ന്യൂഡൽഹി: ഏറെ നിർണായകമായ നീക്കത്തിൽ കേന്ദ്ര സർക്കാർ ആധാർ ചട്ടം ഭേദഗതി ചെയ്തു. പുതിയ ഭേദഗതിയോടെ ആധാർ കാർഡിനായി സമർപ്പിച്ച അനുബന്ധ രേഖകളും വിവരങ്ങളും ഓരോ 10 വർഷം കൂടുമ്പോഴും നിർബന്ധമായും പുതുക്കണം. വ്യാഴാഴ്ച ഇതുസംബന്ധിച്ച ഗസറ്റ് വിജ്ഞാപനം കേന്ദ്ര ഇലക്ട്രോണിക് വിവര സാങ്കേതികവിദ്യ മന്ത്രാലയം പുറത്തിറക്കി.
ആധാർ കിട്ടി 10 വർഷമായാൽ അതിലെ വിവരങ്ങൾ തെളിവോടുകൂടി പുതുക്കണമെന്ന് വിജ്ഞാപനം വ്യക്തമാക്കുന്നു. 10 വർഷം കൂടുമ്പോൾ ആളെ തിരിച്ചറിയാനുള്ള രേഖയും വിലാസം തെളിയിക്കാനുള്ള രേഖയും ഇതിനായി സമർപ്പിക്കണമെന്നും വിജ്ഞാപനത്തിലുണ്ട്. ആധാറിലെ വിവരങ്ങൾ എല്ലാ പൗരന്മാരും പുതുക്കണമെന്ന് യു.ഐ.ഡി.എ.ഐ (യുനീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ) കഴിഞ്ഞ മാസം ആവശ്യപ്പെട്ടിരുന്നു. ആ വിവരങ്ങൾ തെളിയിക്കാനാവശ്യമായ അനുബന്ധ രേഖകൾ പുതുക്കാനും അവർ ആവശ്യപ്പെട്ടു. ആധാർ വെബ്സൈറ്റിൽ രേഖകൾ പുതുക്കുന്നതിനുള്ള പുതിയ ക്രമീകരണം തുടങ്ങുകയും ചെയ്തു. ആധാർ എൻറോൾമെന്റ് കേന്ദ്രത്തിനു പുറമെ 'മൈആധാർ' (myAadhar) പോർട്ടലിലും ആപ്പിലും ഇതിനുള്ള സംവിധാനമൊരുക്കി. ഇത് നിർബന്ധമായിരുന്നില്ല. എന്നാൽ, പുതിയ കേന്ദ്ര വിജ്ഞാപനത്തോടെ ആധാർ എടുത്ത ഓരോ പൗരനും വിവരങ്ങൾ പുതുക്കാനും ബാധ്യസ്ഥരായി.
ആധാർ നിർബന്ധമാക്കരുതെന്ന സുപ്രീംകോടതി വിധിക്കുശേഷവും ക്രമാനുഗതമായി ആധാറിനെ പാൻ കാർഡ്, ബാങ്ക് അക്കൗണ്ട് തുടങ്ങി ഒരു വ്യക്തിയുടെ പ്രധാനപ്പെട്ട എല്ലാ രേഖകളുമായും ബന്ധിപ്പിച്ചുകൊണ്ടിരിക്കുകയാണ് കേന്ദ്ര സർക്കാർ. ഏറ്റവുമൊടുവിൽ ആധാറിനെ വോട്ടർ തിരിച്ചറിയൽ കാർഡുമായി ബന്ധിപ്പിച്ചുതുടങ്ങിയിട്ടുണ്ട്.
ഇന്ത്യൻ പാസ്പോർട്ടുള്ള പ്രവാസി ഇന്ത്യക്കാരെയും ആധാർ കാർഡ് എടുക്കാൻ യു.ഐ.ഡി.എ.ഐ പ്രോത്സാഹിപ്പിക്കുന്നുണ്ട്. പ്രവാസി ഇന്ത്യക്കാർ തങ്ങളുടെ പാസ്പോർട്ടിലെ വ്യക്തിഗത വിവരങ്ങളും വിലാസവുമായിരിക്കണം ആധാറിൽ നൽകേണ്ടതെന്നും അതോറിറ്റി വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.