യു.പിയിൽ വാഹനാപകടത്തെ തുടർന്ന്   ദലിത് യുവാവിനെ മർദിച്ച് ബന്ദിയാക്കി

യു.പിയിൽ വാഹനാപകടത്തെ തുടർന്ന് ദലിത് യുവാവിനെ മർദിച്ച് ബന്ദിയാക്കി

ഭദോഹി (യു.പി): 20 വയസ്സുള്ള ദലിത് യുവാവിനെ ആക്രമിച്ച് ബന്ദിയാക്കി ജാതീയമായി അധിക്ഷേപിച്ചതായി റിപ്പോർട്ട്. സംഗം ലാൽ എന്ന യുവാവ് മാർച്ച് 10ന് ബൈക്കിൽ വീട്ടിലേക്ക് പോകവെ പ്രയാഗ്‌രാജിലെ ഹാൻഡിയയിൽവെച്ചാണ് അപകടം നടന്നത്. ബെർവ പഹാർപൂരിന് സമീപം തെറ്റായ ദിശയിൽ സഞ്ചരിച്ച ഋഷഭ് പാണ്ഡെ സഞ്ചരിച്ച ബൈക്ക് സംഗം ലാലിന്റെ ബൈക്കിൽ ഇടിച്ചതിനെ തുടർന്ന് ലാലിന് ഗുരുതരമായി പരിക്കേറ്റതായി പൊലീസ് സൂപ്രണ്ട് അഭിമന്യു മംഗ്ലിക് പറഞ്ഞു.

ഇയാളുടെ ജാതി അറിഞ്ഞയുടനെ ഋഷഭും പിതാവും മറ്റ് 10 പേരും ചേർന്ന് പരിക്കേറ്റ സംഗം ലാൽ ഗൗതമിനെ അധിക്ഷേപിക്കാൻ തുടങ്ങി. മദ്യപിച്ച നിലയിൽ ബൈക്ക് ഓടിച്ചെന്ന് ആരോപിച്ച് അവർ മർദിക്കുകയും ചെയ്തുവെന്ന് പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

തുടർന്ന് ബൈക്കിന് കേടുപാടുകൾ സംഭവിച്ചതിന് 20,000 രൂപ ആവശ്യപ്പെട്ട് അവർ ഇരയെ ബന്ദിയാക്കി. മണിക്കൂറുകൾക്കുശേഷം സംഗം ലാൽ തന്റെ പിതാവ് നാരായൺ ദാസ് ഗൗതമിനെ വിവരമറിയിച്ചു. അദ്ദേഹം അടിയന്തര സേവനങ്ങളുമായി ബന്ധപ്പെട്ടുവെന്നും തുടർന്ന് പൊലീസ് സംഗം ലാലിനെ രക്ഷപ്പെടുത്തി കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ പ്രവേശിപ്പിക്കുകയായിരുന്നുവെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു.

മാർച്ച് 22ന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കൊയ്‌റൗണ പൊലീസ് സ്റ്റേഷനിൽ ഋഷഭ് പാണ്ഡെ, പവൻ പാണ്ഡെ, തിരിച്ചറിയാത്ത 10 പേർ എന്നിവർക്കെതിരെ ബി.എൻ.എസ്, എസ്‌സി/എസ്ടി നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തതായും സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും എസ്.പി പറഞ്ഞു.

Tags:    
News Summary - UP Dalit man attacked, held hostage after road accident in Bhadohi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.