ബംഗളൂരു: കേരളത്തിനും തമിഴ്നാടിനും എതിരെ വിദ്വേഷ പരാമർശവുമായി കേന്ദ്ര സഹമന്ത്രിയും ബംഗളൂരു നോർത്തിലെ ബി.ജെ.പി സ്ഥാനാർഥിയുമായ ശോഭ കരന്ദലാജെ. മാർച്ച് ഒന്നിന് രാമേശ്വരം കഫേയിലുണ്ടായ സ്ഫോടനത്തിനു പിന്നിൽ തമിഴ്നാട് സ്വദേശിയാണെന്നും കേരളത്തിൽനിന്ന് എത്തിയവർ കർണാടകയിലെ പെൺകുട്ടികളുടെ മുഖത്ത് ആസിഡ് ഒഴിക്കുകയാണെന്നുമായിരുന്നു ശോഭയുടെ വിവാദ പരാമർശം.
ബംഗളുരു നഗരത്തിലെ സിദ്ധന ലേഔട്ടിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട ബി.ജെ.പി പ്രതിഷേധത്തിനിടെ മാധ്യമങ്ങളോടു സംസാരിക്കുമ്പോഴാണ് ശോഭ വിദ്വേഷ പരാമർശം നടത്തിയത്. ശോഭ ഉൾപ്പെടെയുള്ള നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ബംഗളൂരവിലെ രാമേശ്വരം കഫേയിലുണ്ടായ സ്ഫോടനവും പ്രണയാഭ്യർഥന നിരസിച്ചതിന് മംഗളൂരുവിൽ കോളജ് വിദ്യാർഥിനികൾക്കു നേരെ മലയാളി യുവാവ് ആസിഡ് ആക്രമണം നടത്തിയതും സൂചിപ്പിച്ചായിരുന്നു ശോഭയുടെ വിവാദ പാരമർശം.
തമിഴ്നാട്ടിലുള്ളവർ ബോംബ് ഉണ്ടാക്കാൻ പരിശീലനം നേടി രാജ്യത്തുടനീളം സ്ഫോടനങ്ങൾ നടത്തുകയാണ്. രമേശ്വരം കഫേ സ്ഫോടനത്തിനു പിന്നിലെ സൂത്രധാരൻ തമിഴ്നാട് സ്വദേശിയാണെന്നും ശോഭ പറഞ്ഞു. ‘ഒരാൾ തമിഴ്‌നാട്ടിൽനിന്നു വന്ന് ഒരു കഫേയിൽ ബോംബ് വെച്ചു. ഡൽഹിയിൽനിന്നു മറ്റൊരാൾ വന്ന് നിയമസഭയിൽ പാക്ക് അനുകൂല മുദ്രാവാക്യം മുഴക്കി. കേരളത്തിൽനിന്നു മറ്റൊരാൾ വന്ന് കോളജ് വിദ്യാർഥികൾക്കു നേരെ ആസിഡ് ഒഴിച്ചു’ -ശോഭ മാധ്യമങ്ങളോട് പറഞ്ഞു. വിവാദ പരാമർശം നടത്തിയ ശോഭക്കെതിരെ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഉൾപ്പെടെയുള്ളവർ രംഗത്തെത്തി.
കഫേ സ്ഫോടനത്തിൽ നിലവിൽ എൻ.ഐ.എ അന്വേഷണം നടക്കുകയാണ്. ഇതുവരെ അന്വേഷണ സംഘം മുഖ്യപ്രതിയുടെ പേരുവിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. അന്വേഷണ ഉദ്യോഗസ്ഥർ പ്രതിയെന്ന് സംശയിക്കുന്നയാളുടെ വിവരങ്ങൾ പരിശോധിച്ച് വരികയാണെന്നും ഉടൻ പിടികൂടാനാകുമെന്നുമാണ് സംസ്ഥാന ആഭ്യന്തര മന്ത്രി ജി. പരമേശ്വര കഴിഞ്ഞ ആഴ്ച മാധ്യമങ്ങളോട് പറഞ്ഞത്.
അന്വേഷണ സംഘം പോലും പ്രതിയുടെ പേരുവിവരങ്ങൾ വെളിപ്പെടുത്താത്ത പശ്ചാത്തലത്തിലാണ് സ്ഫോനത്തിനു പിന്നിൽ തമിഴ്നാട് സ്വദേശിയാണെന്ന് ബി.ജെ.പി നേതാവ് പറയുന്നത്. വിദ്വേഷ പരാമർശത്തിനെതിരെ തെരഞ്ഞെടുപ്പ് കമീഷൻ നടപടിയെടുക്കണമെന്നും മതസൗഹാർദം തകർക്കാനുള്ള നീക്കത്തിനെതിരെ കേസെടുക്കണമെന്നും സ്റ്റാലിൻ ആവശ്യപ്പെട്ടു. കഫേയിലുണ്ടായ സ്ഫോടനത്തിന്റെ പ്രതികളുടെ വിവരങ്ങൾ എൻ.ഐ.എ പുറത്തുവിട്ടിട്ടില്ല. ഇത്തരം പരാമർശങ്ങൾ നടത്തുന്നവർ ഒന്നുകിൽ എൻ.ഐ.എ ഉദ്യോഗസ്ഥരായിരിക്കണം, അല്ലെങ്കിൽ സ്ഫോടനവുമായി ബന്ധമുള്ളവരായിരിക്കണമെന്നും സ്റ്റാലിൻ കൂട്ടിച്ചേർത്തു.
‘അവർക്ക് ഇത്തരം അവകാശവാദങ്ങൾക്കുള്ള അധികാരമില്ല. ബി.ജെ.പിയുടെ ഈ ഭിന്നിപ്പുണ്ടാക്കുന്ന പരാമർശങ്ങൾ തമിഴരും കന്നഡികരും ഒരുപോലെ തള്ളിക്കളയണം. സമാധാനത്തിനും സൗഹാർദത്തിനും ദേശീയ ഐക്യത്തിനും ഭീഷണിയുണ്ടാക്കുന്ന കേന്ദ്രമന്ത്രിക്കെതിരെ ഉചിതമായ നിയമനടപടി സ്വീകരിക്കണം’ -സ്റ്റാലിൻ എക്സിൽ കുറിച്ചു. തമിഴർ തീവ്രവാദികളാണെന്ന ബി.ജെ.പി നേതാവിന്‍റെ പരാമർശത്തിൽ തമിഴ്നാട് ബി.ജെ.പി അധ്യക്ഷൻ മറുപടി പറയണമെന്ന് സമൂഹമാധ്യമങ്ങളിൽ പലരും ആവശ്യപ്പെട്ടു.
മഗ്‌രിബ് ബാങ്ക് വിളിക്കുന്ന സമയം വലിയ ശബ്ദത്തിൽ ‘ഹനുമാൻ സ്തോത്രം’ സംഗീതം വെച്ചതുമായി ബന്ധപ്പെട്ട വിവാദം വർഗീയ ചേരിതിരിവിന് ഉപയോഗിക്കുകയാണ് ബി.ജെ.പി. കേസിൽ കാസറ്റ് കടയുടമയെ കസ്റ്റഡിയിലെടുക്കാൻ വന്ന പൊലീസിനെ ശോഭ, എം.പി തേജസ്വി സൂര്യ, സുരേഷ് കുമാർ എം.എൽ.എ എന്നിവരുടെ നേതൃത്വത്തിൽ ബി.ജെ.പി, സംഘ്പരിവാർ പ്രവർത്തകർ തടഞ്ഞിരുന്നു. പിന്നാലെ നേതാക്കളെ കസ്റ്റഡിയെലെടുത്ത് നീക്കി.
സിദ്ധനഹള്ളി കുബ്ബോൺപേട്ടിൽ മസ്ജിദ് റോഡിലെ കടയുടമ മുകേഷിനെ (26) കസ്റ്റഡിയിലെടുക്കാനാണ് പൊലീസ് എത്തിയത്. ഞായറാഴ്ച സന്ധ്യക്ക് കാസറ്റ് കട അക്രമിച്ചുവെന്ന ഉടമയുടെ പരാതിയിൽ സുലൈമാൻ (25), ഷാനവാസ് (23), രോഹിത് (21), ഡാനിഷ്(22), തരുണ (24) എന്നിവർക്കെതിരെ പൊലീസ് കേസെടുക്കുകയും മൂന്നു പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.