ഷാജഹാൻപുർ (യു.പി): സുപ്രീംകോടതി ഉത്തരവുണ്ടായിട്ടും കോടതിയിലെത്താതിരുന്ന മുൻ കേന്ദ്രമന്ത്രി സ്വാമി ചിന്മയാനന്ദ് സരസ്വതിയെ അറസ്റ്റു ചെയ്ത് ഡിസംബർ ഒമ്പതിന് ഹാജരാക്കാൻ പ്രത്യേക എം.പി-എം.എൽ.എ കോടതി ഉത്തരവ്. സ്വാമിക്കെതിരെ ശിഷ്യ പൊലീസിൽ നൽകിയ ലൈംഗിക ചൂഷണ പരാതിയിലാണ് കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതെന്ന് സർക്കാർ അഭിഭാഷക അറിയിച്ചു.
മുൻകൂർ ജാമ്യാപേക്ഷയിൽ ഡിസംബർ ആറിന് ഹൈകോടതി വാദം കേൾക്കുന്നുണ്ടെന്നും അതിനാൽ കൂടുതൽ സമയം അനുവദിക്കണമെന്നും സ്വാമിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. പക്ഷേ, ജഡ്ജി അസ്മ സുൽത്താന ഈ അപേക്ഷ തള്ളി. നവംബർ 30ന് കീഴടങ്ങാൻ സുപ്രീംകോടതി നിർദേശിച്ചതാണെന്നും സ്വാമി അതിന് തയാറായില്ലെന്നും അതിനാൽ കൂടുതൽ സമയം നൽകാനാകില്ലെന്നും ജഡ്ജി വ്യക്തമാക്കി.
മുമുക്ഷു ആശ്രമ സ്ഥാപകനായ സ്വാമി ചിന്മയാനന്ദിനെതിരെ 2011ലാണ് ശിഷ്യ ലൈംഗിക ചൂഷണ പരാതി നൽകിയത്. കേസ് പിൻവലിക്കാൻ യു.പി സർക്കാർ 2018ൽ കോടതിയിലേക്ക് കത്തയച്ചെങ്കിലും ഇത് ഇരയായ യുവതി എതിർത്തു. അപേക്ഷ തള്ളിയ കോടതി ജാമ്യം ലഭിക്കാവുന്ന വാറന്റ് സ്വാമിക്കെതിരെ പുറപ്പെടുവിച്ചു. തുടർന്ന് ചിന്മയാനന്ദ് ഹൈകോടതിയിൽ കേസ് പിൻവലിക്കാൻ അപ്പീൽ നൽകിയെങ്കിലും തള്ളി. പിന്നാലെ, സുപ്രീംകോടതിയെ സമീപിച്ചെങ്കിലും അവിടെയും അനുകൂല ഉത്തരവുണ്ടായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.