിക്കും. റെയിൽവേയുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കാൻ മിത്ര കോച്ച് പദ്ധതി തുടങ്ങും. രാജ്യത്തെ 500 സ്റ്റേഷനുകളിൽ ലിഫ്റ്റ് സൗകര്യമൊരുക്കുമെന്നും ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്.

കോച്ച് സംബന്ധിച്ച പരാതികൾ പരിഹരിക്കാൻ ഏക ജാലക സംവിധാനം ഏർപ്പെടുത്തുമെന്നും  പ്രഖ്യാപനമുണ്ട്. നിലവിൽ സീറ്റുകൾ സംബന്ധിച്ച പരാതികൾ പരിഹരിക്കാൻ കേന്ദ്രീകൃത സംവിധാനമില്ലാത്തതു മൂലം യാത്രാക്കാർ തമ്മിലും മറ്റുമുള്ള സംഘർഷങ്ങൾ പതിവായ പശ്ചാത്തലത്തിൽ ഏകജാലക സംവിധാനം ഏർപ്പെടുത്തുന്നത് യാത്രാക്കാർക്ക് ഗുണകരമാണ്. 

റെയിൽ വഴിയുള്ള ചരക്ക് നീക്കം വർധിപ്പിക്കാനായി എൻഡ് ടു എൻഡ് സർവീസുകളും റെയിൽവേ വാഗ്ദാനം ചെയ്യുന്നു. ട്രെയിനുകളിൽ ബയോ ടോയ്ലറ്റുകൾ സ്ഥാപിക്കുമെന്നും പ്രഖ്യാപനമുണ്ട്. 2020നുള്ളിൽ ആളില്ലാ ലെവൽ ക്രോസുകൾ പൂർണമായും ഒഴിവാക്കും. തീർഥാടനത്തിനും  ടൂറിസത്തിനും പ്രത്യേക ട്രെയിനുകൾ ഉണ്ടാകും. സോളാർ വൈദ്യുതി ഉൽപാദനം 7000 സ്റ്റേഷനുകളിലേക്ക് കൂടി വ്യാപിപ്പിക്കും. അടിസ്ഥാന സൗകര്യ വികസനത്തിന് കൂടുതൽ പണം നീക്കി വെക്കുമെന്നതും പ്രതീക്ഷ പകരുന്നതാണ്. 

പൊതുബജറ്റിനൊപ്പം റെയിൽവേ ബജറ്റ് ലയിപ്പിച്ചതിനാൽ വിവിധ റെയിൽവേ പദ്ധതികൾക്കുള്ള വിഹിതം സംബന്ധിച്ച വിശദമായ കണക്കുകൾ  പുറത്തു വന്നിട്ടില്ല. ഇത് സംബന്ധിച്ച കണക്കുകൾ റെയിൽവേ മന്ത്രാലയം വൈകുന്നേരത്തോടെ പുറത്തു വിടുമെന്ന് പ്രതീക്ഷിക്കുന്നു. കേരളത്തിന് എത്ര കോടി രൂപയാണു വിവിധ പദ്ധതികൾക്കു ലഭ്യമായതെന്നു അപ്പോൾ വ്യക്തമാകും.

Tags:    
News Summary - Union budget: one lakh crore for rail security

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.