ലഖ്നോ: അക്രമങ്ങളിൽ മുങ്ങി ഉത്തർപ്രദേശിലെ തദ്ദേശ തെരഞ്ഞെടുപ്പിന് സമാപനം. ലാത്തിയും വടിയും തോക്കും ബോംബുമായി പാർട്ടി പ്രവർത്തകർ തെരുവിലിറങ്ങിയായിരുന്നു അക്രമം. അടുത്തവർഷം നടക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പിന് മുന്നോടിയായി യു.പി ഉറ്റുനോക്കിയ തെരഞ്ഞെടുപ്പായിരുന്നു ഇത്.
തെരഞ്ഞെടുപ്പിൽ ചരിത്ര വിജയം നേടുമെന്ന് ബി.ജെ.പി അവകാശപ്പെട്ടിരുന്നു. 476 ബ്ലോക്ക് പഞ്ചായത്ത് പോസ്റ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പ് ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ അവസാനിച്ചു.
അതേസമയം, സമാജ്വാദി പാർട്ടി നേതാവും മുൻ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ് ബി.ജെ.പി കള്ളപ്പണം ഒഴുക്കിയും കൃത്രിമത്വം കാട്ടിയുമാണ് വിജയം അവകാശപ്പെടുന്നതെന്ന് ആരോപിച്ചു.
ഹാമിർപുർ ജില്ലയാണ് കനത്ത അക്രമസംഭവങ്ങൾ അരങ്ങേറിയ സ്ഥലം. ബി.ജെ.പി പ്രവർത്തകരുടെ നേതൃത്വത്തിലായിരുന്നു ആക്രമണം. ബി.ജെ.പി പ്രവർത്തകർ വടിയുമായെത്തി വോട്ട് ചെയ്യാനെത്തിയവരെ അടിച്ചോടിക്കുകയും വോട്ടെടുപ്പിൽ പെങ്കടുക്കുന്നതിൽനിന്ന് വിലക്കുകയും ചെയ്തതായി സമാജ്വാദി പാർട്ടി നേതാക്കൾ ആരോപിച്ചു. അക്രമത്തിൽ പൊലീസുകാർക്കും മർദനമേറ്റു. വാഹനങ്ങൾ തകർക്കുകയും ചെയ്തു.
ഹാഥറസിൽ സമാജ്വാദി പാർട്ടി നേതാവിന് വെടിയേറ്റു. പരിക്കേറ്റ അദ്ദേഹം നിലവിൽ ചികിത്സയിലാണ്.
ചന്ദൗലി ജില്ലയിൽ ബി.ജെ.പിയും സമാജ്വാദി പാർട്ടിയും തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെ പരസ്പരം കല്ലെറിയുകയും മോട്ടോർ സൈക്കിളുകൾ തകർക്കുകയും ചെയ്തു. പാർട്ടി പ്രവർത്തകരെ പിരിച്ചുവിടാൻ പൊലീസ് ലാത്തി പ്രയോഗിക്കുകയും ചെയ്തു.
ഇവയെകൂടാതെ, ഇറ്റാവ, അയോധ്യ, പ്രയാഗ്രാജ്, അലിഗഢ്, പ്രതാപ്ഗഢ്, സോനബദ്ര എന്നീ ജില്ലകളിലും അക്രമസംഭവങ്ങൾ അരങ്ങേറി. അലിഗഢിൽ ബി.ജെ.പി നേതാവ് മജിസ്ട്രേറ്റിനെതിരെ ആക്രോശിക്കുന്ന വിഡിയോ പുറത്തുവന്നിരുന്നു. വോട്ടിങ്ങിന് മുമ്പുതന്നെ പൊട്ടിപ്പുറപ്പെട്ട അക്രമം തടയുന്നത് പരാജയപ്പെട്ടതിൽ പൊലീസിനും ഭരണകൂടത്തിനുമെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്.
വോട്ടിങ്ങിനിടെയുണ്ടായ അതിക്രമത്തിന്‍റെ നിരവധി വിഡിയോകൾ സമാജ്വാദി പാർട്ടി നേതാക്കൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരെയടക്കം ബി.ജെ.പി പ്രവർത്തകർ മർദിച്ചതായ വാർത്തകൾ പുറത്തുവന്നിരുന്നു.
'ഇവർ കല്ലുകളും കട്ടകളും എറിഞ്ഞു. എന്നെ മർദിക്കുക പോലും ചെയ്തു. അവരുടെ കൈവശം ബോംബുകളുമുണ്ടായിരുന്നു. അവർ ബി.ജെ.പി പ്രവർത്തകരായിരുന്നു' -മുതിർന്ന പൊലീസുകാരൻ പറയുന്നു. ഉന്നാവിൽ ഒരു മാധ്യമപ്രവർത്തകന് നേരെയും ആക്രമണമുണ്ടായി. ഐ.എ.എസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലായിരുന്നു മർദനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.