മുംബൈ: സംസ്ഥാനത്ത് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പാർട്ടിയോ, പ്രതിപക്ഷ സഖ്യമായ മഹാ വികാസ് അഘാഡിയോ (എം.വി.എ) ഒരു മുസ്ലിം സ്ഥാനാർഥിയെയും മത്സരിപ്പിക്കാത്തതിൽ നിരാശ പ്രകടിപ്പിച്ച് മഹാരാഷ്ട്ര പാർട്ടി വർക്കിങ് പ്രസിഡന്‍റ് നസീം ഖാൻ. താൻ പ്രചാരണത്തിൽനിന്ന് പിന്മാറുകയാണെന്ന് അദ്ദേഹം എ.ഐ.സി.സി പ്രസിഡന്‍റ് മല്ലികാർജുൻ ഖാർഗെയെ അറിയിച്ചു.
ലോക്‌സഭാ തെരഞ്ഞെടുപ്പിന്‍റെ ശേഷിക്കുന്ന ഘട്ടങ്ങളിൽ പാർട്ടി സ്ഥാനാർഥികൾക്കായി പ്രചാരണത്തിനില്ലെന്നും സംസ്ഥാന കോൺഗ്രസ് പ്രചാരണ സമിതിയിൽനിന്ന് രാജിവെക്കുകയാണെന്നും നസീം ഖാർഗെക്ക് അയച്ച കത്തിൽ വ്യക്തമാക്കി.
"കോൺഗ്രസ് പാർട്ടിയുടെ ഈ അന്യായമായ തീരുമാനത്തിൽ ഞാനും അസ്വസ്ഥനാണ്. മുമ്പ്, ഗുജറാത്ത്, ഗോവ, കർണാടക, തെലങ്കാന, പശ്ചിമ ബംഗാൾ, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ പാർട്ടി തെരഞ്ഞെടുപ്പ് ചുമതല നൽകിയപ്പോഴെല്ലാം അത് ഭംഗിയായി നിർവഹിച്ചു. മഹാരാഷ്ട്രയിലെ മുസ്ലിംകളും അവരുടെ സംഘടനകളും ഇത്തരം പ്രശ്‌നങ്ങൾ ഉന്നയിക്കുമ്പോൾ എനിക്ക് ഉത്തരമില്ല. അതിനാൽ 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് വേണ്ടി പ്രചാരണം നടത്തേണ്ടതില്ലെന്ന് തീരുമാനിച്ചു" -അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് പ്രധാന ഘടകകക്ഷിയായ മഹാ വികാസ് അഘാഡി (എം.വി.എ) 48 ലോക്‌സഭാ സീറ്റുകളുള്ള മഹാരാഷ്ട്രയിൽ ഒരു മുസ്ലിം സ്ഥാനാർഥിയെപ്പോലും നോമിനേറ്റ് ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്രയിലുടനീളമുള്ള നിരവധി മുസ്ലിം സംഘടനകളും നേതാക്കളും പാർട്ടി പ്രവർത്തകരും ന്യൂനപക്ഷ സമുദായത്തിൽ നിന്ന് ഒരു സ്ഥാനാർഥിയെയെങ്കിലും കോൺഗ്രസ് നോമിനേറ്റ് ചെയ്യുമെന്ന് പ്രതീക്ഷിച്ചിരുന്നതായും പക്ഷേ നിർഭാഗ്യവശാൽ അതുണ്ടായില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കോൺഗ്രസിന് മുസ്ലിം വോട്ടുകൾ വേണം എന്നാൽ എന്തുകൊണ്ടാണ് ഒരു മുസ്ലിം സ്ഥാനാർഥിയെ പരിഗണിക്കാത്തത് എന്നാണ് അവർ ചോദിക്കുന്നതെന്ന് നസീം ഖാൻ പറഞ്ഞു.
എല്ലാവരെയും ഉൾക്കൊള്ളാനാകുന്ന പ്രത്യയശാസ്ത്രത്തിൽ നിന്ന് കോൺഗ്രസ് വ്യതിചലിച്ചതായി തോന്നുന്നുവെന്ന് ഖാൻ മാധ്യമങ്ങളോട് പറഞ്ഞു. മഹാരാഷ്ട്രയിൽ തെരഞ്ഞെടുപ്പിന് ടിക്കറ്റ് നൽകുമ്പോൾ കോൺഗ്രസ് എന്തുകൊണ്ടാണ് തങ്ങളെ അവഗണിച്ചതെന്ന് ചോദിച്ച് ന്യൂനപക്ഷങ്ങളെ പ്രതിനിധീകരിക്കുന്ന സംഘടനകളിൽ നിന്നും പാർട്ടി പ്രവർത്തകരിൽ നിന്നും ഫോൺകോളുകൾ വന്നിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
നസീം ഖാൻ മുംബൈ നോർത്ത് സെൻട്രലിൽനിന്ന് മത്സരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും പാർട്ടി സിറ്റി യൂനിറ്റ് പ്രസിഡന്‍റ് വർഷ ഗെയ്‌ക്‌വാദിനെയാണ് പരിഗണിച്ചത്. 2019ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മുംബൈയിലെ ചാന്ദിവാലിയിൽ നിന്ന് 409 വോട്ടുകൾക്ക് ഖാൻ പരാജയപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.