ലക്നോ: ഉദ്യോഗസ്ഥർ ‘വിശ്വാസത്തിന്റെ സേവകരായി’ പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കാനും മഹാ കുംഭമേളക്കായി ഒത്തുകൂടുന്ന ഭക്തർക്ക് നല്ല അനുഭവം പകരാനും കർശനമായ സസ്യാഹാരം, മദ്യവർജ്ജനം, മാന്യമായ പെരുമാറ്റം എന്നിവയിൽ ഉത്തർപ്രദേശ് പൊലീസിന് പ്രത്യേക പരിശീലനം നൽകുന്നു. മഹാ കുംഭമേള ജനുവരി 13ന് ആരംഭിച്ച് ഫെബ്രുവരി 26ന് സമാപിക്കും.
ഇതിനായി വിന്യസിക്കേണ്ട പൊലീസ് ഉദ്യോഗസ്ഥർ മേളയുടെ ഏരിയയിലുള്ള നിയുക്ത കേന്ദ്രത്തിൽ പെരുമാറ്റ പരിശീലനത്തിലാണ്. മര്യാദകൾ, പൊതുസേവനം എന്നിവയിൽ പാഠങ്ങൾ പകരാൻ ബാഹ്യ പരിശീലകരെയും ക്ഷണിച്ചിട്ടുണ്ട്. ‘സുരക്ഷ നിലനിർത്തുന്നതിനൊപ്പം തീർഥാടകർക്ക് സ്വാഗതാർഹമായ അന്തരീക്ഷം പരിപോഷിപ്പിക്കുക എന്നതിലായിരിക്കും പൊലീസിന്റെ പ്രാഥമിക ശ്രദ്ധയെന്ന് സീനിയർ പൊലീസ് സൂപ്രണ്ട് രാജേഷ് ദ്വിവേദി പറഞ്ഞു. ഭക്തർക്ക് സന്തോഷകരമായ അനുഭവം ഉറപ്പാക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. പൊലീസ് ഊഷ്മളമായി പെരുമാറണം. നിയമപാലകരെന്ന നിലയിൽ മാത്രമല്ല, വിശ്വാസത്തിന്റെ സേവകരെന്ന നിലയിലും -അദ്ദേഹം പറഞ്ഞു.
പെരുമാറ്റ പരിശീലനത്തിന് പുറമെ മഹാ കുംഭ മേളയുടെ പവിത്രത നിലനിർത്താനും പൊലീസിന് നിർദേശം നൽകുന്നുണ്ട്. ഭക്ഷണപാനീയങ്ങൾ സംബന്ധിച്ച മഹാ കുംഭത്തിന്റെ കർശനമായ നയങ്ങൾ ജില്ലാ പൊലീസ് മേധാവിയായ ദ്വിവേദി സ്ഥിരീകരിച്ചു. കൂടാതെ മേളയുടെ ഗ്രൗണ്ടിൽ സസ്യേതര ഭക്ഷണമോ മദ്യമോ അനുവദിക്കില്ലെന്ന് പറഞ്ഞു. പൊലീസ് മെസ്സിലുള്ള ഭക്ഷണം പൂർണമായും സസ്യാഹാരമാണെന്നും ഭക്തരുടെ വിശ്വാസത്തെ മാനിക്കുന്ന രീതിയിൽ പ്രവർത്തിക്കാൻ എല്ലാ ഉദ്യോഗസ്ഥരോടും നിർദേശിച്ചിട്ടുണ്ടെന്നും ദ്വിവേദി പറഞ്ഞു.
ഇതുവരെ 1500 പൊലീസുകാർ പരിശീലനം പൂർത്തിയാക്കി. മേള തുടങ്ങുമ്പോഴേക്കും 40,000 പേർ അഭ്യാസം പൂർത്തിയാക്കും. 21 ദിവസത്തെ മൊഡ്യൂളിൽ ഒരേസമയം 700 പൊലീസുകാർ പരിശീലനം നേടുന്നുണ്ടെന്ന് പരിപാടിയുടെ ചുമതലയുള്ള അതുൽ കുമാർ സിങ് പറഞ്ഞു.
മേളയിലേക്ക് നിയോഗിക്കപ്പെടുന്ന മഥുരയിൽ നിന്നുള്ള ഹെഡ് കോൺസ്റ്റബിൾ സതീഷ് കുമാർ യാദവിനെപ്പോലുള്ള ഉദ്യോഗസ്ഥർ പരിശീലനത്തെ പ്രശംസിച്ചു. മാന്യമായ പെരുമാറ്റത്തിന്റെ പ്രാധാന്യവും ദുരിതസമയത്ത് ഭക്തരെ എങ്ങനെ സഹായിക്കാമെന്നും പഠിച്ചു. സൈബർ കുറ്റകൃത്യങ്ങൾ തടയൽ തുടങ്ങിയ വിഷയങ്ങളും പരിശീലനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും സതീഷ് കുമാർ പറഞ്ഞു.
നാഷണൽ പൊലീസ് അക്കാദമിയിൽനിന്ന് വിദഗ്ധ നിർദേശങ്ങളും സേനക്ക് ലഭിക്കുന്നുണ്ട്. അവിടെ പരിശീലനം ലഭിച്ച ഉദ്യോഗസ്ഥർ ഇപ്പോൾ പരിശീലകരെ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്. അവർ വലിയ പൊലീസ് സംഘത്തെ മേളയിൽ തങ്ങളുടെ റോളിനായി സജ്ജമാക്കുന്നതായും അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.