സുശാന്ത് സിങ് രാജ്പുത്തിന്റെ മുൻ മാനേജരുടെ മരണത്തിൽ കേന്ദ്രമന്ത്രിയെയും മകനെയും ചോദ്യം ചെയ്തു

മുംബൈ: അന്തരിച്ച നടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ മാനേജർ ദിഷ സാലിയന്റെ മരണത്തെക്കുറിച്ച് അപകീർത്തികരവും തെറ്റിദ്ധരിപ്പിക്കുന്നതുമായ പ്രസ്താവനകൾ നടത്തിയെന്ന് ചൂണ്ടിക്കാട്ടി രജിസ്റ്റർ ചെയ്ത കേസിൽ കേന്ദ്രമന്ത്രി നാരായൺ റാണെയും മകൻ നിതേഷ് റാണെയും ചോദ്യം ചെയ്തു. ശനിയാഴ്ച ഉച്ചക്ക് 1.45ഓടെ മുംബൈയിലെ മാൽവാനി പൊലീസ് സ്‌റ്റേഷനിലാരംഭിച്ച ചോദ്യം ചെയ്യൽ ഒമ്പത് മണിക്കൂറിന് ശേഷം രാത്രി 10.45നാണ് അവസാനിച്ചത്.

വ്യാഴാഴ്ച നിതേഷ് റാണെയും വെള്ളിയാഴ്ച നാരായൺ റാണെയോടും ചോദ്യം ചെയ്യലിന് ഹാജരാകണമെന്നറിയിച്ച് മാൽവാനി പൊലീസ് നേരത്തെ നോട്ടീസ് അയച്ചിരുന്നു. എന്നാൽ നിയമസഭ സമ്മേളനം നടക്കുന്നതിനാൽ ഇരുനേതാക്കളും ശനിയാഴ്ച ഹാജരാകുമെന്ന് അവരുടെ അഭിഭാഷകർ അറിയിച്ചു.

കേസിൽ അറസ്റ്റുണ്ടാകുമെന്ന് ഭയന്ന് ഇരു നേതാക്കളും സബർബൻ മലാഡിലെ ദിൻദോഷി സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നു. തുടർന്ന് കേന്ദ്രമന്ത്രിക്കും മകനും അറസ്റ്റിൽ നിന്നും മാർച്ച് 10 വരെ മുംബൈ കോടതി ഇടക്കാല സംരക്ഷണം അനുവദിച്ചിരുന്നു.

ഫെബ്രുവരി 19ന് മന്ത്രി നാരായൺ റാണെയും മകനും പങ്കെടുത്ത പത്രസമ്മേളനത്തിൽ ദിഷ സാലിയന്റെ മരണത്തെക്കുറിച്ച് അപകീർത്തിപ്പെടുത്തുന്ന തരത്തിൽ മന്ത്രി പ്രസ്താവന നടത്തിയെന്നതാണ് മാൽവാനി പൊലീസ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ.

ദിഷയുടെയും രാജ്പുത്തിന്റെയും മരണത്തിന് ശേഷം മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ തന്നെ രണ്ട് തവണ വിളിച്ചതായും ഇരുവരുടെയും മരണത്തെക്കുറിച്ച് സംസാരിക്കരുതെന്ന് അഭ്യർഥിച്ചതായും ചോദ്യം ചെയ്യൽ പൂർത്തിയായ ശേഷം നാരായൺ റാണെ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

Tags:    
News Summary - Union Minister, Son Interrogated In Sushant Rajput's Ex-Manager's Death Case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.