ഹിന്ദു പേരുകൾ പ്രദർശിപ്പിച്ച് മുസ്‌ലിം വ്യാപാരികൾ കാൻവാർ തീർഥാടകർക്ക് മാംസം വിളമ്പുന്നു - യു.പി മന്ത്രി

ലഖ്‌നോ: ഹിന്ദു പേരുകൾ പ്രദർശിപ്പിച്ച് മുസ്‌ലിം വ്യാപാരികൾ കൻവാർ യാത്രയിലെ വിശ്വാസികൾക്ക് മാംസാഹാരം വില്പന ചെയ്യുകയാണെന്ന് യു.പി മന്ത്രി കപിൽ ദേവ് അഗർവാൾ. മുസ്‌ലിം വ്യാപാരികൾ വൈഷ്ണോ ധാബ ഭണ്ഡാർ, ശകുംബരി ദേവി ഭോജനാലയ, ശുദ്ധ് ഭോജനാലയ തുടങ്ങിയ പേരുകൾ എഴുതുകയും സസ്യേതര ആഹാരം വിളമ്പുകയാണെന്നും അദ്ദേഹം ആരോപിച്ചു. കൻവാർ യാത്രാ റൂട്ടിലെ ഭക്ഷണശാലകൾക്ക് അവയുടെ ഉടമകളുടെ പേരുകൾ പ്രദർശിപ്പിക്കുന്നത് സംബന്ധിച്ച പൊലീസിന്റെ നിർദ്ദേശത്തിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. 

അതേസമയം വ്യാപാരികളുടെ പേര് പ്രദർശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാർ ഉത്തരവിനെതിരെ രൂക്ഷ വിമർശനം ഉയരുകയാണ്. യു.പി പൊലീസിന്റെ നീക്കം ദക്ഷിണാഫ്രിക്കയിലെ വർണവിവേചനത്തിനും ഹിറ്റ്‌ലറുടെ നാസി ജർമനിയിലെ നയങ്ങൾക്കും സമാനമാണെന്ന് രാഷ്ട്രീയ നേതാക്കളും സാമൂഹികപ്രവർത്തകരും കുറ്റപ്പെടുത്തി.

ശിവഭക്തരുടെ വാർഷിക തീർഥാടനമായ കൻവാർ യാത്ര ജൂലൈ 22 നാണ് തുടങ്ങുന്നത്. ‘മതപരമായ ഘോഷയാത്രയ്ക്കിടയിലുള്ള ആശയക്കുഴപ്പം ഒഴിവാക്കാനാണ് മുസഫർനഗറിലെ ഭക്ഷണശാലകളോട് ഉടമയു​ടെ പേര് പ്രദർശിപ്പിക്കാൻ നിർബന്ധിച്ചത്’ എന്നാണ് പൊലീസ് പറയുന്നത്.

എന്നാൽ, മുസ്‍ലിംകളുടെ കടയിൽ നിന്ന് കൻവാർ തീർഥാടകർ ഒന്നും വാങ്ങുന്നില്ലെന്ന് ഉറപ്പാക്കാനാണ് ഈ നീക്കമെന്ന് എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഉവൈസി പറഞ്ഞു. 

അതിനിടെ ഉത്തരവ് വിവാദമായതോടെ വിശദീകരണവുമായി യുപി പൊലീസ് രംഗത്തെത്തി. ഏതെങ്കിലും തരത്തിലുള്ള മതപരമായ വിവേചനം സൃഷ്ടിക്കുകയല്ല ലക്ഷ്യമെന്നും ഭക്തർക്ക് സൗകര്യമൊരുക്കുക മാത്രമാണ് ഉദ്ദേശ്യമെന്നും പ്രസ്താവനയിൽ പറഞ്ഞു. "വിശുദ്ധ ശ്രാവണ മാസത്തിൽ നടക്കുന്ന കൻവാർ യാത്രയിൽ ഹരിദ്വാറിൽ നിന്ന് ഗംഗാജലം ശേഖരിച്ച് മുസാഫർനഗർ ജില്ലയിലൂടെ കടന്നുപോകുന്ന അയൽ സംസ്ഥാനങ്ങളിൽ നിന്നടക്കമുള്ള ധാരാളം കൻവാർ യാത്രികരുണ്ടാകും. ഇവർ ചില ഭക്ഷ്യ വസ്തുക്കൾ കഴിക്കാറില്ല’ -മുസഫർനഗർ പൊലീസ് പ്രസ്താവനയിൽ പറഞ്ഞു.

Tags:    
News Summary - UP minister says Muslim vendors are selling non veg to pilgrims using hindu names

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.