ലഖ്നോ: ഉത്തർപ്രദേശ് സമാനതകളില്ലാത്ത രീതിയിൽ കോവിഡിന്‍റെ രണ്ടാം തരംഗത്തെ നേരിട്ടുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്വന്തം മണ്ഡലമായ വാരാണസി സന്ദർശിക്കുന്നതിനിടെയായിരുന്നു മോദിയുടെ പ്രതികരണം.
കോവിഡ് രണ്ടാംതരംഗത്തിന്‍റെ കൊടുമുടിയിൽ യു.പിയിലെ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം 30,000ആയിരുന്നു. എങ്കിലും കോവിഡിനെതിരെ നിവർന്നുനിർന്ന് കാര്യക്ഷമമായി പോരാടി. മഹാമാരിയെ കൈകാര്യം ചെയ്ത രീതി പ്രശംസക്ക് അർഹമാണെന്നും മോദി പറഞ്ഞു.
'യു.പി നിവർന്നുനിന്ന് വൈറസിനെ കാര്യക്ഷമമായി കൈകാര്യം ചെയ്തു. ഇന്ത്യയിൽ ജനസംഖ്യ ഏറ്റവും ഉയർന്ന സംസ്ഥാനമാണ് യുപി അതിനാൽ മഹാമാരിയെ നിയന്ത്രിച്ച രീതി പ്രശംസക്ക് അർഹമാണ്. സമാനതകളില്ലാത്ത രീതിയിൽ യു.പി കോവിഡിന്‍റെ രണ്ടാംതരംഗത്തെ നേരിട്ടു' -മോദി പറഞ്ഞു.
സംസ്ഥാനത്തെ ആരോഗ്യപ്രവർത്തകരോടും മുൻനിര പ്രവർത്തകരോടും മോദി ആദരവ് രേഖപ്പെടുത്തുകയും ചെയ്തു. കൂടാതെ വാക്സിനേഷന്റെ എണ്ണത്തിലും യു.പിയെ പ്രശംസിച്ചു. കോവിൻ പ്ലാറ്റ്ഫോമിലുടെ കണക്കുകൾ പ്രകാരം 3.89കോടി പേർ യു.പിയിൽ വാക്സിൻ സ്വീകരിച്ചിട്ടുണ്ട്.
മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും സർക്കാറിനും കാൻവാർ യാത്രയുമായി ബന്ധപ്പെട്ട് സുപ്രീംകോടതി നോട്ടീസ് അനുവദിച്ചതിന് പിന്നാലെയാണ് ഭരണകൂടത്തെ പ്രശംസിച്ചുള്ള മോദിയുടെ പ്രസംഗം. കോവിഡിനെ കൈകാര്യം ചെയ്യുന്ന രീതിയിൽ യു.പി സർക്കാറിനെതിരെ വിമർശനം ശക്തമായിരുന്നു. ഗംഗയിലൂടെ കോവിഡ് ബാധിതരുടെ മൃതദേഹം ഒഴുകിനടന്നതുൾപ്പെടെ വാർത്തകളിൽ നിറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.